എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ യൂണിവേഴ്‌സിറ്റിയ്ക്ക് ഉയര്‍ന്ന റാങ്ക് നല്‍കി: ഉമര്‍ ഖാലിദ്
എഡിറ്റര്‍
Tuesday 4th April 2017 10:28am

 

ന്യൂദല്‍ഹി: ജെ.എന്‍.യു തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ യൂണിവേഴ്‌സിറ്റിയ്ക്ക് ഉയര്‍ന്ന റാങ്ക് നല്‍കിയെന്ന് യൂണിവേഴ്‌സിറ്റിയില്‍ സര്‍ക്കാര്‍ ഭീകരതയ്ക്കിരയായ ഉമര്‍ ഖാലിദ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംങ് ഫ്രെയിംവര്‍ക്ക് പുറത്ത് വിട്ട രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ജെ.എന്‍.യുവിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.


Also read നിയമവിരുദ്ധമായി നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട ഫ്‌ളാറ്റിന്റെ അംബാസിഡറായി സി.പി.ഐ.എം എം.എല്‍.എ മുകേഷ്


ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നു കാട്ടി സര്‍ക്കാര്‍ വിദ്യാര്‍ത്ഥി വേട്ട നടത്തിയ ജെ.എന്‍.യുവിന്റെ ഈ നേട്ടത്തെ രാജ്യം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും റാങ്കിങ്ങ് തിളക്കത്തിന്റെ സന്തോഷത്തിലാണ്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ മികച്ച റാങ്കിങ് നല്‍കിയിരിക്കുകയാണെന്ന് പി.എച്ച്.ഡി ഹിസ്റ്ററി വിദ്യാര്‍ത്ഥിയും ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയെന്ന പേരില്‍ ഭരണകൂട ഭീരകതയ്ക്കിരയായ വ്യക്തിയുമായ ഉമര്‍ ഖാലിദ് പറഞ്ഞു.

‘ ജെ.എന്‍.യു സര്‍വകലാശാല സാമൂഹിക പ്രധാന്യമുള്ളതും ഗവേഷണങ്ങള്‍ക്ക് അനുയോജ്യമായതുമായ ഒന്നാണ്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ സര്‍വകലാശാലയെ ഈ നിലയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളുടെ ഭാഗമായി തന്നെയാണ് ജനാധിപത്യപരവും കൃത്യതയുമായി യൂണിവേഴ്‌സിറ്റി നിലനില്‍ക്കാനും അഡ്മിഷന്‍ പോളിസിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടര്‍ന്നു പോരാനും കഴിഞ്ഞത്. ഇത് തന്നെയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് കടന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തെയും സൂചിപ്പിക്കുന്നതും.

ഇവിടെ പിന്നോക്ക വിഭാഗത്തില്‍പെട്ട നിരവധിവിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസത്തിനായി എത്തുന്നത്. പിന്നോക്ക ജാതിയില്‍ പെട്ടവര്‍, ഇനിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാത്ത വിഭാഗത്തില്‍ പെട്ടവര്‍ തുടങ്ങി നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാവരും തന്നെ യൂണിവേഴ്‌സിറ്റിയെ സാമൂഹിക പ്രാധാന്യമുള്ളതായി നിലനില്‍ക്കുന്നതിന് തുല്ല്യമായ സംഭാവനകളും നല്‍കുന്നുമുണ്ട്.

ഇല്ലായ്മയില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ജീവിത അനുഭവങ്ങളെക്കൂടി അവരുടെ ഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം അവര്‍ക്ക് അവരുടെ ആശയങ്ങള്‍ ദേശ വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമോയെന്ന് ഭയക്കാതെ പ്രകടിപ്പിക്കാനും കഴിയുന്നുണ്ട്. ഹ്യുമണ്‍ റിസോഴ്‌സ് വകുപ്പ് ജാതിവാദിയെന്നും വര്‍ഗീയവാദികളെന്നും എന്നെയും രോഹിത് വെമുലയേയും വിശേഷിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ ജെ.എന്‍.യുവിന്റെ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ഭയപ്പെടുത്തുകയില്ല. ജെ.എന്‍.യുവിന്റെ ഹൃദയവും ആത്മാവും ഇത്തരം കാര്യങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ദാനമായി നല്‍കിയിട്ടുള്ള ഈ റാങ്കിങും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എം.ഫില്‍/ പി.എച്ച.ഡി വിഭാഗത്തില്‍ 83ശതമാനം സീറ്റുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. അതിന് ശേഷമാണ് ജെ.എന്‍.യുവിന് റാങ്ക് നല്‍കിയിരിക്കുന്നത് ഉമര്‍ ഖാലിദ് പറഞ്ഞു.

നേരത്തെ കേന്ദ്ര മന്ത്രി പ്രശാന്ത് ജാവേദ്കര്‍ ജെ.എന്‍.യുവിനും ജാവദ്പൂര്‍ യൂണിവേഴ്‌സിറ്റിക്കും റാങ്കിങ് ലഭിക്കില്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. അഫ്‌സല്‍ ഗുരുവിന് അനുകൂലമായും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിതുകൊണ്ടുമാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ നല്ലരീതിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങളെത്തുടര്‍ന്ന് റാങ്കിങ് ലഭിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.


Dont miss മാധ്യമ പ്രര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മെക്‌സിക്കോയില്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു


മന്ത്രിയുടെ പരാമര്‍ത്തിനെതിരെ പ്രതികരിച്ച ഉമര്‍ അദേഹത്തിന് യൂണിവേഴ്‌സിറ്റിയെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു പറഞ്ഞത്. മറ്റു സര്‍വകലാശാലകളില്‍ നിന്നും യൂണിവേഴ്‌സിറ്റിയെ വ്യത്യസ്തമാകുന്നത് പുരോഗമനപരമായ വിദ്യാര്‍ത്ഥി നേട്ടങ്ങള്‍ തന്നെയാണെന്നും ഉമര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement