സെലിബ്രിറ്റികള്‍ സൂക്ഷിക്കുക; ഫേസ്ബുക്ക് പേജ് കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ വലവിരിച്ചിട്ടുണ്ട്
Social Media
സെലിബ്രിറ്റികള്‍ സൂക്ഷിക്കുക; ഫേസ്ബുക്ക് പേജ് കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ വലവിരിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 5:30 pm

കോഴിക്കോട്: സെലിബ്രിറ്റികളുടെയും വലിയ ഫോളോവേഴ്സുള്ള മറ്റ് പേജുകളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംഘം കേരളത്തിലേക്കും വലവിരിക്കുന്നു. അവിശ്വസിനീയമായ ഓഫറുകള്‍ നല്‍കി പേജില്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിച്ചാണ് തട്ടിപ്പ്. ബിസിനസ് മാനേജര്‍ എന്ന സംവിധാനം കബളിപ്പിക്കുന്ന രീതിയില്‍ ഉപയോഗിച്ച് പേജിന്റെ നിയന്ത്രണം കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. ഈ രീതിയിലുള്ള തട്ടിപ്പ് മുന്‍പേ തന്നെയുണ്ടെങ്കിലും കേരളത്തിലും വ്യാപകമാവുകയാണ്. കൂടുതല്‍ ലൈക്ക് ഉള്ള ഫേസ്ബുക്ക് പേജുകള്‍ കണ്ടുപിടിച്ച് അതിന്റെ ഉടമസ്ഥര്‍ക്ക് മെസേജ് ചെയ്താണ് തട്ടിപ്പുകാര്‍ ഇരയെ കണ്ടെത്തുക.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

“നിങ്ങളുടെ പേജ് വാടകയ്ക്ക് എടുക്കാന്‍ താല്‍പര്യമുണ്ട്. ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ തരാന്‍ തയ്യാറാണ്. നിങ്ങള്‍ പേജിന്റെ നിയന്ത്രണം ഞങ്ങള്‍ക്ക് തരേണ്ടതില്ല. ഞങ്ങളുടെ രണ്ടു ലിങ്കുകള്‍ ദിവസേനെ പോസ്റ്റ് ചെയ്താല്‍ മാത്രം മതി. പണം മുന്‍കൂറായി തന്നെ നല്‍കും” എന്നാണ് കഴിഞ്ഞ ദിവസം ഒരു ചലചിത്രതാരത്തിന് വന്ന സന്ദേശം. മോശം കണ്ടെന്റ് ആണെന്ന് തോന്നിയാല്‍ ആ കണ്ടന്റുകള്‍ പ്രസിദ്ധീകരിക്കേണ്ടെന്നും സാമ്പിള്‍ ലിങ്കുകള്‍ അയച്ചു തരാമെന്നും മെസേജ് അയച്ചയാള്‍ പറഞ്ഞു.

ലിങ്കുകളിലെ ഉള്ളടക്കം പ്രശ്നമില്ലാത്തവയായതിനാല്‍ താരം പബ്ലിഷ് ചെയ്യാമെന്ന് സമ്മതിച്ചു. ഇമെയില്‍ അഡ്രസും ഷെയര്‍ ചെയ്തു. ഉടന്‍ തന്നെ ഫേസ്ബുക്കില്‍ നിന്ന് ഒരു മെയില്‍ മെയില്‍ ബോക്സിലേക്കെത്തി.

ഇവിടെ നിന്നാണ് തട്ടിപ്പ് ആരംഭിക്കുന്നത്. മെയില്‍ വന്നത് യഥാര്‍ത്ഥ ഫേസ്ബുക്കില്‍ നിന്ന് തന്നെയാണ്. “ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്ക് പെര്‍മിഷന്‍ നല്‍കിയിരിക്കുന്നു. നിങ്ങളുടെ പേര് നല്‍കുക” എന്നാണ് മെയിലിലെ ലിങ്ക് പിന്തുടര്‍ന്നാല്‍ ലഭിക്കുന്ന മെസേജ്. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ എന്നത് ഫേസ്ബുക്ക് പേജിന്റെ തന്നെ ഒരു സംവിധാനമായതിനാല്‍ ആരും സംശയിക്കില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തട്ടിപ്പുകാരുടെ പേജിന്റെ പേര് “ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍” എന്ന് നല്‍കി അതില്‍ നിന്നുള്ള ബിസിനസ് മാനേജര്‍ ആക്സസ് ആണ് ലഭിച്ചിരിക്കുന്നത്. ഇവിടെ ലോഗിന്‍ ചെയ്ത് അവര്‍ ചോദിക്കുന്ന പെര്‍മിഷന്‍ നല്‍കുന്നതോടെ പേജ് നിയന്ത്രണം അവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പെര്‍മിഷന്‍ ചോദ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇത്തരം സന്ദേശങ്ങള്‍ ഇപ്പോള്‍ പല സെലിബ്രിറ്റി പേജുകളിലേക്കും വന്നിട്ടുണ്ടെന്നും ഇത്തരത്തില്‍ പേജ് നഷ്ടപ്പെട്ടാല്‍ തിരിച്ച് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡിജിറ്റല്‍ മാര്‍ക്കറ്ററും സെലിബ്രിറ്റി പേജ് മാനേജറുമായ അനു പെരിങ്ങനാട് പറയുന്നു. “ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍, പേജ് മാനേജര്‍, നിങ്ങളുടെ തന്നെ പേജിന്റെ പേര്, തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പേരുകളിലുള്ള പേജില്‍ നിന്നാണ് അവര്‍ റിക്വസ്റ്റ് അയക്കുക. പേജില്‍ പോസ്റ്റ് ഇടുന്നതിന് ഫേസ്ബുക്ക് തന്നെ പെര്‍മിഷന്‍ ചോദിക്കുന്നതാണെന്ന് കരുതി നമ്മള്‍ റിക്വസ്റ്റ് സ്വീകരിക്കും. ഇതോടെ അവര്‍ക്ക് പേജ് നിയന്ത്രണം കിട്ടും. അപ്പോള്‍ തന്നെ നിങ്ങളെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാം. മറ്റ് രീതികളില്‍ പേജ് നഷ്ടപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇങ്ങനെ നഷ്ടപ്പെടുന്ന പേജുകള്‍ തിരിച്ച് കിട്ടാന്‍. പേജിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവരൊക്കെ പെട്ടുപോവും.” – അനു പറഞ്ഞു.

DoolNews Video