രാജ്യത്ത് രണ്ട് നിയമം; ഒന്ന് സാധാരണക്കാര്‍ക്ക് വേണ്ടി, മറ്റൊന്ന് ബ്രിജ് ഭൂഷന് വേണ്ടി; ബജ്‌റംഗ് പൂനിയ
national news
രാജ്യത്ത് രണ്ട് നിയമം; ഒന്ന് സാധാരണക്കാര്‍ക്ക് വേണ്ടി, മറ്റൊന്ന് ബ്രിജ് ഭൂഷന് വേണ്ടി; ബജ്‌റംഗ് പൂനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 8:37 am

ന്യൂദല്‍ഹി: കഴിഞ്ഞ 33 ദിവസമായി മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യുകയാണ്. എന്നാല്‍ സമരം ഇത്ര നീണ്ടു പോകുമെന്ന് കരുതിയില്ലെന്നും സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുമെന്നാണ് കരുതിയിരുന്നതെന്നും ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു.

‘ഞങ്ങളുടെ എല്ലാ മെഡലുകളും വെച്ച് സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് കരുതി. എന്നാല്‍ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്,’ ബജ്‌റംഗ് പൂനിയ പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ടെന്ന് വിമര്‍ശിച്ച പൂനിയ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി.

‘സമരം ഇത്ര നീണ്ട് പോകുമെന്ന് കരുതിയില്ല. ഞങ്ങള്‍ അന്താരാഷ്ട്ര ഗുസ്തി താരങ്ങളാണ്, സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് കരുതി. ഇത് ഞങ്ങളുടെ കരിയറിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഗുസ്തി താരങ്ങളാണ്, പോരാടാതെ ഞങ്ങള്‍ പോകില്ല. രാജ്യത്ത് രണ്ട് നിയമമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒന്ന് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും, മറ്റൊന്ന് ബ്രിജ് ഭൂഷനെ പോലെ അധികാരമുള്ളവര്‍ക്ക് വേണ്ടിയുള്ളതും ബജ്‌റംഗ് പൂനിയ കുറ്റപ്പെടുത്തി.

ഞങ്ങള്‍ എന്തിനെതിരെയാണ് പോരാടുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി തങ്ങള്‍ക്ക് ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള അവസരങ്ങള്‍ ലഭിക്കില്ലെന്നത് ഉറപ്പാണെന്നും പൂനിയ പറഞ്ഞു.

‘ഞങ്ങളുടെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. കോച്ചിങ്ങോ അഡ്മിനിസ്‌ട്രേഷനോ പോലുള്ള ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള അവസരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കില്ല. ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുമെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളുടെ കാരണം സത്യസന്ധമായതിനാല്‍ തീരുമാനവും ശക്തമായിരിക്കും, അവിടെ പേടിക്ക് സ്ഥാനമില്ല. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. എന്നാല്‍ ഒരിക്കല്‍ തീരുമാനിച്ചാല്‍ അതില്‍ മാറ്റമില്ല,’ അദ്ദേഹം പറഞ്ഞു.

ഇത് ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള സമരമല്ലെന്നും രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടകളുമെല്ലാം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

CONTENTHIGHLIGHT: There is two law in the country; one for common man and another is for brijbhushan