ബി.ജെ.പി. വിരുദ്ധ മുന്നണി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു; കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് തേജസ്വി യാദവ്
national news
ബി.ജെ.പി. വിരുദ്ധ മുന്നണി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു; കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th June 2021, 9:52 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ ഒരു സഖ്യവും നിലനില്‍ക്കില്ലെന്ന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഇല്ലാത്ത ഒരു സഖ്യം ആലോചിക്കാന്‍ കൂടി കഴിയില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

‘ഏത് പ്രതിപക്ഷ സഖ്യവുമുണ്ടാകുന്നത് അതിനോടൊപ്പം കോണ്‍ഗ്രസ് ചേരുമ്പോഴാണ്. കോണ്‍ഗ്രസ് ആയിരിക്കണം അതിന്റെ അടിത്തറ,’ തേജസ്വി യാദവ് പറഞ്ഞു.

സമയം പോയിക്കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി. വിരുദ്ധ മുന്നണി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. കോണ്‍ഗ്രസ് ഇല്ലാതെ ഒരു സഖ്യത്തെക്കുറിച്ച് അലോചിക്കാന്‍ കൂടി കഴിയില്ല. നേതൃത്വത്തിനായി നമുക്ക് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ തേജസ്വി യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ത്തിയാവില്ലെന്ന് ശിവസേനയും പറഞ്ഞിരുന്നു.

എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയില്‍ എട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസിനെ അവഗണിച്ചുള്ള ഒരു മൂന്നാം മുന്നണിയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.

മൂന്നാം മുന്നണിയുടെ നേതൃത്വം സംബന്ധിച്ച കാര്യവും കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. സി.പി.ഐ.എം., സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു യോഗത്തിനെത്തിയത്.

അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The Congress had to be the base of any opposition grouping to take on the ruling BJP, Tejashwi Yadav