ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടി ആശുപത്രി വിട്ടു: ഡല്‍ഹിയില്‍ തന്നെ താമസമൊരുക്കണമെന്ന് കോടതി നിര്‍ദേശം
national news
ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടി ആശുപത്രി വിട്ടു: ഡല്‍ഹിയില്‍ തന്നെ താമസമൊരുക്കണമെന്ന് കോടതി നിര്‍ദേശം
ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 11:46 am

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. പെണ്‍കുട്ടിയെയും കുടുംബത്തെയും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദല്‍ഹി കോടതി ഉത്തരവിട്ടു.

റായ്ബറേലിയില്‍ വെച്ച് ജൂലൈ 28ന് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപ് സിങ് സെംഗാറിനെതിരായി പെണ്‍കുട്ടി നല്‍കിയ ലൈംഗികാരോപണക്കേസ് അട്ടിമറിക്കുന്നതിനായി കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമാണിതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതിനെ തുടര്‍ന്നാണ് പെണ്‍ കുട്ടിയെ ചൊവ്വാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം എയിംസ് അധികൃതര്‍ ഡല്‍ഹി കോടതിയെ നേരത്തേ അറിയിച്ചിരുന്നു. അതേതുടര്‍ന്ന് പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശര്‍മ നിര്‍ദേശം നല്‍കി. അതുവരെ എയിംസിലെ ട്രോമ കെയറിലുള്ള ഹോസ്റ്റലില്‍ തന്നെ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ച താമസിക്കാനാണ് നിര്‍ദേശം.

ജന്മസ്ഥലത്ത് താമസിക്കുമ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടമൊരുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ അടുത്ത ശനിയാഴ്ച വാദം കേള്‍ക്കും.

പെണ്‍ക്കുട്ടിയെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുല്‍ദീപ് സെന്‍ഗാറടക്കം പത്തു പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.