എഡിറ്റര്‍
എഡിറ്റര്‍
എനിക്ക് തോന്നുമ്പോള്‍ വിരമിക്കും; ആരുടെയും ഉപദേശം വേണ്ട: സച്ചിന്‍
എഡിറ്റര്‍
Monday 26th March 2012 10:00am

മുംബൈ: ‘ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. കളി തുടങ്ങിയത് എന്റെ തീരുമാനത്തിലാണ്. കളി അവസാനിക്കലും അങ്ങിനെ തന്നെയാവട്ടെ’ നൂറില്‍ നൂറും നേടി ക്രിക്കറ്റിന്റെ ഉന്നതിയിലെത്തി നില്‍ക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാസങ്ങളായി തന്റെ വിരമിക്കലിനെ കുറിച്ച് വേവലാതിപ്പെടുന്ന മുന്‍ താരങ്ങള്‍ക്കും വിമര്‍ശകര്‍ക്കും വായടപ്പന്‍ മറുപടിയാണ് നല്‍കുന്നത്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ സച്ചിന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് തന്റെ വിരമിക്കലിനെക്കുറച്ചുള്ള ചോദ്യങ്ങള്‍ കടുത്ത മറുപടി നല്‍കിയത്.

ഇപ്പോള്‍ കളിയുടെ ഉന്നതിയിലെത്തി നില്‍ക്കെ വിരമിക്കുന്നത് സ്വാര്‍ത്ഥമായ തീരുമാനമാവും. ഏറ്റവും ഉന്നതിയില്‍ നില്‍കുമ്പോഴാണ് രാജ്യത്തിന് നമ്മളെ ആവശ്യമുള്ളത്. അരങ്ങേറ്റം കുറിച്ചപ്പോഴുള്ള അതേ മാനസികാവസ്ഥയിലാണ് ഇപ്പോഴും കളിക്കുന്നത്. ഓരോ മത്സരവും ആസ്വദിക്കുന്നതില്‍ പഴയ പതിനാറുകാരന്റെ അതേ മനോനിലയാണ് എനിക്ക് ഇപ്പോഴുള്ളത്-സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

2015 ലെ ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കാണുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രവചനം നടത്താന്‍ ഒരുക്കമല്ലെന്നും എന്നാല്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നുമായിരുന്നു മുപ്പത്തെട്ടുകാരനായ സച്ചിന്റെ മറുപടി.

ഒരു മണിക്കൂറോളം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച സച്ചിന്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. എനിക്കിനി സ്വപ്നങ്ങളൊന്നുമില്ല. രണ്ട് വലിയ സ്വപ്‌നങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്. ഒന്ന് ഇന്ത്യക്ക് വേണ്ടി കളിക്കുക, മറ്റൊന്ന് ലോകകപ്പ് സ്വന്തമാക്കുക. രണ്ടും സാക്ഷാത്കരിച്ചു-സചിന്‍ പറഞ്ഞു.

തന്റെ 100-ാം സെഞ്ച്വറിയെന്ന നേട്ടം മറികടക്കുന്നുവെങ്കില്‍ അത് അത് ഇന്ത്യക്കാരനായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സച്ചിന്‍ പറഞ്ഞു. നൂറാം സെഞ്ചുറിക്കു വേണ്ടിയുള്ള കാത്തിരിപ്പു നീണ്ടുപോയല്ലേ എന്ന ചോദ്യത്തിന്, ഒരു വര്‍ഷമല്ലേ കാത്തിരുന്നുള്ളൂ, ലോകകപ്പ് നേടാന്‍ 22 വര്‍ഷം കാത്തിരുന്നല്ലോ എന്നായിരുന്നു സച്ചിന്റെ മറുപടി.

Malayalam News

Kerala News in English

 

Advertisement