നിങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് മാത്രമേ ബിരിയാണി ഉണ്ടാക്കാന്‍ പറ്റുള്ളോ? രുചി വിളമ്പി ശ്രീധന്യ കാറ്ററിങ് സര്‍വീസ് ട്രെയ്‌ലര്‍
Film News
നിങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് മാത്രമേ ബിരിയാണി ഉണ്ടാക്കാന്‍ പറ്റുള്ളോ? രുചി വിളമ്പി ശ്രീധന്യ കാറ്ററിങ് സര്‍വീസ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd August 2022, 8:18 pm

ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ശ്രീധന്യ കാറ്ററിങ് സര്‍വീസിന്റെ ട്രെയ്‌ലര്‍ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.

സിനിമയുടെ ടൈറ്റില്‍ പോലെ തന്നെ പാചകം തന്നെയായിരിക്കും സിനിമയെ മുന്നോട്ട് നയിക്കുന്നത് എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്. കൂട്ടുകാരെല്ലാം ചേര്‍ന്ന് വീട്ടിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ശ്രീധന്യ കാറ്ററിങ്ങ് സര്‍വീസിനുണ്ട്.

ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സുമേഷ് മൂര്‍, പ്രശാന്ത് മുരളി ജിനു ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇവര്‍ക്കുപുറമെ സംവിധായകനായ ജിയോ ബേബിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സാലു കെ. തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബേസില്‍ സി.ജെ. മാത്യൂസ് പുളിക്കന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ലൂയിസാണ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയായിരുന്നു ഒടുവില്‍ റിലീസ് ചെയ്ത ജിയോ ബേബി സിനിമ. സിനിമയില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ഭാഗമാണ് ജിയോ ബേബി സംവിധാനം ചെയ്തിരുന്നത്.

കൂടാതെ ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തിലും ജിയോ അഭിനയിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.

കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പന ടോണി ബാബു, എം.പി.എസ്.ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി. തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അലക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ. റോയ്.

 

Content Highlight: The trailer of Jeo Baby’s movie Sreedhanya Catering Service is out