തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്തു; വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു
national news
തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്തു; വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 9:33 am

ഹൈദരാബാദ്: തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ് ഇന്റലിജന്‍സ് വിഭാഗം. ഫലക്‌നുമയില്‍ നിന്നുള്ള 18കാരനായ സുലൈമാനെയാണ് കസ്റ്റഡിയിലെടുത്തത്.

സൈബര്‍ സ്‌പേസിലൂടെ ഐ.എസിന്റേയും മറ്റ് നിരോധിത തീവ്രവാദസംഘനകളുടെയും ശ്രദ്ധ നേടി അതിലേക്ക് ചേരാന്‍ ചായ്‌വ് കാണിച്ച സുലൈമാനെ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിക്കെതിരായ അന്വേഷണം ഇന്റലിജന്‍സ് വിംഗ് കമ്മീഷണര്‍ ചൈതന്യ കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. ചോദ്യം ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ ആരെയും പൊലീസ് പിടികൂടിയിട്ടില്ലെന്ന് സൗത്ത് സോണ്‍ ഡി.സി.പി എസ്. സായ് ചൈതന്യ പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് തീവ്രവാദ സംഘടകളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള യുവാവിന്റ ശ്രമത്തിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണ്.

‘സുലൈമാന്റെ കോള്‍ റെക്കോഡുകളെല്ലാം ശേഖരിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ട്രാക്ക് ചെയ്യുകയാണ്. കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) അഡ്രസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”അവന്‍ വളരെ ചെറുപ്പമാണ്, ഈ ഓണ്‍ലൈന്‍ റാഡിക്കലിസത്തിന് പിന്നിലെ അവന്റെ കൗതുകമെന്താണെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. സാധാരണഗതിയില്‍, തീവ്രവാദ ഗ്രൂപ്പുകള്‍ ബ്രൗസുചെയ്യുന്നതും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും ഇത്തരം കൗതുകത്തിന്റെ അടിസ്ഥാന ഘട്ടമാണ്. അതിന് ശേഷം അത് ഫണ്ട് സമാഹരണത്തിലേക്ക് കടക്കുകയും മൂന്നാം ഘട്ടം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിലേക്കും ലോബിയിംഗിലേക്കും കടക്കും,’ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഐ.എസിന്റെ നിര്‍ദേശപ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് യുവാക്കളെ ഹൈദരാബാദില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തിരുന്നു. അതേ വര്‍ഷം, രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും ഐ.എസുമായി ബന്ധപ്പെട്ടതിനും നഗരത്തില്‍ നിന്ന് രണ്ട് പേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: The Telangana Police Intelligence detained a youth who had been browsing terrorist sites continuously