'ബി.ജെ.പിക്ക് എത്ര വോട്ട് കിട്ടുമെന്ന് എനിക്കെങ്ങനെ നേരത്തെ അറിയാനാണ്?'; സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്ത എം.എല്‍.എ
national news
'ബി.ജെ.പിക്ക് എത്ര വോട്ട് കിട്ടുമെന്ന് എനിക്കെങ്ങനെ നേരത്തെ അറിയാനാണ്?'; സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്ത എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2020, 9:49 pm

ജയ്പൂര്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍ പൂനിയ. പാര്‍ട്ടി തീരുമാനത്തിന് വിധേയമായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാത്തതിനാണ് എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തത്.

ആകെയുള്ള മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കാനായിരുന്നു സാധ്യത. എന്നാല്‍ ബി.ജെ.പി രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പി തങ്ങളെ പിന്തുണക്കുന്ന എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

‘പാര്‍ട്ടി എന്നെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എന്നോട് വിശദീകരണം ചോദിക്കുകയും ഞാനത് നല്‍കുകയും ചെയ്തു. അവര്‍ ഞാന്‍ പാര്‍ട്ടി തീരുമാനത്തെ ലംഘിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നു. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥിക്ക് എത്ര വോട്ട് കിട്ടുമെന്ന് എനിക്കെങ്ങനെ നേരത്തെ അറിയാന്‍ കഴിയും?’, ബല്‍വാന്‍ പൂനിയ ചോദിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ അച്ചടക്ക ലംഘനം കാണിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് എം.എല്‍.എയെ സസ്‌മെന്‍ഡ് ചെയ്യാനുള്ള തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അംറാ റാം പറഞ്ഞു.

മറ്റൊരു സി.പി.ഐ.എം എം.എല്‍.എയായ ഗിര്‍ദാരിലാല്‍ മാഹിയ ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലുമാണ് വിജയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ