എഡിറ്റര്‍
എഡിറ്റര്‍
ബിജുവിനെതിരായ പല കേസുകളും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒതുക്കി തീര്‍ത്തു: തിരുവഞ്ചൂര്‍
എഡിറ്റര്‍
Tuesday 18th June 2013 12:17pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: പ്രതിപക്ഷകക്ഷികള്‍ക്കെതിരെ പ്രത്യാരോപണവുമായി സര്‍ക്കാര്‍.

സോളാര്‍ പാനല്‍ കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണനും ഭാര്യ സരിതയ്ക്കുമെതിരായ പല കേസുകളും എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Ads By Google

ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തശേഷം പല സത്യങ്ങളും പുറത്തുവരുമെന്ന ഭയപ്പാടാണ് പ്രതിപക്ഷത്തെ ഇപ്പോള്‍ അസാധാരണ നടപടിയിലേക്ക് നയിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ബിജുവിനെ 2009 ലും 2010 ലും 2011 ലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയതുറ പോലീസ് സ്‌റ്റേഷനിലും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലും കേസ് ഉണ്ടെങ്കിലും അതൊന്നും മുന്നോട്ട് പോയില്ല.

9-7- 07 ല്‍ 40 ലക്ഷം രൂപ ബിജു രാധാകൃഷ്ണന്‍ തട്ടിയെന്ന് കാണിച്ച് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ഒരാള്‍ സങ്കട ഹരജി നല്‍കി. എന്നാല്‍ ആഭ്യന്തര മന്ത്രി അതില്‍ കാര്യമായ നടപടി എടുത്തില്ല. അദ്ദേഹം അത് നേരെ സ്റ്റേറ്റ് പോലീസ് ചീഫിന് അയച്ചുകൊടുത്തു. അദ്ദേഹം അത് ആലപ്പുഴ ജില്ലാ പോലീസ് എസ്.പിക്കും കൈമാറി. പിന്നെ രണ്ട് കൊല്ലക്കാലം ആ കേസ് വെളിച്ചം കണ്ടില്ല.

തട്ടിപ്പ് കേസില്‍ 11-1-2010ല്‍ ബിജുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 4 ദിവസം ജയിലില്‍ കിടന്നു. മൂന്നര മാസം ജയിലിലും കിടന്നു. എന്നാല്‍ ബിജുവിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസ് മാത്രം പോലീസ് അന്വേഷിച്ചില്ല.

എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 25-5-11 ല്‍ അത് കൊലപാതകക്കേസ് ആക്കി മാറ്റി. ഇപ്പോള്‍ ബിജുവിനെ ആ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.  ഇത്രയും വേഗത്തില്‍ കേസ് കൊണ്ടുപോയിട്ടും എന്തിന് വേണ്ടിയാണ് പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല.

നിക്ഷിപ്ത താത്പര്യക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്.

ഇന്നലെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ വീര്യം കൂടിയ ഗ്രനേഡ് ഉപയോഗിച്ചു എന്നാണ് പറയുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലും ശത്രുക്കള്‍ക്ക് നേരെ എറിയുന്ന ഗ്രനേഡ് ആണെന്നാണ് ആരോപണം.

എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഈ ഗ്രനേഡ് വാങ്ങിച്ചതെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. 24-6-11 ല്‍ സെക്രട്ടേറിയറ്റിലേക്കും യൂണിവേഴ്‌സിറ്റിയിലേക്കും നടത്തിയ മാര്‍ച്ചില്‍ ഇതേ ഗ്രനേഡ് തന്നെയാണ് അന്ന് കോടിയേരിയുടെ പോലീസ് ഉപയോഗിച്ചത്.

പോലീസിന് നേരെ ഓടിവന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇന്നലെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. അതിനെതിരെയാണ് ഇന്നലത്തെ അവരുടെ പ്രക്ഷോഭം മുഴുവന്‍. ഇതൊക്കെ എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇന്നലെ ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ കേരളാ പോലീസിന് വിട്ടുകൊടുക്കരുത് അവര്‍ എന്നെ കൊല്ലും എന്നാണ് പറഞ്ഞത്.

അതിനര്‍ത്ഥം പണ്ട് അദ്ദേഹത്തിന് കേരളാ പോലീസിന്റെ താങ്ങും തണലും ലഭിച്ചിരുന്ന് എന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ എല്ലാവിധ സഹായവും ലഭിച്ചിരുന്നു   എന്നാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement