എഡിറ്റര്‍
എഡിറ്റര്‍
‘രണ്ടോ മൂന്നോ സെന്റ് കയ്യേറേണ്ട ആവശ്യം എനിക്കില്ല’; സര്‍ക്കാര്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയതെന്ന് തെളിഞ്ഞാല്‍ മണ്ണ് മാറ്റാന്‍ തയ്യാറെന്ന് തോമസ് ചാണ്ടി
എഡിറ്റര്‍
Saturday 23rd September 2017 2:59pm

കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ പറ്റില്ലെന്നും ചാണ്ടി വ്യക്തമാക്കി.

12വര്‍ഷമായി കൃഷി ചെയ്യുന്ന ഭൂമിയാണെന്നും ഇതുവരേയും ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നും തോമസ് ചാണ്ടി പറയുന്നു. രണ്ടോ മൂന്നോ സെന്റ് കയ്യേറേണ്ട ആവശ്യം തനിക്കില്ലെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് മണ്ണിട്ട് മൂടിയതെന്ന് തെളിഞ്ഞാല്‍ മണ്ണ് മാറ്റിക്കൊള്ളാമെന്നും ചാണ്ടി പറഞ്ഞു.

നേരത്തെ, തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് ചാണ്ടി ആരോപിച്ചിരുന്നു. കരഭൂമിയായി തീറാധാരമുളള സ്ഥലമാണ് നികത്തിയത്. മാര്‍ത്താണ്ഡം കായലില്‍ നികത്തിയത് രേഖകളുളള കരഭൂമി. വഴിയില്‍ മണ്ണിട്ടത് മാറ്റാന്‍ തയാറാണ്. വഴി ഏതാണെന്ന് സര്‍ക്കാര്‍ കാണിച്ചുതന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.


Also Read: വിവാദ അഭിമുഖം: സെന്‍കുമാറിനെ പ്രതിയാക്കിയതില്‍ അത്ഭുതം പ്രകടിപ്പിച്ച് കോടതി


കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

ആലപ്പുഴ നഗരസഭയില്‍നിന്നും ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും നഗരസഭയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Don’t Miss:  ‘ജയിലില്‍ ആകെ ലഭിച്ച 15 മിനിട്ടില്‍ ദിലീപും താനും പൊട്ടിക്കരഞ്ഞു’; അവസരം കിട്ടിയാല്‍ ഇനിയും ദിലീപിനെ ജയിലില്‍ പോയി കാണുമെന്ന് ഹരിശ്രീ അശോകന്‍


നേരത്തെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍ ചാണ്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.

തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു വി.എസിന്റെ പ്രതികരണം.

Advertisement