മഞ്ഞള്‍ക്കുറിമണമുള്ള മഹാമനുഷ്യന്‍ | മനേഷ്
Theyyam
മഞ്ഞള്‍ക്കുറിമണമുള്ള മഹാമനുഷ്യന്‍ | മനേഷ്
മനേഷ്
Saturday, 24th July 2021, 2:33 pm
പരുങ്കളിയാട്ടങ്ങളില്‍ പ്രധാനദേവതകളെ കെട്ടിയാടിയ, ഭഗവതിമാരയും വൈരജാതനെയും കെട്ടിയുറഞ്ഞാടി നാടിനും പൈതങ്ങള്‍ക്കും ഗുണം വരുത്തണേ എന്ന് അനുഗ്രഹിച്ചരുളിയ ആ മനുഷ്യന്‍ കാല്‍ഞരമ്പ് പോട്ടി വേദനയോടെ ഒരു കാല്‍ വലിച്ചുകൊണ്ടായിന്നു അവസാനകാലത്ത് നടന്നിരുന്നത്.

കടന്നുവന്ന വഴികളുടെ ഗന്ധങ്ങള്‍ കൂടി നമ്മിലിറ്റിച്ചാണ് കുളിര്‍ക്കാറ്റ് നമ്മെ തഴുകി കടന്നുപോകുക. ഒരു പക്ഷെ ഇന്നത് ഭൂതകാലക്കുളിരാകാം. ചില മനുഷ്യരും അവരുടെ ലോകവും അതുപോലെയാണ്. അങ്ങനെയുള്ള മനുഷ്യരുടെ ഓര്‍മകള്‍ തെളിയുമ്പോള്‍ ഉള്ളിലേക്ക് കയറിവരിക അവരുടെ ജീവിതം മാത്രമായിരിക്കില്ല. നനുത്ത മണമുള്ള നാടിന്റെ സാംസ്‌കാരികത കൂടിയായിരിക്കും. ആ ഭൂമികയില്‍ നിന്ന് അതിനെ കാണുമ്പോള്‍ മാത്രമായിരിക്കും നമുക്കത് ആഴത്തില്‍ അനുഭവമാവുക.

ചിങ്ങമാസത്തിലെ പുത്തരി കഴിയുമ്പോള്‍ പുന്നെല്ല് വറുത്ത് കുത്തിയ അവിലിന്റെ രസം ഉള്ളില്‍ അവശേഷിക്കും. പിന്നെയും രണ്ട് മാസക്കാലം. തുലാപ്പത്ത്. പത്താതയെന്ന് വടക്കന്‍ നാട്ടുകാര്‍ പറയുന്ന പത്താമുദയം. പത്താതയ്ക്കാണ് അമാവാസിയും. കറുത്തവാവിന് നാട്ടുനടപ്പനുസരിച്ച് വാവൂട്ട്. തറവാടുകളിലും മറ്റ് തെയ്യസ്ഥാനങ്ങളിലും അടിയന്തിരം കഴിക്കും. വാവൂട്ട് കഴിച്ച് അവരുടെ മഞ്ഞള്‍ക്കുറിയുടെ മണമുള്ള ഒരു മഹാമനുഷ്യനെ വരവേല്‍ക്കാന്‍ കാവുകളും കഴകങ്ങളും ഒരുക്കം തുടങ്ങും. തുലാപ്പത്തിനിറങ്ങിയാല്‍ അടുത്ത ഇടവപ്പാതി വരെ തെയ്യക്കാലമാണ്.

മഴ മാറിയാല്‍ പിന്നെ ചെണ്ടയുടെയും ചിലങ്കയുടെയും താളാത്മകമായ ശബ്ദത്തില്‍ തെയ്യത്തിന്റെ ചടുലത കണ്ണിലും കാതിലും ഉയിരിലും നിറക്കുന്ന ഒരു ലോകം. തെയ്യാട്ടങ്ങളുടെ നാടിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. എണ്ണയില്‍ ചാലിച്ച ചായില്യത്തില്‍ മുഖത്തെഴുതി ദൈവക്കരുവായി മാറി നാടിനെ കാക്കുന്ന തെയ്യത്തെ തീപ്പന്തങ്ങളുടെ വെളിച്ചത്തില്‍ കാണുമ്പോള്‍ ആ നാട്ടകത്തില്‍ ജീവിതം മെനയുന്നവരില്‍ ഭക്തിയും നിറവും ഒരുപോലെ തെളിയും. അതൊരുപക്ഷെ തെയ്യത്തെ ഒരു കലാരൂപമായി കാണുന്നവര്‍ക്ക് മനസ്സിലാവണമെന്നില്ല.

ഓരോ തെയ്യക്കാരനും കോലം കെട്ടിയാടാന്‍ കൃത്യമായ ദേശപരിധിയുണ്ട്. അതുപോലെ ജാതിയടിസ്ഥാനത്തിലാണ് തയ്യം കെട്ടിയാടുന്നതും. അങ്ങനെ കെട്ടിയാടുന്നവര്‍ക്കിടയില്‍ പലവിധ ആചാരപ്പേരുകളുമുണ്ട്. തെയ്യം കെട്ടി തഴക്കം വന്നവര്‍ക്ക് പട്ടും വളയും നല്‍കി ആചാരപ്പേര് വിളിച്ച് വാഴിക്കും. എന്നാല്‍ ചില ആചാര സ്ഥാനങ്ങള്‍ കുടുംബത്തിന്റെതാണ്. ഇത്തരത്തില്‍ സ്ഥാനം കൈയ്യാളുന്നവരാണ് കോലക്കാര്‍ക്കിടയിലെ പ്രമാണിമാര്‍. പ്രധാനപ്പെട്ട തെയ്യങ്ങള്‍ കെട്ടിയാടാനുള്ള അവകാശവും ഇങ്ങനെയുള്ളവര്‍ക്കാണ്.

കര്‍ണമൂര്‍ത്തിയെന്ന് പൊതുവായി വിളിക്കപ്പെടുന്ന കരുണമൂര്‍ത്തി ഒരു ആചാരപ്പേരാണ്. ആചാരം കൊള്ളുന്ന കാര്യത്തില്‍ മരുമക്കത്തായമാണ് ഇവര്‍ പിന്തുടരുന്നത്. കാസറകോട്ടെ പിലിക്കാട് വയല്‍ ഗ്രാമത്തിലെ തെക്കുംകര കുടുംബത്തിലെ കണ്ണന്‍ കരുണമൂര്‍ത്തി തെയ്യാട്ടക്കാര്‍ക്കിടയിലെ ഒരപൂര്‍വ്വതയായിരുന്നു. നീലേശ്വരം കോവിലകത്ത് നിന്നും കച്ചും ചുരികയും നല്‍കി അരിയിട്ടു വാഴിക്കുന്നതോടെയാണ് കരുണമൂര്‍ത്തിയുടെ നിയോഗം തുടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദിനൂര്‍ കൂലോത്ത് നിന്നാണ് കരുണമൂര്‍ത്തിയുടെ ആചാരം ഏല്‍ക്കുന്നത്. ജാതിയുടെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിതമായ വളരെ ശക്തമായ ശ്രേണീബന്ധം തെയ്യമുള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങളുടെ പ്രത്യേകതയായി നമുക്ക് ഇന്നും കാണാന്‍ കഴിയും.

ചുറ്റിലും പച്ചവിരിച്ച് കിടക്കുന്ന വയലുകളും കണ്ണിന് കുളിര് പകരുന്ന മറ്റ് വൃക്ഷലതാദികളും നിറഞ്ഞ പിലിക്കോട് വീത് കുന്നു മുതല്‍ കാസറഗോഡ് ജില്ലയുടെ തെക്കേ അതിര്‍ത്തി കൂടിയായ ഒളവറയിലെ നിത്യഹരിതമായ മുണ്ട്യക്കാവ് വരെ ദേശപരിധി കല്പിച്ചു കിട്ടുന്ന ഒരു തെയ്യക്കാരന്റെ സ്ഥാനപ്പേരാണ് കരുണമൂര്‍ത്തി. പത്തൊമ്പതാം വയസ്സില്‍ തൃക്കരിപ്പൂര്‍ രാമവില്യത്ത് പടക്കത്തി ഭഗവതിയുടെ കോലക്കാരനായാണ് തെക്കുംകര കണ്ണന്‍, കരുണമൂര്‍ത്തിയെന്ന സ്ഥാനം ഏല്‍ക്കുന്നത്. അള്ളട സ്വരൂപത്തിനകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഴകവും തെയ്യസ്ഥാനവുമാണിത്.

തെക്കുംകര കണ്ണന്‍ കരുണമൂര്‍ത്തി

ഇരുപത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ ആണ് രാമവില്യത്ത് പെരുങ്കളിയാട്ടം. നാല്പത്തിയൊന്ന് കോല്‍ ഉയരമുള്ള മൂന്ന് കവുങ്ങ് വെട്ടി ചെത്തിയൊതുക്കിയാണ് പടക്കത്തി ഭഗവതിയുടെ മുടിയൊരുക്കുക. കോണാകൃതിയിലുള്ള ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ തെയ്യത്തിന്റെ മുടിയുടെ മുന്‍ഭാഗത്തെ ചെക്കിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കാഴ്ചയ്ക്ക് കൂടുതല്‍ മിഴിവേകും. ചമയങ്ങള്‍ പിന്നെയും നിരവധി. മുഖത്തഴുത്തിന്റെ ഭംഗിയില്‍ അണിയലങ്ങള്‍ കെട്ടിയൊരുങ്ങുന്ന അമ്മദൈവത്തിന് പുറത്തേക്ക് വളഞ്ഞ വെള്ളിപ്പല്ലും താടിയും മീശയും നെറ്റി മുതല്‍ മൂക്കിന് മുകളില്‍ വരെ തുമ്പിക്കൈയും.

വിചിത്രമെന്ന് തോന്നുന്ന ഈ അലങ്കാരങ്ങളുമായാണ് പടക്കത്തി ഭഗവതി മംഗലത്തിന് മണവാട്ടിയായി ഇറങ്ങുന്നത്. ഈ അലങ്കാരങ്ങളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചുമെല്ലാം തോറ്റംപാട്ടില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ മുടിയേറ്റുന്ന തെയ്യം കുംഭമാസത്തില പൊടിക്കാറ്റും ചൂടും കൊണ്ട് അര്‍ദ്ധരാത്രിയോടെയാണ് മുടിയെടുക്കുക. തൊഴാന്‍ ചെല്ലുന്നവര്‍ക്കെല്ലാം ഗുണം വരുത്തണം പൈതങ്ങള്‍ക്ക് എന്ന് ചന്തത്തില്‍ പറഞ്ഞ് മഞ്ഞള്‍ക്കുറി കൊടുത്ത് ഭഗവതി അനുഗ്രഹം നല്‍കും.

പകലിലെ വെയിലിന്റെയും പൊടിക്കാറ്റിന്റയും കാഠിന്യത്തില്‍ നിന്നും നിറനിലാവ് പൊഴിക്കുന്ന ചന്ദ്രപ്രഭയില്‍ കുളിരുള്ള ഇളംകാറ്റില്‍ ഭഗവതിയമ്മ ഉപചാരം ചൊല്ലിപ്പിരിയുന്ന നിമിഷം. വയോജനങ്ങള്‍ അരിയെറിഞ്ഞ് അമ്മയെ കണ്ണീരോടെ തൊഴുതുനില്‍ക്കും. ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്കപ്പുറം വീണ്ടും കോലമണിഞ്ഞ് കാണാം. അതുവരെ തറയ്ക്കും സഭയ്ക്കും ആധിയും വ്യാധിയും വരുത്താതെ ദിനവും വിളക്ക് വെച്ച് കോലവും ശീലും പാലിക്കണം അന്തിത്തിരിയാ… എന്ന് നീട്ടിവിളിച്ച് ആയുധങ്ങളെല്ലാം തിരികെവെച്ച് മുടിയെടുക്കുമ്പോള്‍ തെയ്യത്തെ ഉള്ളിലേക്കാവാഹിച്ച ഏതൊരാളുടെയും കണ്ണു നനഞ്ഞുപോകും.

ഇരുപത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ കെട്ടിയാടുന്ന ഒരു പെരുങ്കളിയാട്ടം. ഒരു കോലക്കാരന് രണ്ടുതവണ പ്രധാന തെയ്യത്തെ കെട്ടുക അസാധ്യമാണ്. എന്നാല്‍ മുഖത്തെഴുതി വാദ്യങ്ങളുടെ അകമ്പടിയില്‍ തെയ്യം കെട്ടി ദൈവമാകുന്ന പരകായപ്രവേശത്തെ വ്രതാനുഷ്ഠാനങ്ങളോടയുള്ള ഒരു തപസ്സായി കണ്ട് ജീവിച്ച കണ്ണന്‍ കരുണമൂര്‍ത്തി പത്തൊമ്പതാം വയസ്സില്‍ ആചാരമേറ്റ് നിയോഗം തുടങ്ങിയതും നാല്പത്തിനാലാം വയസ്സില്‍ രാമവില്യത്ത് രണ്ടാമതും പടക്കത്തിയമ്മയുടെ കോലംകെട്ടി തന്നെയാണ് പതിയെ പിന്മടക്കവും ആരംഭിച്ചത്.

തെയ്യത്തിന്റെ മുടിയെടുത്ത് കഴിഞ്ഞാല്‍ അണിയലം കെട്ടുന്ന ഓലപ്പുരയില്‍ ക്ഷീണിച്ച് കിടക്കുന്ന ശീലമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കര്‍മ്മം ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും അതായി മാറുന്നവര്‍ക്ക് ഒരിക്കലും ക്ഷീണമോ മറ്റോ ഉണ്ടാവില്ലല്ലോ. ഇനി തെയ്യക്കോലം മാറ്റിയതിന് ശേഷം അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചറിയാന്‍ ശ്രമിച്ചാല്‍, അതൊന്നും ഞാനല്ലല്ലോ. എന്റെ കഴിവ് കൊണ്ടൊന്നുമല്ല അത് നന്നായത്. അതല്ലാം തമ്പുരാന്റെ അനുഗ്രഹം. എന്ന് പറഞ്ഞ് മെല്ലെ അവിടെ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുമായിരുന്നു.

പിന്നെയും പിറകെ കൂടി തെയ്യമായി മാറുമ്പോള്‍ കരുണമൂര്‍ത്തിയില്‍ എന്ത് ഭാവമാറ്റമാണുണ്ടാകുന്നത് എന്നൊക്കെ ചോദിക്കും. അങ്ങനെയുള്ളവരോട് എനിക്കങ്ങനെ പറഞ്ഞാലെന്താണ് എന്നൊന്നും അറിയില്ല. അറിയണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഇന്ന ആളോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞ് കൂടെയുള്ള തെയ്യക്കാരെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കും. അതിവിനയം കൊണ്ടുള്ള കാട്ടിക്കൂട്ടലുകളായിരുന്നില്ല അത്. സത്യസന്ധമായ ഒരു ഉപചാരം ചൊല്ലല്‍ തന്നെയാണത്. കോലം കെട്ടിയാടുന്ന കാവുകളും കോട്ടങ്ങളും അറകളും തറവാടുകളും ഉള്‍പ്പെടെയുള്ള തെയ്യത്തിന്റെ അനുഷ്ഠാനലോകമല്ലാത്ത ഒന്നിനെ കുറിച്ചും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടാവില്ല.

തെക്കുംകര കണ്ണന്‍ കരുണമൂര്‍ത്തി

നീണ്ട മുപ്പത് വര്‍ഷത്തോളം ആ സ്ഥാനമലങ്കരിച്ച കരുണമൂര്‍ത്തി ഒരിക്കലും അനുഷ്ഠാനത്തിന്റെ ഭാഗമായല്ലാതെ കോലം ധരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒളിമ്പിക്‌സ് ഉള്‍പ്പെടെ പല അന്താരാഷ്ട്ര വേദികളിലും തെയ്യം കെട്ടിയാടാന്‍ നിരവധിയാളുകള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ പെരുമയുടെയോ സമ്പത്തിന്റെയോ സ്വാധീനത്തിന്റെയോ മുന്നില്‍ തന്റെ ജീവിതത്തെയും ലോകത്തെയും ആഗോളവല്ക്കരിക്കാന്‍ കരുണമൂര്‍ത്തി തയ്യാറായില്ല.

ഞാന്‍ തെയ്യം കെട്ടിയാടുന്നത് പിലിക്കോട് വീത്കുന്നു മുതല്‍ ഒളവറ മുണ്ട്യക്കാവ് വരെയുള്ള ദേശപരിധിക്കകത്താണ്. ആ ഇടങ്ങളില്‍ മാത്രമേ ഞാന്‍ തെയ്യം കെട്ടുകയുള്ളൂ. കൂടെയുള്ള ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് കൊണ്ടുപോയി തെയ്യം കെട്ടിക്കാം. എന്നെ ഒഴിവാക്കിത്തരണം- ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെയോ ഏതെങ്കിലും പ്രത്യശാസ്ത്രത്തിന്റെയോ പിന്‍ബലത്തിലല്ല ആ പതിഞ്ഞ ശബ്ദം അപേക്ഷ രൂപത്തില്‍ മൊഴിഞ്ഞത്. അദ്ദേഹം ആചരിക്കുന്ന ഒരു ജീവിതത്തില്‍ നിന്നാണ് ആ മറുപടി. തെയ്യത്തിന് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും നിഷ്ഠയുടെയും ഒരു ലോകമുണ്ട്. അത് മാത്രമായിരുന്നു വൈദ്യവും തെയ്യംകെട്ടും കുലത്തൊഴിലായി സ്വീകരിച്ചു പോന്ന, സര്‍ക്കാര്‍ രേഖകളില്‍ മറ്റ് പിന്നാക്കവിഭാഗത്തിലായിരുന്ന ആ ഗോത്ര മനുഷ്യനുണ്ടായിരുന്നത്.

ആഗ്രഹങ്ങളൊഴിഞ്ഞ ജീവിതമായിരുന്നു കരുണമൂര്‍ത്തിയുടേത്. അതുകൊണ്ടാണ് അതിനപ്പുറമുള്ള പേരും പെരുമയും സാമ്പത്തികലാഭവുമൊന്നും കണ്ണന്‍ കരുണമൂര്‍ത്തിയെ ഒരിക്കലും ചെറുതായിട്ടു പോലും സ്വാധീനിക്കാന്‍ കഴിയാതിരുന്നത്. ഭക്തര്‍ കാണിക്കയായി തരുന്ന തൊഴുതുവരവ് ദാനമാണ്. ദാനം കിട്ടിയത് സ്വരുക്കൂട്ടിവച്ചാല്‍ ജീവിതം പുലരില്ല. ആവശ്യത്തിന് കുറച്ചെടുത്ത് അത് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ് എന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്.

ഇപ്രകാരം കിട്ടുന്ന തുക വളരെ ചെറുതായിരിക്കും. നാമമാത്രമായി ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നും കുറച്ച് മാത്രമെടുത്ത് ശേഷിക്കുന്നത് കൂടെയുള്ളവര്‍ക്കും ബന്ധുജനങ്ങള്‍ക്കും വീട്ടില്‍ സഹായമഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് വരെ പണിപൂര്‍ത്തിയാകാത്ത അദ്ദേഹത്തിന്റെ കൊട്ടാരത്തിലിരുന്ന് കൊടുക്കുമായിരുന്നു.

തന്റെ മുന്നിലെത്തുന്ന എല്ലാവരെയും ഒരേപോലെ കാണുന്ന മനുഷ്യരൂപത്തിലുള്ള ഒരു തെയ്യം തന്നെയായിരുന്നു വേഷങ്ങളില്ലാത്ത കരുണമൂര്‍ത്തി. തോറ്റംപാട്ടോ തെയ്യത്തിന്റെ വാമൊഴിയോ ഒരിക്കല്‍പോലും പിഴക്കില്ല. അത്ര വ്യക്തവും സ്ഫുടവുമായിരുന്നു പ്രത്യേക ഈണത്തിലുള്ള അദ്ദേഹത്തിന്റെ ചൊല്ലലും പറച്ചിലും. തെയ്യത്തിന്റെ പരമ്പരാഗത ലോകത്തിന് പുറത്തുള്ള ഒന്നും തന്നെ അദ്ദേഹം ഓര്‍ക്കാറേയില്ല എന്നു പറയാം. പലതവണ പോയി സൗഹൃദം സ്ഥാപിച്ചവരോട് ഓരോ തവണ പോകുമ്പോഴും പേരും സ്ഥലവും കാര്യങ്ങളും തിരക്കി മനസ്സിലാക്കും. മറവി അഭിനയിക്കുന്നതായിരുന്നില്ല അദ്ദേഹം. അതുകൊണ്ട് തന്നെ വീണ്ടും വിശദീകരിക്കുന്നവര്‍ക്ക് ആ ചോദ്യത്തില്‍ മുഷിപ്പ് തോന്നാറുമില്ല.

എണ്ണവിളക്കിന്റെയും വെളിച്ചെണ്ണയില്‍ എരിയുന്ന പന്തത്തിന്റെയും മഞ്ഞളിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവപ്പെടുമ്പോള്‍ ശരീരത്തിലെ മുഷിപ്പും ചുളിവുകളുമൊക്കെ മാറി ഒരുന്മേഷം വന്നുചേരും. കുട്ടിക്കാലത്തെ തെയ്യാനുഭവങ്ങളുടെ ഗന്ധം അത്രയും ആഴത്തിലായിരിക്കും ആളുകളില്‍ വേരിറക്കിയിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ മനസ്സുള്ളിടത്തോളം അഭാവത്തിലും അത് ഭാവമാര്‍ന്ന് ഉള്ളകത്തെ മനോഹരമാക്കിക്കൊണ്ടേയിരിക്കും.

ജനങ്ങളുടെ ആധിയും വ്യാധിയും മാറ്റാനിറങ്ങിയവര്‍ ഇല്ലാതായപ്പോള്‍ തെയ്യമായി കുടിയിരുത്തി അവിടെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിന്മുറ. കുന്നച്ചേരിയിലെ പുതിയോതിയും മാട്ത്തിങ്ങീലിലെ വൈരജാതനും എല്ലാം ചേര്‍ന്ന കാത്തിരിപ്പിന്റെ സുഖമായിരുന്നു നാട്ടാര്‍ക്ക് തെയ്യം. ഓരോരുത്തര്‍ക്കും അവര്‍ക്കടുത്തുള്ള തെയ്യത്തെപ്പറ്റി ഇങ്ങനെ പലതും പറയാനുണ്ടാകും. അതില്‍ യാഥാര്‍ത്ഥ്യവും മിത്തും ജീവിതവും അറിവും എല്ലാമുണ്ടാകും.

മഞ്ഞള്‍ക്കുറി മണമുള്ള മഹാമനുഷ്യന്‍ എന്നിലേക്ക് കയറിവന്നത് വീടിനടുത്തുള്ള മാടത്തിന്‍ കീഴ് വൈരജാത ക്ഷേത്രത്തിലേക്കുള്ള തൊഴുതു വരവോടെയാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിയെ സര്‍വ്വാഗം തൊഴുത് നമസ്‌കരിച്ച് പ്രസാദമായി ലഭിക്കുന്ന ചന്ദനം നെറ്റിയിലും കഴുത്തിലും മാറിലും കൈയിലുമെല്ലാം പൂശി തെയ്യത്തിന്റെ വീരത്തെ ശരീരത്തിലേക്കാവാഹിച്ച് ദൃഷ്ടിയെ പുരികങ്ങള്‍ക്കിടയിലുറപ്പിച്ചുള്ള തൊഴുത് മടക്കം ഓട്ടമാണ്. പയ്യന്നൂര് നിന്നും തൃക്കരിപ്പൂരിലേക്കുള്ള കടവ് എത്തുന്നത് വരെ ഏതാണ്ട് ഏഴ് കിലോമീറ്ററോളം കുറച്ച് സാവധാനത്തിലുള്ള ഓട്ടമാണെങ്കിലും കൂടെയോടിയെത്താന്‍ വിഷമമാണ്.

കടവ് കടന്ന് തോണിയിറങ്ങിയാല്‍ പിന്നെ അഞ്ചടിയോളമുള്ള വയറൊക്കെ ചാടി തടിച്ച് കുറുകിയ ആ കറുത്ത സുന്ദരമനുഷ്യന്റെ തുടര്‍ന്നങ്ങോട്ടു ക്ഷേത്രത്തിലേക്കുള്ള ഒന്നര കിലോമീറ്ററോളം ദൂരം പൊരിവെയിലത്ത് പാടവരമ്പിലൂടെയുള്ള ആ ഓട്ടം.  തൊഴുതുവരവ് കാണാന്‍ നാട് മുഴുവനുമുണ്ടാകും. കൊത്തമ്പാരി വെള്ളവും തിനയരി കഞ്ഞിയും കഴിച്ചുള്ള മൗനമായുള്ള നോറ്റിരിപ്പ്. പ്രത്യേകം തയ്യാറാക്കിയ ഓലപ്പുരയില്‍ തലയില്‍ വെള്ളമുണ്ടിട്ട് വെള്ളി കെട്ടിയ രുദ്രാക്ഷമാല മടക്കുകളായി കഴുത്തിലണിഞ്ഞ് കുത്തുവിളക്ക് കത്തിച്ചുവച്ച് ദൃഷ്ടി ഭ്രൂമധ്യത്തിലാക്കി കണ്ണാടിയില് നോക്കിയുള്ള ആ ഇരിപ്പ്. കൂട്ടിനായി- ഒരു പരികര്‍മ്മിയുണ്ടാകും.

നോറ്റിരിക്കുന്നതെന്തിനാണ് എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി നാല്പത്തിയൊന്ന് ദിവസം വ്രതമിരുന്നാല്‍ തെയ്യമായി മാറുമെന്ന മുതിര്‍ന്നവരുടെ ഉത്തരം കേട്ട് വിളക്ക് വെച്ച് കണ്ണാടിയില്‍ നോക്കിയിരുന്നിട്ടുള്ള ബാല്യം. കരുണമൂര്‍ത്തിയെ അനുകരിച്ച് അങ്ങനെ ചെയ്ത കുട്ടികള്‍ക്കല്ലാം അമ്മയുടെയോ വീട്ടിലെ മുതിര്‍ന്ന മറ്റാരുടെയങ്കിലുമോ കൈയുടെ ചൂടറിഞ്ഞിട്ടുണ്ടാകും. കുസൃതിയായ കുട്ടികള്‍ വിശ്വാസത്തോടെ മനസ്സിരുത്തി അങ്ങനെ ചെയ്താല്‍ തെയ്യം വീട്ടില്‍ കുടിയിരിക്കും എന്ന വിശ്വാസം പിന്തുടരുന്നത് കൊണ്ടാണ് മുതിര്‍ന്നവരുടെ കൈച്ചൂടറിഞ്ഞിരുന്നത്.

എന്തിലേക്കെങ്കിലും ശ്രദ്ധയെ നിലനിറുത്തി കുറെ സമയം നോക്കിയിരുന്നാല്‍ ഒരു സുഖവും സമാധാനവുമൊക്കെ അനുഭവിക്കാന്‍ പറ്റുമെന്ന് സ്‌കൂളില്‍ പോകുന്നതിന് മുമ്പേ ഒന്നും പറയാതെ ഞങ്ങളെ പഠിപ്പിച്ച ഒരു മനുഷ്യന്‍. വ്രതമിരിക്കുന്ന കരുണമൂര്‍ത്തിയെ പോലുള്ളവരെ നോറ്റിരിക്കുന്ന ഒരു സമൂഹമാണ് തെയ്യത്തെ വൈകാരികമായും വൈചാരികമായും ചേര്‍ത്തുനിര്‍ത്തിയ അള്ളടദേശക്കാര്‍. തെയ്യത്തിന് മുഖത്തെഴുതുമ്പോള്‍ ശ്വാസമടക്കി അതിലെ ഓരോ വരകളും നോക്കിയിരിക്കുന്നവര്‍. കോലക്കാരന്‍ തോറ്റം പാട്ട് പാടുമ്പോള്‍ ഉള്ളില്‍ അത് ചൊല്ലി തൃപ്തിയടയുന്നവര്‍. ആ ജനത അങ്ങനയായിരുന്നു.

പെരുങ്കളിയാട്ടങ്ങളില്‍ പ്രധാനദേവതകളെ കെട്ടിയാടിയ, ഭഗവതിമാരയും വൈരജാതനെയും കെട്ടിയുറഞ്ഞാടി നാടിനും പൈതങ്ങള്‍ക്കും ഗുണം വരുത്തണേ എന്ന് അനുഗ്രഹിച്ചരുളിയ ആ മനുഷ്യന്‍ കാല്‍ഞരമ്പ് പോട്ടി വേദനയോടെ ഒരു കാല്‍ വലിച്ചുകൊണ്ടായിന്നു അവസാനകാലത്ത് നടന്നിരുന്നത്. യൗവ്വനത്തില്‍ കളിയാട്ടക്കാവില്‍ ഉറഞ്ഞുതുള്ളിയ പലരുടയും ജീവിതകഥ ഇതിനു സമാനമാണ്. പരുങ്കളിയാട്ടം കെട്ടിയാടിയ ഏതെങ്കിലും കഴകക്കാരോട് സഹായം ചോദിച്ചാല്‍ ചികിത്സ നടത്താന്‍ പറ്റുമല്ലോ എന്ന് ചോദിച്ചവരോട്- ഞാന്‍ എന്റെ കര്‍മ്മം മാത്രമാണ് ചെയ്തത്. അതിന്റെ പേരില്‍ ആരോടും ഒന്നും ആവശ്യപ്പെടരുത് എന്നു പറഞ്ഞ് അമ്പത്തിരണ്ടാം വയസ്സില്‍ നമ്മെ കടന്നുപോയ കോലപ്പെരുമാന്.

മിണ്ടാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടെങ്കിലും കരുണമൂര്‍ത്തിയെ കാണുമ്പോള്‍ അതിന് മുതിരാതെ കണ്ണില്‍ വിനയവും ബഹുമാനവും വിളങ്ങുന്ന മനുഷ്യര്‍. കരുണമൂര്‍ത്തിയോട് നമസ്‌കാരം പറയുമ്പോള്‍ കൈകൂപ്പി നമസ്‌കാരം മടക്കുന്ന മണ്ണോടൊട്ടി ജീവിച്ച ഒരു മനുഷ്യനെ അനുഭവമാകുമായിരുന്നു. കഷ്ടപ്പാടിലും ആരുടെ മുന്നിലും സഹായമഭ്യര്‍ത്ഥിച്ച് ചെല്ലാന്‍ തുനിയാതിരുന്ന സമ്പന്നന്‍. എന്തിനെയും പണംകൊടുത്ത് വാങ്ങുന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതത്തെ വില്പനയ്ക് വെക്കാത്ത വിനയവാന്‍. ഇങ്ങനെ പലതുമായിരുന്നു തെക്കുംകര കണ്ണന്‍ കരുണമൂര്‍ത്തി. ആ മഹാമനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപ്പുകൈയോടെ സ്മരണാഞ്ജലി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Theyyam – Kannan Karunamoorthy – Manesh writes