എഡിറ്റര്‍
എഡിറ്റര്‍
വി.എസ് സ്വന്തം വീട്ടില്‍ പോയി കരണത്തടിക്കട്ടെ: തിരുവഞ്ചൂര്‍
എഡിറ്റര്‍
Sunday 23rd June 2013 7:00am

thiruvanchoor-radhakrishnan

കോട്ടയം: തന്നെ കരണത്തടിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വന്തം വീട്ടില്‍ പോയി അടിക്കട്ടേയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

വീട്ടില്‍ പോയി വി.എസ് അടിച്ചിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങളും പാര്‍ട്ടികളും ചില പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടുമായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Ads By Google

കോട്ടയം ഡി.സി.സിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവേയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. സോളാര്‍ വിഷയത്തിലെ തിരുവഞ്ചൂരിന്റെ സമീപനത്തിന് നിയമസഭയിലായതിനാലും കൈയ്യെത്താത്ത ദൂരത്തായതിനാലുമാണ് അടികിട്ടാത്തതെന്നായിരുന്നു വി.എസ് പറഞ്ഞത്.

വി.എസ്സിന്റെ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും വി.എസ് പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സോളാര്‍ തട്ടിപ്പിന്റെ ആരംഭമെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനായിരുന്നു വി.എസ്സിന്റെ പ്രതികരണം.

സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് മുഖത്ത് നോക്കി സത്യം വിളിച്ച് പറയേണ്ട ദിവസം വരും. കേസ് അന്വേഷണം കഴിയുമ്പോള്‍ പ്രതിപക്ഷത്തിന് കാര്യങ്ങള്‍ ബോധ്യമാകും.

ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കി ഭരണം അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം വിജയിക്കില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയുടെ കൊലപാതകത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

2009ല്‍നടന്ന കൊലപാതകത്തില്‍ 2013 ല്‍ മെയ് 25ന് യു.ഡി.എഫ് സര്‍ക്കാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണെന്ന കോടിയേരിയുടെ വാദം തെറ്റാണ്. 2008 ഒക്ടോബര്‍ 27ന് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ രേഖകള്‍ കോടിയേരിക്ക് കൈമാറാന്‍ തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടി.പി വധക്കേസിലെ ക്വട്ടേഷന്‍ സംഘത്തിനും പാര്‍ട്ടിനേതാക്കള്‍ക്കും വേണ്ടി ഒരേ അഭിഭാഷകരാണ് കോടതിയില്‍ ഹാജരാകുന്നത്. കേസിന്റെ വിസ്താരം ജുലൈയില്‍ പൂര്‍ത്തിയാകും. അതിന് മുമ്പ് യു.ഡി.എഫ് സര്‍ക്കാറിനെ മറിച്ചിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Advertisement