സഞ്ജുവിനെ ടീമില്‍ എടുക്കാതിരിക്കാനും പന്തിനെ പുറത്താക്കാതിരിക്കാനും പല പ്ലാനുകളും ഉണ്ടായിരുന്നു: ബി.സി.സി.ഐ വൃത്തങ്ങള്‍
Sports News
സഞ്ജുവിനെ ടീമില്‍ എടുക്കാതിരിക്കാനും പന്തിനെ പുറത്താക്കാതിരിക്കാനും പല പ്ലാനുകളും ഉണ്ടായിരുന്നു: ബി.സി.സി.ഐ വൃത്തങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th September 2022, 6:58 pm

കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. സ്റ്റാന്‍ഡ് ബൈ ആയിട്ടുപോലും സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചിരുന്നില്ല.

റിഷബ് പന്തിനെയും ദിനേഷ് കാര്‍ത്തിക്കിനെയുമാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലേക്ക് പരിഗണിച്ചത്. മോശം ഫോമില്‍ തുടരുകയായിരുന്നിട്ടും, ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് ശേഷവും ഇന്ത്യ പന്തിലും കാര്‍ത്തിക്കിലും തന്നെയാണ് വിശ്വാസമര്‍പ്പിച്ചത്.

 

എന്നാല്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ഒരു തരത്തിലുള്ള നീക്കവും സെലക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ഒരു നീക്കവും സെലക്ടര്‍മാരോ ക്രിക്കറ്റ് ബോര്‍ഡോ നടത്തിയിട്ടില്ല എന്നും അതേസമയം, പന്തിനെ പുറത്താക്കാതിരിക്കാന്‍ പല നീക്കങ്ങളും ഇവര്‍ നടത്തിയതായും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീം പ്രഖ്യാപനത്തിന് മുമ്പ് നടന്ന മീറ്റിങ്ങില്‍ സഞ്ജുവിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലായിരുന്നുവെന്നാണ് പി.ടി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ടോപ് ഫൈവില്‍ കളിക്കാന്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ ഇന്ത്യക്ക് ആവശ്യമാണ് എന്നുള്ളതിനാല്‍ പന്തിനെ ഒഴിവാക്കാന്‍ സാധിക്കാതെ വരികയായിരുന്നുവെന്നും അവര്‍ പറയുന്നു.

‘സിംബാബ്‌വേ പര്യടനത്തിലെ കണ്ടിന്യൂറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ സഞ്ജു സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കും.

പന്തിനെ ടീമില്‍ നിന്നും പുറത്താക്കുന്നതിനെ പറ്റി ഒരു ചര്‍ച്ചകളും നടന്നിട്ടില്ല. ടോപ് ഫൈവിലെ ഏക ഇടംകയ്യന്‍ ബാറ്ററാണ് റിഷബ് പന്ത്. അവന്റെ ദിവസം മത്സരം ജയിപ്പിക്കാന്‍ അവന് സാധിക്കും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാ കപ്പിലെ പന്തിന്റെ മോശം പ്രകടനത്തെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും, എന്നാല്‍ അതിന് പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ പരിഹാരമാണ് ചര്‍ച്ചയായതെന്നും അതിനാല്‍ തന്നെ പന്തിനെ നിലനിര്‍ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 

 

Content Highlight: There were many plans to keep Sanju out of the squad and not drop Rishabh Pant: BCCI sources