എഡിറ്റര്‍
എഡിറ്റര്‍
ദുരന്തങ്ങളില്‍ നിന്ന് ഇനിയെങ്കിലും പാഠം പഠിക്കണം; സ്‌കൂളുകളിലെ സുരക്ഷാ സംവിധാനത്തെ കുറിച്ച് ദല്‍ഹി വിദ്യാഭ്യസമന്ത്രി മനീഷ് സിസോദിയ
എഡിറ്റര്‍
Monday 18th September 2017 2:59pm

ഗുഡ്ഗാവിലെ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ അത്രിക്രൂരമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടെയായിരുന്നു രാജ്യം കേട്ടത്. ഇതിന്റെ നടുക്കം മാറും മുന്‍പായിരുന്നു വടക്കന്‍ ദല്‍ഹിയിലെ ഒരു സ്‌കൂളില്‍ ക്ലാസ് മുറിയില്‍ അഞ്ചു വയസുകാരിയെ പ്യൂണ്‍ പീഡിപ്പിച്ചെന്ന വാര്‍ത്തയും പുറത്തുവന്നത്.

സ്‌കൂളുകളില്‍ സുരക്ഷാസംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. സിസി ടിവി ക്യാമറകളോ വേണ്ടത്ര സുരക്ഷാപരിശോധനകളും ഇല്ലാതെസ്‌കൂളുകളില്‍ നിയമനങ്ങള്‍ നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ ആവിഷ്‌കരിക്കാനിരിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുന്നു.

സ്‌കൂളുകളില്‍ സിസി ടിവി പദ്ധതി എങ്ങനെയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്?
10 സ്‌കൂളുകളില്‍ സിസി ടിവി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ അഞ്ച് സ്‌കൂളുകളില്‍ അടിയന്തരമായി നടപ്പിലാക്കും. അടിയന്തരമായി നടപ്പിലാക്കാന്‍ കഴിയുന്ന സംവിധാനമെന്ന നിലയിലും കൂടുതല്‍ മോണിറ്ററിങ് സാധ്യമാകുമെന്നതുമാണ് ആദ്യം തന്നെ ഇത് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. എന്നാല്‍ അത് സംരക്ഷിച്ചുപോരേണ്ടതിന്റെ ഉത്തരവാദിത്തം അവിടുത്തെ പ്രധാനഅധ്യാപകര്‍ക്കാണ്.

സിസി ടിവി സ്ഥാപിക്കുക എന്നത് ചെറിയൊരു പരിഹാരം മാത്രമാണ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്നുപറച്ചിലുകളാണ് ആദ്യം വേണ്ടത്. ഇന്ന് സമൂഹത്തില്‍ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നതും അതാണ്. പഠനകാര്യത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമല്ലാതെ രക്ഷിതാക്കള്‍ മറ്റൊന്നും കുട്ടികളോട് ചോദിക്കുന്നില്ല. പ്രവചനം സാധ്യമല്ലാത്ത ഒരു അന്തരീക്ഷമാണ് ഇത്. അത് മാറ്റേണ്ടതുണ്ട്. കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റണം. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധമായിരിക്കരുത് രക്ഷിതാക്കളും കുട്ടികളും തമ്മില്‍ ഉണ്ടാകേണ്ടത്.
റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കണ്ടക്ടര്‍ മറ്റൊരു സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണെന്ന് കണ്ടെത്തിയിരുന്നു? സ്‌കൂളുകളിലെ ഇത്തരം നിയമനങ്ങളില്‍ എന്ത് സുരക്ഷാ മാനദണ്ഡമാണ് പാലിക്കാറ്?

സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യം പറയുകയാണെങ്കില്‍ വലിയ ഏജന്‍സികളെയാണ് ഇത്തരം നിയമനങ്ങള്‍ക്കായി സമീപിക്കാറാണ്. പൊലീസ് വെരിഫിക്കേഷനും നടത്തും. എന്നാല്‍ പലയിടത്തും ഇത് നടക്കുന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ ഒരു കേന്ദ്രീകൃത മാതൃക ഉണ്ടാകണം. സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ എല്ലാ ഉത്തരവാദിത്തവും പ്രിന്‍സിപ്പലിനാണ്. അതുപോലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്‌കൂളുകളിലെ പ്രവര്‍ത്തനക്യാമറകളുടെ എണ്ണവും സ്‌കൂളുകളില്‍ വെരിഫൈ ചെയ്ത് സ്റ്റാഫുകളുടെ എണ്ണവും എഡ്യുക്കേഷന്‍ ഡിപാര്‍ടമെന്റിന്റെ പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം. ഇപ്പോള്‍ ഇത്തരത്തില്‍ ചെയ്യാത്തവര്‍ നിര്‍ബന്ധമായും അടുത്തമാസത്തോടെ ചെയ്തിരിക്കണം. ഇത് ഓട്ടോമേഷന്‍ മോഡില്‍ ഇടുന്നതോടെ ഒരു തത്സമയ ഡാറ്റാ ഞങ്ങളുടെ കൈവശം ഉണ്ടാകും.

എഡ്യുക്കേഷന്‍ ഡിപാര്‍മെന്റിന്റെ ഈ ഡാറ്റ രക്ഷിതാക്കള്‍ക്ക് ലഭ്യമാകുമോ?

ഇത് സാധ്യമാക്കാന്‍ കഴിയുമോ എന്ന് കമ്മിറ്റിയോട് ചോദിച്ചിട്ടുണ്ട്. അതുപോലെ 15 ദിവസമെങ്കിലും സിസി ടിവി ഫൂട്ടേജുകള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കണം. ഇപ്പോള്‍ ഏതെങ്കിലും രക്ഷിതാവ്, തന്റെ കുട്ടി പറഞ്ഞ ഒരു പരാതിയെ കുറിച്ച് ബോധിപ്പിച്ചാല്‍ അത് അന്വേഷിക്കാനായി സിസി ടിവി സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയണം. അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ ഉണ്ടാവണം.

സുരക്ഷാ പരിശോധനകള്‍ നടത്താതെ പല സ്‌കൂളുകളും ഒഴിഞ്ഞുമാറുന്നില്ലേ?

അബന്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിച്ചിരുന്നില്ല എന്ന കാര്യം അംഗീകരിക്കുന്നു. ഈയൊരു സംഭവത്തിന് ശേഷം സ്‌കൂളുകളിലെ ഓരോ സ്റ്റാഫും ഓരോ ഗാര്‍ഡും പരിശോധനയ്ക്ക് വിധേയരാവാറുണ്ട് എന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഏജന്‍സികളുടെ സഹായം തേടാം. എന്നാല്‍ ഏജന്‍സികള്‍ പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോയെന്ന് ഞങ്ങള്‍ പരിശോധിക്കും. ഇത് നടപ്പിലാക്കുക തന്നെ വേണം. ദുരന്തങ്ങളില്‍ നിന്ന് ഇനിയെങ്കിലും പാഠം പഠിക്കണം.

ശ്രദ്ധയില്‍പ്പെട്ട മറ്റുപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

സ്വകാര്യ സ്‌കൂളുകളിലെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്നതാണ് ഒന്ന്. ഇപ്പോള്‍ ഒരു രക്ഷിതാവൊക്കെയാണ് ഓരോ കമ്മിറ്റിയിലും അംഗമായുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളെ സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ 10 രക്ഷിതാക്കളെങ്കിലും ഉണ്ടാവും. സ്‌കൂളുകളില്‍ എങ്ങനെയൊക്കെ സുരക്ഷാ പരിശോധനകള്‍ നടത്തമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നു. ഒരു ഏകീകൃത സുരക്ഷാ പെരുമാറ്റച്ചട്ടത്തെ കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

Advertisement