'തലമുറകളുടെ ശാപം' ഒഴിവാക്കാമായിരുന്നില്ലേ? കല്ലുകടിയായി കുര്യച്ചന്റെ ഡയലോഗ്
Film News
'തലമുറകളുടെ ശാപം' ഒഴിവാക്കാമായിരുന്നില്ലേ? കല്ലുകടിയായി കുര്യച്ചന്റെ ഡയലോഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th July 2022, 3:46 pm

പൃഥ്വിരാജ് ചിത്രം കടുവ ജൂലൈ ഏഴിന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് എത്തിയ മാസ് ആക്ഷന്‍ ചിത്രമെന്ന നിലയിലും സംവിധായകന്‍ ഷാജി കൈലാസിന്റെ മടങ്ങിവരവ് എന്ന നിലയിലും കടുവ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് കടുവക്ക് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പാലായിലെ പ്ലാന്ററായ കടുവക്കുന്നേല്‍ കുര്യച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.ജി ജോസഫ് ചാണ്ടിയുമായുള്ള കുര്യച്ചന്റെ കൊമ്പുകോര്‍ക്കലാണ് കടുവയുടെ അടിസ്ഥാനം. ഏലം ബിസിനസിനൊപ്പം ബാറുമൊക്കെയായി പാലായിലെ പ്രമാണിയാണ് അയാള്‍. ഒരു ഘട്ടത്തില്‍ ജോസഫ് ചാണ്ടിയുമായി ഉടക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള കോണ്‍ഫ്‌ളിറ്റുകളുമൊക്കെയായി മാസ് പടത്തിന് വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത് തന്നെയാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസും ശരിയും തെറ്റുമെല്ലാം ഇഴകീറി പരിശോധിക്കപ്പെടുന്ന കാലത്ത് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനാവാത്ത ഒരു പിഴവ് കടുവയില്‍ വന്നുചേര്‍ന്നിട്ടുണ്ട്. ചിത്രത്തില്‍ ജോസഫ് ചാണ്ടിയുടെ ഇളയ മകന്റെ കഥാപാത്രം ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയാണ്‌ ആണ്. ആ കുട്ടിക്ക് അങ്ങനെ സംഭവിച്ചത് ജോസഫ് ചാണ്ടിയുടെ പ്രവൃത്തികള്‍ കാരണമാണെന്ന് കുര്യച്ചന്‍ അയാളോട് പറയുന്നുണ്ട്.

 

പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത അളുകളും സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരെയും സിനിമയില്‍ കാണിക്കേണ്ടി വരും. ഒരു വിഭാഗത്തെ ഇകഴ്ത്തുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങള്‍ ഗ്ലോറിഫൈ ചെയ്യപ്പെടുന്നതിലോ ശരിയായി കാണിക്കുന്നതിലോ ആണ് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

90കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അക്കാലത്ത് ആളുകളുടെ ചിന്താഗതി അത്തരത്തിലായിരിക്കാമുള്ളത്. എന്നാല്‍ കുര്യച്ചന്‍ പറയുന്നത് ഒരു തെറ്റായിട്ടാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് തോന്നുന്നില്ല. ഈ സ്ഥാനത്ത് ഇങ്ങനെയൊരു രംഗത്തിന് പകരം മറ്റൊരു കാരണം പറയാമായിരുന്നില്ലേ എന്നാണ് തോന്നിയത്. ഒരു മെഡിക്കല്‍ കണ്ടിഷനെ ശാപമായി കണ്ട പിന്തിരിപ്പന്‍ ചിന്താഗതിയെ വീണ്ടും കൊണ്ടുവരേണ്ടതില്ലായിരുന്നു.
ചിത്രം മൊത്തത്തില്‍ ഒരു മാസ് സിനിമയുടെ അനുഭവം സമ്മാനിക്കുമ്പോഴും ഈ രംഗം കല്ലുകടിയായി തന്നെ തോന്നി.

 

പഴയ ഷാജി കൈലാസ് മാസ് പടങ്ങളുടെ ചാം കടുവയിലും കാണാന്‍ കഴിയുന്നുണ്ട്. കുര്യച്ചനായി പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ചിത്രത്തില്‍ കണ്ടത്. വില്ലനായ ജോസഫ് ചാണ്ടിയേയും ഗംഭീരമായി വിവേക് ഒബ്രോയ് അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അനുഭവം സമ്മാനിക്കാന്‍ കടുവക്കായിട്ടുണ്ട്.

Content Highlight: There is a mistake in the movie that a medical condition becomes a curse which the audience cannot accept