ഹിന്ദി സീരിയലുകളിലൂടെ തുടങ്ങി, ഹൃത്വികിന്റെയും ഷാഹിദിന്റെയും ദുല്‍ഖറിന്റെയും നായികയായി; ആരാണ് മൃണാള്‍ താക്കൂര്‍
Film News
ഹിന്ദി സീരിയലുകളിലൂടെ തുടങ്ങി, ഹൃത്വികിന്റെയും ഷാഹിദിന്റെയും ദുല്‍ഖറിന്റെയും നായികയായി; ആരാണ് മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th August 2022, 5:48 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമത്തിന് റിലീസിന് പിന്നാലെ വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ലഫ്. റാമിന്റെയും സീതാമഹാലക്ഷ്മിയുടെയും പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്ററുകളില്‍ നിന്നും ഇറങ്ങുന്നത്.

ദുല്‍ഖര്‍-മൃണാള്‍ കെമിസ്ട്രി തന്നെയാണ് പ്രേക്ഷകരെല്ലാം എടുത്ത് പറയുന്ന ഘടകം. ബോളിവുഡില്‍ നിന്നുമെത്തി തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന മൃണാളിനെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്.

ഹിന്ദി സീരിയലുകളിലൂടെ നേരത്തെ തന്നെ പല പ്രേക്ഷകര്‍ക്കും സുപരിചിതയാണ് മൃണാള്‍. 2012ല്‍ പുറത്ത് വന്ന മുജ്‌സേ കുച് കെഹതി….യേ ഖാമോഷിയാന്‍ എന്ന ഹിന്ദി സീരിയലിലൂടെയാണ് മൃണാള്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.

2014ല്‍ പുറത്ത് വന്ന വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രമാണ് മൃണാളിന്റെ ആദ്യസിനിമ. 2018ല്‍ ഹൃത്വിക് റോഷന്‍ നായകനായ സൂപ്പര്‍ 30 എന്ന ചിത്രത്തിലൂടെയാണ് മൃണാളിന്റെ ബോളിവുഡ് പ്രവേശം. അതേവര്‍ഷം തന്നെ ഷാഹിദ് കപൂറിന്റെ ജേഴ്‌സിയിലും മൃണാള്‍ നായികയായി.

2021 രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ തൂഫാനിലും അവര്‍ പ്രധാനകഥാപാത്രമായി. ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. കാര്‍ത്തിക് ആര്യന്‍ നായകനായ ധമാക്കയാണ് സീതാ രാമത്തിന് മുമ്പ് പുറത്തിറങ്ങിയ മൃണാളിന്റെ ചിത്രം.

സീതാരാമത്തിലെ തന്റെ പ്രകടനത്തിലൂടെ തെന്നിന്ത്യക്കും പ്രിയങ്കരിയായിരിക്കുകയാണ് മൃണാള്‍. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു സീതാ രാമത്തിന്റെ റിലീസ്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച ഒരു പ്രണയകാവ്യമെന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: the journey of mrunal thakur, the heroine of sita ramam