ഇന്ധന വില കുറക്കാന്‍ കോടതിയില്‍ പോയ കേരള സര്‍ക്കാരിനോട് ഇന്ത്യന്‍ എക്‌സ്പ്രസ് വായിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി
Kerala News
ഇന്ധന വില കുറക്കാന്‍ കോടതിയില്‍ പോയ കേരള സര്‍ക്കാരിനോട് ഇന്ത്യന്‍ എക്‌സ്പ്രസ് വായിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2022, 7:03 pm

ന്യൂദല്‍ഹി: കേരള സര്‍ക്കാരിനോട് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വായിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. കൂടിയ വില ഈടാക്കുന്ന എണ്ണക്കമ്പനിയുടെ നടപടിക്കെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹരജി തള്ളി കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് ഉയര്‍ന്ന അളവില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് കൂടിയ വില ഈടാക്കുന്ന എണ്ണക്കമ്പനിയുടെ നടപടിക്കെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചത്. ഡീസല്‍ മൊത്തമായി വാങ്ങുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ ലിറ്ററിന് 7 രൂപ കൂടുതല്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും വില നിര്‍ണയിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.

എന്നാല്‍ ഈ ഹരജി തള്ളി എന്ന് മാത്രമല്ല, അതിന് കാരണമായി സുപ്രീംകോടതി പറഞ്ഞത് കേരളം രണ്ട് വര്‍ഷം മാത്രം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. അത്രയും പണമുണ്ടെങ്കില്‍ ഇതും കൊടുത്തുകൂടെ എന്നാണ്.

ഇതിന് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ തിങ്കളാഴ്ചത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വായിക്കാന്‍ സുപ്രീംകോടതി കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ ലേഖനമാണ് സുപ്രീംകോടതി വായിക്കാന്‍ പറഞ്ഞത്. അതില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനെ കുറിച്ച് ഗവര്‍ണര്‍ സംസാരിക്കുന്നുണ്ട്.

ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ല, എല്ലാത്തിനും കൂടി മനുഷ്യാവകാശ കമ്മീഷന്‍ മതി, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു അവകാശവും നല്‍കേണ്ട കാര്യമില്ല എന്നും ഗവര്‍ണര്‍ ലേഖനത്തില്‍ പറയുന്നു.

മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതരല്ല, സി.എ.എക്കെതിരെ സംസ്ഥാന സര്‍ക്കാരിന് പ്രമേയം പാസാക്കാനുള്ള അധികാരമില്ല. ഏകസിവില്‍ കോഡ് കൊണ്ടുവരല്‍ നിര്‍ബന്ധമാണ്. യു.എ.പി.എ, എന്‍.എസ്.എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കരിനിയമങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പെന്‍ഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വന്‍ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.

പൂര്‍ണമായും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവന്‍ പെന്‍ഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെന്‍ഷന്‍ കിട്ടും എന്നതിനാല്‍ യു.ഡി.എഫും എല്‍.ഡി.എഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്‌നമല്ല.

സംസ്ഥാനത്ത് പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെന്‍ഷന്‍ കൂടും. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ്. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെന്‍ഷന്‍ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ടെന്നും ഗവര്‍ണര്‍ ലേഖനത്തില്‍ പറയുന്നു.


Content Highlights: The Supreme Court has asked the Kerala government to read the Indian Express