കോഴിക്കോട്: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന പെണ്‍കുട്ടിയുടെ റിവ്യു ഹരജി അഭിഭാഷക മുക്കി. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും, അദ്ദേഹത്തെ വിചാരണ പോലും നടത്താതെ കേസില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ റിവ്യു ഹരജി.
പെണ്‍കുട്ടി തന്റെ അഭിഭാഷകയ്ക്ക് രേഖാമൂലം നല്‍കിയ അപേക്ഷ ഡൂള്‍ ന്യൂസ്. കോം പുറത്ത് വിടുന്നു.[]
പി.ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും അമിത സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അഭിഭാഷകക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
നിരവധി തവണ അഭിഭാഷകയോട് കുര്യനെതിരെ റിവ്യൂഹരജി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഹരജി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് പി.ജെ കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹരജി നല്‍കാന്‍ പെണ്‍കുട്ടി തന്റെ അഭിഭാഷകക്ക് രേഖാമൂലം പരാതി നല്‍കിയത്. ജനുവരി 31 ആയിരുന്നു കുര്യനെതിരായ റിവ്യൂഹരജി സമര്‍പ്പിക്കാനുള്ള അവസാന തിയതി.
സൂര്യനെല്ലി കേസിന്റെ വിചാരണയില്‍ നിന്നും പി.ജെ കുര്യനെ ഒഴിവാക്കിക്കൊണ്ട് പീരുമേട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് കുര്യന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് കുര്യന്റെ പരാതി തള്ളുകയും പീരുമേട് കോടതിയില്‍ ഹാജരായി വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു.
ഇത്തരം കേസില്‍ നിന്നും വിചാരണ നേരിടാതെ രക്ഷപ്പെടുന്നത് അപഹാസ്യമാണെന്നും കോടതി വിമര്‍ശിച്ചിരിന്നു. എന്നാല്‍ 2007 ല്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ചീഫ്ജസ്റ്റിസ് ആയ സമയത്ത് സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയും ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് കുര്യനെ കേസിന്റെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു.
പരാതിയുടെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ പെന്‍ഡിങ്ങില്‍ നില്‍ക്കുന്ന 2005ലെ 1562 മുതല്‍ 1587 വരെയുള്ള ക്രിമിനല്‍ അപ്പീലുകളില്‍ പരാതിക്കാരി/ ഇരക്കായി ഹാജരാകുന്ന കൗണ്‍സിലിന് മുമ്പാകെ,
ബഹുമാനപ്പെട്ട സര്‍,
മുകളില്‍ നമ്പര്‍ ചെയ്തിട്ടുള്ള ക്രിമനല്‍ അപ്പീലുകളില്‍ പ്രസ്താവിച്ചിട്ടുള്ള ഇരയും വാദിയുമാണ് ഞാന്‍. 1996 ല്‍ കുമിളി പഞ്ചായത്തിലെ ഗസ്റ്റ് ഹൗസില്‍ പ്രതികള്‍ എന്നെ ബന്ദിയാക്കിയിരുന്ന സമയത്ത് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്രീ. പി.ജെ കുര്യന്‍ അവിടെ വരികയും മറ്റ് പ്രതികളോടൊപ്പം എന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
ഈ കേസിന്റെ അന്വേഷണത്തിലുടനീളം എന്നെ ചോദ്യം ചെയ്ത എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും ഈ കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ കുര്യനെതിരെ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കിയില്ലെന്ന് മാത്രമല്ല അദ്ദേഹം ചെയ്ത കുറ്റത്തിന് അദ്ദേഹത്തെ വാദിഭാഗം വിചാരണയും ചെയ്തില്ല.
തുടര്‍ന്ന് ഞാന്‍ ശ്രീ. പി.ജെ കുര്യനെതിരായി IPC 376 പ്രകാരം ബഹുമാനപ്പെട്ട പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഒരു സ്വകാര്യ അന്യായം നല്‍കി. ബഹുമാനപ്പെട്ട കോടതി എന്റെ പ്രസ്താവന രേഖപ്പെടുത്തുകയും കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ കുര്യനോട് ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയക്കുകയും ചെയ്തു. എന്നാല്‍ കുര്യന്‍ കോടതിക്ക് മുമ്പാകെ ഹാജരാകുന്നതിനും വിചാരണ നേരിടുന്നതിന് പകരം ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളെയും അട്ടിമറിക്കുന്നതിന് വേണ്ടി സി.ആര്‍.പി.സി 482 പ്രകാരം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി കുര്യന്റെ പരാതി റദ്ദാക്കി. തുടര്‍ന്ന് അദ്ദേഹം ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി അദ്ദേഹത്തിന്റെ പരാതി അംഗീകരിച്ചുകൊണ്ട് പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവന്നിരുന്ന തുടര്‍ നടപടി ക്രമങ്ങള്‍ നിറുത്തി വെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
സുപ്രീം കോടതി നടപടിയെ സംബന്ധിച്ചിടത്തോളം എനിക്ക് സമന്‍സ് അയക്കുകയോ ഈ കേസില്‍ ഹാജരാകന്‍ എനിക്ക് അവസരം നല്‍കുകയോ ഉണ്ടായില്ല. കുര്യന്റെ അമിത സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്റെ ഉത്തമ വിശ്വാസം. അതുകൊണ്ട് തന്നെ എനിക്കിതില്‍ വേദനയുണ്ട്.
ഈ പരാതി വിണ്ടും വായിക്കണമെന്നും പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയാകാതെ നില്‍ക്കുന്ന കേസ് മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസ്സം നില്‍ക്കുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയെ പുനപരിശോധിക്കാന്‍ ഉള്ള സാധ്യതകള്‍ പരിഗണിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
29-1-2013
വിശ്വസ്തതയോടെ,