| Sunday, 29th January 2012, 4:42 pm

‘സരോജ്കുമാര്‍’ സൂപ്പര്‍താരങ്ങളുടെ ദുശ്ശീലങ്ങള്‍ ചോദ്യം ചെയ്യുന്നു: തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംഘടനകളുടെയും സൂപ്പര്‍താരങ്ങളുടെയും ദുശീലങ്ങള്‍ തിരക്കഥയിലൂടെ ചോദ്യം ചെയ്യാനാണ് സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ ശ്രമിച്ചതെന്ന് നടന്‍ തിലകന്‍. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പഴയ നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് സൂപ്പര്‍താരങ്ങള്‍ക്കെതിരെയും സിനിമാ സംഘടനകള്‍ക്കെതിരെയും ശക്തമായ വിമര്‍ശനമാണ് അഭിമുഖത്തില്‍ തിലകന്‍ ഉന്നയിച്ചിരിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഭയക്കുന്നതുകൊണ്ടാണ് അവരുടെ സിനിമയില്‍ അവസരം നല്‍കാത്തത്. സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് ഇപ്പോഴും തനിക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. -തിലകന്‍ പറയുന്നു. “അവര്‍ക്ക് ഭയമുണ്ടെന്നെ. തിലകന്റെ കൂടെ അഭിനയിച്ചാല്‍ നിങ്ങളെ ഓവര്‍ടെയ്ക്കു ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട് ഇവിടുത്തെയൊരു നടന്‍. മോഹന്‍ലാലിനടുത്ത്.” തിലകന്‍ പറഞ്ഞു.

ജനങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് ആസിഫലിയെ ഒതുക്കാന്‍ ശ്രമം നടക്കുന്നത്.

മകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടാണ് മമ്മൂട്ടി തന്നോട് അടുപ്പം കാണിച്ചതെന്നും തിലകന്‍ പറഞ്ഞു. “ദൂബൈയില്‍വെച്ച് കഴിഞ്ഞമാസം 24ാം തിയ്യതിയാണ് മമ്മൂട്ടിയെന്നെ കാണുന്നത്. അപ്പോള്‍ മമ്മൂട്ടിയോടി വന്ന് ചേട്ടായെന്ന് വിളിച്ചു. എന്റെ മനസില്‍ തോന്നി സോപ്പ്.”

താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെയും തിലകന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. “ക്രിക്കറ്റ് കളിക്കുന്നവര്‍ അത് ചെയ്യട്ടെ. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയുമോ മോഹന്‍ലാലിന്. സച്ചിന്റെ മേഖലയില്‍ അയാള്‍ സൂപ്പര്‍താരമാണ്. സിനിമയില്‍ ഇയാളാകട്ടെ.”

താരസംഘടനയായ അമ്മ മാഫിയാ സംഘടനയാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. സത്യം വിളിച്ചു പറഞ്ഞതിനാല്‍ ഭയപ്പെടുത്താന്‍ വേണ്ടിയാണ് തന്നെ സംഘടനകള്‍ വിലക്കിയത്. എന്നാല്‍ വിലക്കിയവരോട് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more