തടവിലാക്കപ്പെട്ടിട്ട് 128 ദിവസങ്ങള്‍; ഫാറൂഖ് അബ്ദുള്ളയുടെ തടവുകാലാവധി മൂന്നുമാസത്തേക്കു കൂടി നീട്ടി
national news
തടവിലാക്കപ്പെട്ടിട്ട് 128 ദിവസങ്ങള്‍; ഫാറൂഖ് അബ്ദുള്ളയുടെ തടവുകാലാവധി മൂന്നുമാസത്തേക്കു കൂടി നീട്ടി
ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 7:10 pm

ന്യൂദല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റ് അംഗവും മൂന്നുതവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ തടവ് കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു ഫാറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലാണ്. ഫാറൂഖ് അബ്ദുള്ളയുടെ വീട് സബ്ജയിലായി പരിഗണിച്ചാണ് തടങ്കലിലാക്കിയിരിക്കുന്നത്.

ഫാറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ഖ് അബ്ദുള്ളയാണ് 1978ല്‍ പൊതു സുരക്ഷാ നിയമം കൊണ്ടുവന്നത്. ഈ നിയമമനുസരിച്ചാണ് ഫാറൂഖ് അബ്ദുള്ളയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പൊതു സുരക്ഷാ നിയമപ്രകാരം വിചാരണ കൂടാതെ ഒരാളെ രണ്ടു വര്‍ഷം വരെ തടവില്‍ വെയ്ക്കാനാവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയത് സെപ്തംബര്‍ 17നാണ്. ഫാറൂഖ് അബ്ദുള്ളയെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കാനിരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിനെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയത്.

ഫാറൂഖിനെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമത്തിലെ പബ്ലിക് ഓര്‍ഡര്‍ ഭേദഗതി പ്രകാരം മൂന്നു മാസം മുതല്‍ ആറുമാസം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, ജമ്മു കശ്മീര്‍ മുന്‍മുഖ്യ മന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ടു തടങ്കിലിലാണ്.