നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്; ഉമ്മന്‍ ചാണ്ടിയെ മറയാക്കി പിന്നില്‍ ഒളിക്കരുത്; ചെന്നിത്തലക്കെതിരെ തിരുവഞ്ചൂര്‍
Kerala
നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്; ഉമ്മന്‍ ചാണ്ടിയെ മറയാക്കി പിന്നില്‍ ഒളിക്കരുത്; ചെന്നിത്തലക്കെതിരെ തിരുവഞ്ചൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2021, 4:01 pm

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതില്‍ ചെന്നിത്തല പശ്ചാത്തപിക്കും എന്നാണ് കരുതുന്നത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്ന് മനസിലാക്കിയാല്‍ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയം ഡി.സി.സി ഓഫീസില്‍ നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങള്‍.

തര്‍ക്കങ്ങള്‍ അതിന്റെ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞ് തീര്‍ക്കണം. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ല. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. എല്ലാ പാര്‍ട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. പ്രവര്‍ത്തകരുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.

ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് രമേശ് പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല. പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത്. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുകയല്ല വേണ്ടത്.

കോണ്‍ഗ്രസ് ഇത്രയും ദുര്‍ബലമായിരിക്കുന്ന കാലത്ത് പിന്നെയും പക വെച്ചുപുലര്‍ത്തുന്നത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ്. ഹൈക്കമാന്‍ഡിലും ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thiruvanjoor Radhakrishnan Criticise Ramesh Chennithala