എഡിറ്റര്‍
എഡിറ്റര്‍
ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് അറിവുള്ളവര്‍ തന്നെ അത് പറയെട്ടെ; തനിക്കൊന്നുമറിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എഡിറ്റര്‍
Thursday 12th October 2017 2:24pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് അറിവുള്ളവര്‍തന്നെ അതിനെ കുറിച്ച് പറയട്ടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

തന്റെ അറിവില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടിപി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്.

അന്വേഷണം പൂര്‍ണമായില്ലെന്നു പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളര്‍ കേസെന്നുമായിരുന്നു വി.ടി. ബല്‍റാമിന്റെ വിമര്‍ശനം.

സത്യസന്ധമായാണ് ടിപി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. ഏതു കേസിലും തെളിവുണ്ടെങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്കു കോടതിയെ സമീപിച്ചുകൂടെയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

സോളര്‍ കേസില്‍ സര്‍ക്കാരിന്റേത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കുമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കുന്നതിനായി തനിക്കു കീഴിലെ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചുവെന്നായിരുന്നു സോളര്‍ കമ്മിഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisement