തൊടുപുഴയിലെ കുട്ടിയുടെ ചികിത്സ വൈകിപ്പിക്കാന്‍ അരുണ്‍ ആനന്ദ് ശ്രമിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Crime
തൊടുപുഴയിലെ കുട്ടിയുടെ ചികിത്സ വൈകിപ്പിക്കാന്‍ അരുണ്‍ ആനന്ദ് ശ്രമിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 8:54 pm

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴു വയസുകാരന് വിദഗ്ധ ചികിത്സ വൈകിപ്പിക്കാന്‍ പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. കുട്ടിയെ ആദ്യം എത്തിച്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അരുണും കുട്ടിയുടെ അമ്മയും ഡോക്ടര്‍മാരുമായി വഴക്കിട്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതര്‍ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുണ്‍ എതിര്‍ക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരും പരിഗണിച്ചില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിളിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാനായി ഇവരെ ആംബുലന്‍സിലേക്ക് കയറ്റിയത്.

തൊടുപുഴയിലെ കുട്ടിയുടെ മരണ കാരണം തലക്കേറ്റ ക്ഷതം തന്നെയെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലാണ് മരണ കാരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടല്‍. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭ്യമാകൂ.

പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 11.35-നാണ് മരണപ്പെട്ടത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.