കുനാല്‍ കമ്രയെന്ന് പേര്; യാത്രക്കാരന്റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ
national news
കുനാല്‍ കമ്രയെന്ന് പേര്; യാത്രക്കാരന്റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ
ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2020, 5:09 pm

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍വെച്ച് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റൊരു യാത്രക്കാരനെയും വിലക്കി എയര്‍ ഇന്ത്യ. കുനാല്‍ കമ്ര എന്ന പേരുള്ള യാത്രക്കാരന്റ ടിക്കറ്റാണ് കമ്പനി റദ്ദാക്കിയത്.

ബോസ്റ്റണില്‍ സ്ഥിര താമസക്കാരനായ കുനാല്‍ കമ്ര കുടുംബാംഗങ്ങളെക്കാണാന്‍ ഇന്ത്യയില്‍ എത്തിയപ്പോഴാണ് സംഭവം. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മുംബൈയിലേക്കുള്ള യാത്രക്കൊരുങ്ങുകയായിരുന്നു ഇയാള്‍. അര്‍ണാബ് ഗോസ്വാമിയുമായുള്ള വിഷയത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാലിനെതിരെ ഇന്റിഗോ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയും വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൗണ്ടറില്‍ എത്തിയപ്പോഴാണ് തന്റെ പി.എന്‍.ആര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നതായി ഈ കുനാല്‍ കമ്ര ശ്രദ്ധിച്ചത്. തുടര്‍ന്ന് അധികൃതരോട് കാരണം അന്വേഷിച്ചപ്പോള്‍ കുനാല്‍ കമ്ര എന്ന പേര് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നതായി അറിയിക്കുകയായിരുന്നെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ‘അവര്‍ പറഞ്ഞ കാരണം എനിക്ക് മനസിലായി. പക്ഷേ, ആ പേരിലുള്ള എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല’, കുനാല്‍ കമ്ര പറഞ്ഞു.

സംഭവത്തില്‍ വിമാനാധികൃതര്‍ മറ്റൊരു ടിക്കറ്റ് തനിക്ക് അനുവദിച്ചെന്നും എന്നാല്‍ ഇത് താന്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് ടിക്കറ്റ് നല്‍കിയതെന്നും കുനാല്‍ കമ്ര പറഞ്ഞു.

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന് മുമ്പ് കമ്പനി തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘എന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല. എന്റെ പേരില്‍ മറ്റൊരാള്‍ ഉണ്ട് എന്നതാണ് ടിക്കറ്റ് റദ്ദാക്കാനുണ്ടായ കാരണം. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കാരണം ഒരേ പേരുള്ള ഒരുപാടാളുകള്‍ ഇവിടെയുണ്ട്’, കുനാല്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ചതിനെത്തുടര്‍ന്നായിരുന്നു സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് ഇന്‍ഡിഗോ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ ഇന്ത്യയും വിലക്കുമായി രംഗത്തെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ