എഡിറ്റര്‍
എഡിറ്റര്‍
രോഗമല്ല ആധാര്‍ തന്നെയാണ് ഈ 11 കാരിയെ കൊന്നത്
എഡിറ്റര്‍
Tuesday 17th October 2017 5:42pm

സെപ്റ്റംബര്‍ 28ന് അന്നത്തിനുവേണ്ടി ചോദിച്ചുകൊണ്ട് സന്തോഷി കുമാരിയെന്ന 11 കാരി മരണത്തിനു കീഴടങ്ങി. ജാര്‍ഖണ്ഡിലെ സിംഡേഗ സ്വദേശിയായ സന്തോഷി എട്ടുദിവസത്തോളം പട്ടിണി കിടന്നാണ് മരിച്ചത്. മാസങ്ങള്‍ക്കു മുമ്പ് അധികാരികള്‍ അവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതാണ് സന്തോഷിയെ പട്ടിണിയിലാക്കിയത്.


സെപ്റ്റംബര്‍ 28ന് അന്നത്തിനുവേണ്ടി ചോദിച്ചുകൊണ്ട് സന്തോഷി കുമാരിയെന്ന 11 കാരി മരണത്തിനു കീഴടങ്ങി. ജാര്‍ഖണ്ഡിലെ സിംഡേഗ സ്വദേശിയായ സന്തോഷി എട്ടുദിവസത്തോളം പട്ടിണി കിടന്നാണ് മരിച്ചത്. മാസങ്ങള്‍ക്കു മുമ്പ് അധികാരികള്‍ അവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതാണ് സന്തോഷിയെ പട്ടിണിയിലാക്കിയത്.

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ സന്തോഷിയുടെ കുടുംബത്തിന്റെ പേര് റേഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്ന കാര്യം ജില്ലാ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സമ്മതിച്ചിട്ടുണ്ട്. സാങ്കേതികമായ പ്രശ്‌നത്തിന്റെ പേരില്‍ അന്നം നിഷേധിച്ചതാണ് ഈ കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ പെണ്‍കുട്ടി മരിച്ചത് മലേറിയ കാരണമാണെന്ന് പറഞ്ഞ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ ആരോപണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

പക്ഷെ അപ്പോഴും ഒരു കാര്യം ഉറപ്പാണ്. നിലനില്‍പ്പിന് ഏക ആശ്രയമായ റേഷന്‍ ഭക്ഷ്യോല്പന്നം മാസങ്ങളായി ഭരണകൂടം ഈ കുടുംബത്തിന് നിഷേധിച്ചിരിക്കുകയാണെന്നത്. അവര്‍ രോഗം കൊണ്ടുമരിച്ചതാണെങ്കില്‍ കൂടി രോഗത്തോട് പൊരുതാനുള്ള ശക്തി പട്ടിണികാരണം അവള്‍ക്കുണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.

കൊയ്‌ലി ദേവി, സന്തോഷിയുടെ അമ്മ

വ്യവസ്ഥാപിതമായ ഒരു വലിയ പരാജയത്തിലേക്കാണ് ഈ വിഷയം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ രാജ്യത്തിലെ ഏറ്റവും അര്‍ഹരായ വലിയൊരു വിഭാഗത്തിന് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുകയാണ്.

ആഗസ്റ്റില്‍ തന്നെ ഈ കുടുംബത്തിന്റെ അവസ്ഥ പ്രാദേശിക ഭരണകൂടത്തിന് അറിയാമായിരുന്നു. പക്ഷെ അവര്‍ക്ക് ഒരു റേഷന്‍കാര്‍ഡ് സംഘടിപ്പിച്ചു നല്‍കാന്‍ അവര്‍ പിന്നെയും ഒന്നരമാസമെടുത്തു. അപ്പോഴേക്കും സന്തോഷി കുമാരി മരിച്ചിരുന്നു.

മതിയായ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളെയും അവിടുത്തെ ജനതയേയുമാണ് സാങ്കേതികതയെ ആശ്രയിക്കുന്ന ഭരണകൂടം ഏറെ പ്രതിസന്ധിയിലാക്കുന്നത്. അര്‍ഹരായിട്ടും ഫിംഗര്‍പ്രിന്റ് തെളിയാത്തതിന്റെ, മെഷീന്‍ തകരാറിന്റെ, കണക്ടിവിറ്റി ഇല്ലാത്തതിന്റെ, ആധികാരികമാണെന്ന് ഉറപ്പുവരുത്തുന്നതിലെ പ്രശ്‌നത്തിന്റെ പേരില്‍ റേഷന്‍ ഭക്ഷണം നിഷേധിക്കപ്പെട്ട ഒരുപാട് സംഭവങ്ങളുണ്ട്.

 

ആധികാരികത ഉറപ്പുവരുത്തുന്ന ഘട്ടത്തിനു മുമ്പു തന്നെ ജനങ്ങളെ ഇതുവലയ്ക്കുന്നുണ്ടെന്നതാണ് സന്തോഷിയുടെ കാര്യത്തിലൂടെ വെളിവാകുന്നത്.

ആധാര്‍ ലഭിക്കാത്തതിന്റെ അല്ലെങ്കില്‍ ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് പുറത്തായത്. സാങ്കേതിക സൗകര്യങ്ങളുണ്ടായാല്‍ തന്നെ പൗരന്മാര്‍ അവരുടെ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തു കിട്ടാന്‍ ഒട്ടും സുതാര്യമല്ലാത്ത ഭരണകൂട വ്യവസ്ഥകളെ ആശ്രയിക്കേണ്ടിവരും. ആനുകൂല്യങ്ങള്‍ ഏറ്റവും അത്യാവശ്യമായ പലര്‍ക്കും അത് കിട്ടാതിരിക്കാന്‍ ഇത് കാരണമാകുകയും ചെയ്യുന്നു.

ഇതൊക്കെയാണെങ്കിലും ആധാറിന്റെ പേരിലുള്ള ലാഭങ്ങളുടെ കണക്കുനിരത്തലുകള്‍ക്ക് ഒരു കുറവുമില്ല. ആധാറിന്റെ ശില്പിയായ നന്ദന്‍ നിലകേനി പറഞ്ഞത് ഇതു കാരണം ഗുണഭോക്താക്കളുടെയും തൊഴിലാളികളുടെയും ലിസ്റ്റില്‍ നിന്നും വ്യാജന്മാരെയും അപരന്മാരെയും ഇല്ലാതാക്കാന്‍ കഴിഞ്ഞതും അതുവഴി ട്രഷറിയ്ക്ക് 9 ബില്യണ്‍ ലാഭിക്കാനായെന്നുമാണ്.

 

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ലിങ്കു ചെയ്യല്‍ നിര്‍ബന്ധമാക്കിയതുവഴി സര്‍ക്കാറിന് മൂന്നുവര്‍ഷത്തിനുള്ളില്‍ 50,000 കോടി ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് നേരത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ അവകാശപ്പെട്ടിരുന്നു. വ്യാജമാണ്, അല്ലെങ്കില്‍ ഡൂപ്ലിക്കേറ്റാണ് എന്നു കണ്ടെത്തിയതിന്റെ പേരില്‍ 11.6ലക്ഷം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരും പൊങ്ങച്ചം പറഞ്ഞിരുന്നു. എന്നിരുന്നാലും ‘വ്യാജന്മാരെ’ , ‘ഡ്യൂപ്ലിക്കേറ്റുകളെ’ ഒഴിവാക്കിയെന്ന ഈ അവകാശവാദങ്ങള്‍ സംശയാസ്പദമാണ്.

കാരണം രാജസ്ഥാനില്‍ ആധാര്‍ കാര്‍ഡില്ല അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്ല എന്നു പറഞ്ഞ് ആയിരക്കണക്കിന് പെന്‍ഷനേഴ്‌സിനെയാണ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. എല്ലാ റേഷന്‍ കടകളിലും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ആധികാരികത നിര്‍ബന്ധമാക്കിയ ജാര്‍ഖണ്ഡില്‍ വെറും 49% ആളുകള്‍ക്കാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചത്.

നന്ദന്‍ നിലേകനി

സര്‍ക്കാര്‍ ജനങ്ങളോട് ഇടപെടുന്നതിനു പകരം സാങ്കേതികതയെ ഇടപെടീക്കുന്ന വ്യവസ്ഥയാണ് ആധാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയ്ക്കാണെങ്കില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ പരിഹരിക്കാനോ, വ്യവസ്ഥയിലെ എല്ലാതരം അഴിമതിയെയും ഇല്ലാതാക്കാനോ കഴിഞ്ഞിട്ടില്ല. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പുവരുത്തല്‍ രീതി തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും, ആധാര്‍ സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ചര്‍ച്ചയാവുന്ന സാഹചര്യത്തിലുമാണ് 11 കാരിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ‘ പ്രമാണിമാരുടെ സ്വകാര്യതയേക്കാള്‍ പൊതുജനങ്ങളുടെ ക്ഷേമമാണ് വിജയിക്കേണ്ടത്’ എന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍ ഭക്ഷണം, താമസം പോലുള്ള അടിസ്ഥാന സൗകര്യം പോലും ലഭിക്കാത്ത ജനങ്ങളുടെ മൗലികാവാശം സംരക്ഷിക്കുന്നതിലാണ് ആധാര്‍ പോലുള്ള പദ്ധതികളുടെ വിജയം. എന്നാല്‍ സന്തോഷിയുടെ മരണം സൂചിപ്പിക്കുന്നത് സര്‍ക്കാറിന്റെ തന്നെ പരീക്ഷണത്തില്‍ ആധാര്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നതാണ്.

കടപ്പാട്: ദ സ്‌ക്രോള്‍

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

Advertisement