എഡിറ്റര്‍
എഡിറ്റര്‍
‘വിജിലന്‍സ് ഡയറക്ടര്‍ക്ക് തെറ്റുപറ്റി’; ജേക്കബ് തോമസിനെ സര്‍ക്കാര്‍ ‘തെറിപ്പിച്ചത്’ തന്നെയെന്ന് എം.എം മണി
എഡിറ്റര്‍
Saturday 1st April 2017 4:16pm

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെയാണെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി. ജേക്കബ് തോമസിന് വീഴ്ച പറ്റിയതിനാലാണ് മാറ്റിയതെന്നും മണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജേക്കബ് തോമസ് നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ജേക്കബ് തോമസിന് വീഴ്ച പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ പരിഗണിച്ച് തന്നെയാണ് വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ മാറ്റിയത്.

അഴിമതിക്കാര്‍ എല്ലാവരും ശിക്ഷിക്കപ്പെടണം. എം.എം മണി ഉള്‍പ്പെടെ ആര് അഴിമതി നടത്തിയാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ്, ടി.പി ദാസന്‍ ഉള്‍പ്പെട്ട സ്പോര്‍ട്സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് എന്നീ കേസുകളില്‍ കര്‍ശന നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതു കൂടാതെ ജിഷ കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് വിജിലന്‍സ് റിപ്പേര്‍ട്ട് നല്‍കിയതും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് നേരത്തേ തന്നെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement