പിന്‍കോഡ് സംവിധാനത്തിന് 50 വയസ്; എന്താണ് പിന്‍കോഡുകളും അവയുടെ ചരിത്രവും
national news
പിന്‍കോഡ് സംവിധാനത്തിന് 50 വയസ്; എന്താണ് പിന്‍കോഡുകളും അവയുടെ ചരിത്രവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2022, 3:25 pm

ന്യൂദല്‍ഹി: രാജ്യത്തെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കേ പിന്‍കോഡ് സംവിധാനത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. കൊറിയറുകള്‍, കത്തുകള്‍, മറ്റ് തപാല്‍ ഇനങ്ങള്‍ എന്നിവ അയക്കാന്‍ ഉപയോഗിക്കുന്ന തപാല്‍ സേവനത്തിന്റെ പിന്‍കോഡ് 1972 ഓഗസ്റ്റ് 15നായിരുന്നു ആരംഭിച്ചത്.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ബോര്‍ഡിലെ മുതിര്‍ന്ന അംഗവുമായിരുന്ന ശ്രീറാം ഭിക്കാജി വേലാങ്കറാണ് പിന്‍കോഡ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ആറ് അക്ക നമ്പറുകള്‍ ഉപയോഗിച്ചാണ് പിന്‍കോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. സ്വീകര്‍ത്താവിനെ കണ്ടെത്താന്‍ പോസ്റ്റ്മാനിന് എളുപ്പമാകാന്‍ വേണ്ടിയാണ് പിന്‍കോഡ് ഉപയോഗിക്കുന്നത്. പോസ്റ്റല്‍ സോണിനെയാണ് ആദ്യ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍മി പോസ്റ്റല്‍ സര്‍വീസുകളുടെ അക്കം ഒമ്പത് ആണ്.

പിന്‍കോഡിലെ രണ്ടാമത്തെ സംഖ്യ സൂചിപ്പിക്കുന്നത് സബ് റീജിയണാണ്. മൂന്നാമത്തെ സംഖ്യ സോര്‍ട്ടിങ് ജില്ലകളാണ് സൂചിപ്പിക്കുന്നത്.

പിന്‍ കോഡിന്റെ അവസാന മൂന്ന് അക്കങ്ങള്‍ സോണിന്റെ സോര്‍ട്ടിംഗ് ഡിസ്ട്രിക്റ്റിനുള്ളിലെ വ്യക്തിഗത പോസ്റ്റ് ഓഫീസുകള്‍ക്കുള്ളതാണ്.

ഒരേ പേരില്‍ തന്നെ വിവിധ സ്ഥലങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയപ്പോഴാണ് പിന്‍കോഡ് എന്ന സംവിധാനം ആരംഭിക്കുന്നത്. വ്യത്യസ്ത ഭാഷകളില്‍ എഴുതുന്ന വിലാസങ്ങളും പലപ്പോഴും പോസ്റ്റുമാന്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറുണ്ടായില്ല. ഇതിന് പ്രതിവിധി കൂടിയായിരുന്നു പുതിയ സംവിധാനം.

Content Highlight: The history Pincode and It’s usage