'മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്, ഖുര്‍ആന്‍ പഠനം വീടുകളില്‍ മതി'; അസമില്‍ മദ്രസകളെ വിലക്കി മുഖ്യമന്ത്രി
national news
'മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്, ഖുര്‍ആന്‍ പഠനം വീടുകളില്‍ മതി'; അസമില്‍ മദ്രസകളെ വിലക്കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 1:49 pm

ന്യൂദല്‍ഹി: മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്രസ എന്ന വാക്ക് ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.

‘മദ്രസകളില്‍ പോകുന്നത് കൊണ്ട് ഡോക്ടറോ എഞ്ചിനീയറോ ഒന്നും ആകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞുനോക്കൂ. മദ്രസയില്‍ പോകുന്നത് അവര്‍ തന്നെ നിര്‍ത്തിക്കോളും. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക് എല്ലാ മതപഠന ശാലകളിലും പ്രവേശനം അനുവദിക്കണം.

അവിടെ നിന്നും ലഭിക്കുന്ന അറിവുകളെ അടിസ്ഥാനപ്പെടുത്തി ഏത് വിശ്വാസം തെരഞ്ഞെടുക്കണമെന്ന് കുട്ടികള്‍ തീരുമാനിക്കട്ടെ. കുട്ടികള്‍ക്ക് ഖുര്‍ആന്‍ വീട്ടില്‍ പഠിപ്പിക്കട്ടെ. മദ്രസകളിലേക്ക് കുട്ടികളെ പറഞ്ഞയയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്,’ അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ മദ്രസകളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയെ മതേതര പൊതു വിദ്യാഭ്യാസ സമ്പ്രദായമാക്കി മാറ്റും. കൊച്ചുകുട്ടികള്‍ മദ്രസയില്‍ പോയി തുടങ്ങുമ്പോള്‍ അവര്‍ ക്രമേണ അതിനോട് പൊരുത്തപ്പെട്ട് തുടങ്ങും. എന്തിനാണ് മദ്രസകളില്‍ പോയതെന്ന് വിവേകം വരുന്ന പ്രായത്തില്‍ കുട്ടികള്‍ ചിന്തിക്കും.

അന്ന് മുന്‍പോട്ട് നോക്കുമ്പോള്‍ കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊരു വഴിയുണ്ടാകില്ല. മതപഠന കേന്ദ്രങ്ങളില്‍ പോകാന്‍ കുട്ടികളെ ഒരുകാരണവശാലും നിര്‍ബന്ധിക്കരുത്. അവര്‍ക്ക് തീരുമാനമെടുക്കാന്‍ പ്രായമാകുമ്പോള്‍ സ്വയം മതം സ്വീകരിക്കട്ടെ,’ ശര്‍മ വ്യക്തമാക്കി. ഇനു്ത്യാ ടുഡേയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമം മുന്നോട്ടു വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിലവിലെ മദ്രസകള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന മദ്രസ കമ്മിറ്റി അസം ഡിവിഷന്‍ ബെഞ്ചിനേയും ഗുവാഹത്തി ഹൈക്കോടതിയേയും സമീപിച്ചിരുന്നു. അസം സര്‍ക്കാരിന്റെ മദ്രസകള്‍ തകര്‍ക്കാനുള്ള തീരുമാനത്തെ ഗുവാഹത്തി ഹൈക്കോടതി തടഞ്ഞിരുന്നു.

Content Highlight: The term ‘Madrasa’ should cease to exist says Assam CM Hemant Biswa Sharma