'പുല, വാലായ്മ', മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ ഭൂമിയില്‍ പ്രവേശിക്കരുത്; പ്രത്യേക അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി
Kerala News
'പുല, വാലായ്മ', മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ ഭൂമിയില്‍ പ്രവേശിക്കരുത്; പ്രത്യേക അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 12:21 pm

കണ്ണൂര്‍: പുല, വാലായ്മ മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ വയലാട്ട് ഭൂമിയില്‍ പ്രവേശിക്കരുതെന്ന അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി. പയ്യന്നൂരിനടുത്തുള്ള കണ്ടോത്ത് പങ്ങടത്തെ ശ്രീ നീലങ്കൈ ഭഗവതി കഴകം ക്ഷേത്രകമ്മിറ്റിയാണ് ഇത്തരമൊരു പരസ്യ അറിയിപ്പുമായി ബോര്‍ഡ് വെച്ചിരിക്കുന്നത്.

വിശ്വകര്‍മ വിഭാഗക്കാരാണ് പങ്ങടം ശ്രീ നീലങ്കൈ ഭഗവതി കഴകം ക്ഷേത്രകമ്മിറ്റി ഭരിക്കുന്നത്. ഇവരാണ് ഇത്തരമൊരു ബോര്‍ഡ് വെച്ചതെന്നാണ് വിവരം.

പല ഇടങ്ങളിലും രഹസ്യമായി ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരസ്യമായി ബോര്‍ഡ് വെച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ വിരളമാണ്.

കുട്ടികള്‍ ജനിച്ചാല്‍ 16 ദിവസത്തേക്ക് അമ്മവീട്ടുകാര്‍ക്ക് അശുദ്ധി കല്‍പിക്കുന്ന ആചാരമാണ് വാലായ്മ. ഈ സമയത്ത് അമ്പലത്തില്‍ പോകരുത്, ക്ഷേത്രക്കുളത്തില്‍ ഇറങ്ങരുത് തുടങ്ങിയവയാണ് രീതി. 16ാം ദിവസം കഴിഞ്ഞ് രാവിലെ ഏതെങ്കിലും അമ്പലത്തില്‍ ചെന്ന് പുണ്യാഹം വാങ്ങി കൊണ്ട് വന്ന് വീട്ടില്‍ എല്ലായിടവും തെളിച്ച് ശുദ്ദി ആക്കിയാല്‍ മാത്രമേ അശുദ്ധി പോകൂ.

മരണവുമായി ബന്ധപ്പെട്ട ആചാരമാണ് പുല. ചിലര്‍ക്ക് 12 ദിവസവും മറ്റ് ചിലര്‍ക്ക് 13 ദിവസവുമാണ് പുല ഉണ്ടാകുന്നത്. പുലകുടി അടിയന്തരം എന്ന വാക്ക് ഇതുമായി ബന്ധപ്പെട്ടതാണ്. ഈ ദിവസങ്ങളില്‍ പുറത്ത് നിന്നും മരണവീട്ടില്‍ എത്തുന്നയാളുകള്‍ ആചാരത്തിന്റെ ഭാഗമായി വെള്ളം പോലും കുടിക്കാറില്ല. 12ാം ദിവസമോ 13ാം ദിവസമോ മരണവീട്ടില്‍ ബലിയിടല്‍ ചടങ്ങിന് ശേഷം എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതോടെയാണ് പുല അവസാനിക്കുന്നത്.

അതേസമയം, അറിയിപ്പുമായി ബന്ധപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

‘ജനറല്‍ കാറ്റഗറിയില്‍ തുടര്‍ന്നാല്‍ ആനുകൂല്യങ്ങള്‍ കിട്ടില്ലെന്ന് കണ്ട് സമരം ചെയ്ത് ഒ.ബി.സിയിലേക്ക് താഴ്ന്ന, ശതമാന കണക്കെടുത്താല്‍ മൂന്ന് ശതമാനം തികയ്ക്കാന്‍ കഴിയാത്ത ജാതി കൂട്ടത്തിന്റെ അഹങ്കാരമാണ് പയ്യന്നൂരിനടുത്തെ കണ്ടോത്ത് പങ്ങടത്തെ ഈ കാഴ്ച്ച’ എന്നാണ് വിഷയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ശരണ്യ എം. ചാരുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ബ്രാഹ്‌മണരെ വിളിച്ച് പാടത്ത് പണിയെടുപ്പിക്കാനും പറയൂ’, ‘ഈ ‘ജാതി’വിപ്ലവം കണ്ണൂരില്‍നിന്നുതന്നെ തുടങ്ങുന്നതില്‍ തികഞ്ഞ ഔചിത്യമുണ്ട്’,

‘പണ്ടെങ്ങാണ്ട് കുഴിച്ചുമൂടിയ മാലിന്യങ്ങള്‍ പലതും നായ മാന്തി വലിച്ച് പുറത്തിടുന്ന പോലെ…. ഓരോ ആചാരങ്ങള്‍… ബോര്‍ഡുകള്‍…ആചാര സംരക്ഷകര്‍… ആഹാ….’

‘ഇത് വെച്ചവന്മാരുടെ വീട്ടില്‍ അന്ന് വെള്ളം കയറിയപ്പോ കണ്ടിരുന്നു. അന്ന് ഇ പറഞ്ഞവര്‍ ഇല്ലെങ്കില്‍ ഇവരൊക്കെ പട്ടിണി കിടന്നു ചത്തേനെ’ തുടങ്ങിയ കമന്റുകളാണ് അറിയിപ്പ് ബോര്‍ഡിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്നത്.

Content Highlight: The impure do not enter the land of the goddess; Temple Committee with special Notification Board