സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
Entertainment news
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th October 2021, 7:10 pm

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ സിനിമയായി തെരഞ്ഞടുക്കപ്പെട്ട ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ സിനിമ ഇരുപത്തഞ്ചാമത് ഐ.എഫ്.എഫ്.കെയിലും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.

സെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി., അര്‍ജുന്‍ അശോകന്‍, അര്‍പ്പിത് ഹെഗ്ഡെ, മനോജ് കെ. യു., രഞ്ജി കന്‍കോല്‍, സജിന്‍ ചെറുകയില്‍ , സുനില്‍ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഭാഷകൊണ്ടും അവതരണം കൊണ്ടും മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സെന്ന ഹെഗ്ഡെ തന്നെയാണ്. ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഗ്‌ഡെയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നമത് രവീന്ദ്രനാണ്.

നിധീഷ് നാടേരിയുടെയും വിനായക് ശശികുമാറിന്റെയും വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദ് ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Thinkalazhcha Nishchayam’s  Trailer released