നിയമപരമായ തീര്‍പ്പ് ഉണ്ടായെങ്കിലും വിധിന്യായത്തിലെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്: സി.പി.ഐ.എം
Ayodhya Verdict
നിയമപരമായ തീര്‍പ്പ് ഉണ്ടായെങ്കിലും വിധിന്യായത്തിലെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്: സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 3:10 pm

ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ പ്രതികരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. വിധിന്യായത്തിലൂടെ നിയമപരമായ ഒരു തീര്‍പ്പ് ഉണ്ടായെങ്കിലും വിധിന്യായത്തിലെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

”അയോധ്യ ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ട്രസ്റ്റ് വഴി ക്ഷേത്രം പണിയുന്നതിനായി ഹിന്ദു വിഭാഗത്തിനും പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കണമെന്നുമാണ് സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമുദായിക ശക്തികള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുകയും അക്രമങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാവുകയും ചെയ്ത തര്‍ക്കത്തിനാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിലൂടെ അവസാനമായത്.

ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പ് സാധ്യമല്ലെങ്കില്‍ നിയമപരമായ വഴിയിലൂടെ തന്നെ പ്രശ്‌നം പരിഹരിക്കണമെന്ന് സി.പി.ഐ.എം നേരത്തെ തന്നെ ഉന്നയിച്ച കാര്യമാണ്.

ഈ വിധിന്യായത്തിലൂടെ നിയമപരമായ ഒരു തീര്‍പ്പ് ഉണ്ടായെങ്കിലും വിധിന്യായത്തിലെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

1992 ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് കോടതി വിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ക്രിമിനല്‍ നടപടിയും മതേതര തത്വത്തിന് നേരെയുള്ള ആക്രമണവുമായിരുന്നെന്നാണ് കോടതി വിലയിരുത്തിയത്.

അതുകൊണ്ട് തന്നെ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിവതും വേഗത്തിലാക്കുകയും കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുകയും വേണംം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1991 ലെ മതാരാധന നിയമത്തെ സുപ്രീം കോടതി മാനിച്ചിട്ടുണ്ട്. ഈ നിയമം പാലിക്കുന്നതിലൂടെ മതപരമായ സ്ഥലങ്ങളില്‍ ഇത്തരം തര്‍ക്കങ്ങളൊന്നും വീണ്ടും ഉന്നയിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

വിധിന്യായവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നടപടികളൊന്നും പാടില്ലെന്നും ഇത് സാമുദായിക ഐക്യത്തെ തകര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പുറത്തിറിക്കിയ പ്രസ്താവനയില്‍ പറഞ്ഞു.