എഡിറ്റര്‍
എഡിറ്റര്‍
ചാണ്ടിച്ചായന്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല പ്രതിഭാസം; തോമസ് ചാണ്ടിയെ കുറിച്ച് ജയശങ്കര്‍
എഡിറ്റര്‍
Saturday 1st April 2017 9:43am

തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍.

കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്നും കരകയറ്റും എന്നും അതിന് ശേഷം മറ്റുകാര്യങ്ങള്‍ ആലോക്കുമെന്നാണ് അച്ചായന്റെ പ്രഖ്യാപനമെന്നും വേണ്ടിവന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെയും എയര്‍ ഇന്ത്യയുടെയും വരെ നഷ്ടം ചാണ്ടിച്ചായന്‍ നികത്തികൊടുക്കുമെന്നും ജയശങ്കര്‍ പറയുന്നു.

പത്തുമാസം മുന്‍പ് ചാണ്ടിച്ചായന്റെ പേര് പരിഗണിച്ചപ്പോള്‍ ഇയാള്‍ മുതലാളിയാണ് എന്നുപറഞ്ഞു മാറ്റിനിര്‍ത്തിയവര്‍ക്ക് ഇനി അതിയാനെ മന്ത്രിയാക്കാതിരിക്കാന്‍ പറ്റത്തില്ലെന്നും ചാണ്ടിച്ചായന്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല പ്രതിഭാസമാണെന്നും ജയശങ്കര്‍ പറഞ്ഞുവെക്കുന്നു.

മംഗളം മാപ്പുപറഞ്ഞെങ്കിലും ശശീന്ദ്രന്റെ പാപം പൊറുക്കാന്‍ മുഖ്യമന്ത്രിയോ മുന്നണിയോ തയ്യാറായിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണത്തിലും പോലീസ് അന്വേഷണത്തിലും അഗ്‌നിശുദ്ധി തെളിയിച്ചശേഷമേ അദ്ദേഹത്തിന് മന്ത്രിമന്ദിരത്തിലും സ്റ്റേറ്റ് കാറിലും പ്രവേശനം അനുവദിക്കൂവെന്നും ജയശങ്കര്‍ പറയുന്നു.

ഒരുകാലത്തു ഇദ്ദേഹത്തെയും ഏഷ്യാനെറ്റിലുണ്ടായിരുന്ന (ഇപ്പോള്‍ ജയ് ഹിന്ദിലുണ്ടെന്നു കരുതപ്പെടുന്ന) കെ.പി.മോഹനനെയും കുറിച്ചു ഒട്ടും അഭിനന്ദനപരമല്ലാത്ത ഒരുപാട് വാര്‍ത്തകള്‍ ദേശാഭിമാനി പത്രത്തില്‍ വന്നതാണ് പിന്നീട് കരുണാകരന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിച്ചപ്പോള്‍ പേയ്‌മെന്റ് സീറ്റാണ് എന്നും അവര്‍ പള്ളുപറഞ്ഞു.

പക്ഷെ അച്ചായന്‍ അതിനെയുമൊക്കെ അതിജീവിച്ചു. കുട്ടനാട്ടില്‍ അഞ്ചുതവണ ജയിച്ച ഡോ.കെ.സി.ജോസഫ് അച്ചായന് മുന്നില്‍ അടിയറവു പറഞ്ഞു; അതും അതിഭയങ്കര വി.എസ്.തരംഗത്തിനിടയില്‍. കരുണാകരന്റെ ഡിക് എന്‍.സി.പി.യില്‍ ലയിച്ചപ്പോള്‍ ചാണ്ടിച്ചായനും എന്‍.സി.പി.ആയി.

കരുണാകരനും മുരളിയും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയപ്പോള്‍ അച്ചായന്‍ പോയില്ല പുള്ളി എന്‍.സി.പി.കാരനായി നെഞ്ചുവിരിച്ചു നടന്നു. അങ്ങനെ 2006 ലെ പേയ്‌മെന്റ് സീറ്റ് 2011 ല്‍ മെറിറ്റ് സീറ്റ് ആയി മാറി. 2016 ലും അച്ചായന്‍ മെറിറ്റ് സീറ്റില്‍ തന്നെ മത്സരിച്ചു ജയിച്ചു. ഇപ്പോഴിതാ മന്ത്രിയുമാകുന്നു. അച്ചായന് വിജയാശംസകള്‍ നേരുന്നു. ശശീന്ദ്രന്റെ നഷ്ടം ട്രാന്‍സ്‌പോര്‍ട് വണ്ടിയുടെ ലാഭമായി മാറട്ടെയെന്നും ജയശങ്കര്‍ പറയുന്നു.

Advertisement