പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
Kerala News
പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 7:47 am

റാന്നി: പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് അറസ്റ്റിലായത്.

പിതാവ് ഉപേക്ഷിച്ചതിന് ശേഷം പെണ്‍കുട്ടിയും അമ്മയും രണ്ട് സഹോദരിമാരും വാടകവീട്ടിലാണ് താമസം. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഷിജു ഇവരുടെ വീട്ടിലെത്താറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞ് പെണ്‍കുട്ടി ഒറ്റക്കാവുന്ന സമയത്ത് ഇയാള്‍ വീട്ടിലെത്താറുണ്ടായിരുന്നു. ഫെബ്രുവരി 27ന് അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഇക്കഴിഞ്ഞ 8ന് ഷിജു വീണ്ടും പെണ്‍കുട്ടിയെ കടന്നുപിടിച്ചു.

ലൈംഗിക ചുവയോട് സംസാരിക്കുകയും, കുട്ടിയെ ഫോണില്‍ വിളിച്ച് അസംഭ്യം പറയുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതോടെ പെണ്‍കുട്ടി ഇക്കാര്യം തന്റെ അധ്യാപികയെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരാണ് ഷിജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ വിവരങ്ങള്‍ അറിഞ്ഞത്. തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഷിജു തന്നെ ബൈക്കില്‍ കയറ്റി സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നെന്നും ഇതിന് അമ്മ പ്രേരിപ്പിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷിജുവിനെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Content Highlights: Thirteen-year-old tortured; Mother’s friend arrested