നിശബ്ദരായതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്; ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡിനെതിരെ അര്‍ജുന്‍ കപൂര്‍
Film News
നിശബ്ദരായതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്; ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡിനെതിരെ അര്‍ജുന്‍ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th August 2022, 10:46 pm

കൊവിഡിന് ശേഷം തിയേറ്ററുകളില്‍ ആളെ കയറ്റാന്‍ പാടുപെടുന്ന ബോളിവുഡിനെയാണ് ഇന്ത്യന്‍ സിനിമ കാണുന്നത്. ഇതിനൊപ്പം ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡ് കൂടി വന്നതോടെ ഇരട്ടിപ്രഹരമാണ് ബോളിവുഡിന്.

ഒടുവില്‍ പുറത്ത് വന്ന ആമീര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ചദ്ദക്കും അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധനും സമാനമായ ബഹിഷ്‌കരണങ്ങള്‍ ലഭിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലര്‍ മുതല്‍ തന്നെ ബഹിഷ്‌കരണത്തിനുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു.

ബോയ്‌കോട്ട് ബോളിവുഡ് ക്യാമ്പെയ്‌നെതിരെ രംഗത്ത് വന്നിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. നിശ്ബദരായിരുന്നതോടെ തങ്ങള്‍ വലിയൊരു തെറ്റാണ് ചെയ്തതെന്ന് ബോളുവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

‘ഞങ്ങള്‍ കാണിച്ച മര്യാദ ബലഹീനതയായി കണ്ടു. പ്രവൃത്തി കൊണ്ട് മറുപടി നല്‍കാമെന്ന് വിചാരിച്ചു. ഇതൊക്കെ പോട്ടെന്ന് വെച്ചു. കുറെയധികം സഹിച്ചു. ഇപ്പോള്‍ ആളുകള്‍ക്ക് ഇത് ശീലമായി. എല്ലാവരും മുമ്പോട്ട് വന്ന് എന്തെങ്കിലും ചെയ്യണം. എന്തൊക്കെ എഴുതിയോ, എന്തൊക്കെ ഹാഷ് ടാഗുകള്‍ വന്നോ അതൊക്കെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെയധികം ദൂരെയാണ്. ചില അജണ്ടകള്‍ പെരുപ്പിച്ച് കാണിക്കുന്നു. അതൊന്നും നിലനില്‍ക്കുന്നുപോലുമില്ല.

ഇന്‍ഡസ്ട്രിക്ക് അതിന്റെ തിളക്കം നഷ്ടപ്പെടുകയാണ്. ഞങ്ങള്‍ കണ്ണടച്ചു, എങ്ങനെയേലും പോകട്ടെയെന്ന് കരുതി. തിയേറ്റുകള്‍ തുറക്കുമ്പോള്‍ സിനിമകള്‍ ഓടുമെന്നും എല്ലാം നല്ല രീതിയില്‍ ആകുമെന്നും കരുതി.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ ഇന്‍ഡസ്ട്രിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടു. ഇത് മനപ്പൂര്‍വം ഉണ്ടാക്കിയ നരേറ്റീവല്ലേ. ചില സിനിമകള്‍ നന്നായിരുന്നില്ല. സിനിമകള്‍ നന്നാവാതിരിക്കുമ്പോള്‍ നരേറ്റീവുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കുകയാണ്,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: The mistake we made was silence; Arjun Kapoor against the boycott Bollywood trend