Administrator
Administrator
ദി കളേഴ്‌സ് ഓഫ് മൗണ്ടന് സുവര്‍ണ്ണ ചകോരം
Administrator
Friday 16th December 2011 8:16pm

ഫോട്ടോ: രാംകുമാര്‍

തിരുവനന്തപുരം: കൊളമ്പിയന്‍ ചിത്രം ‘ദി കളേഴ്‌സ് ഓഫ് ദ മൗണ്ടേന്’ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം. 15 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനത്തുക. തുക സംവിധായകനും നിര്‍മ്മാതാവും തുല്യമായി പങ്കിടും. മികച്ച സംവിധായകനുള്ള രജതചകോരം ഇറാന്‍ ചിത്രമായ ‘ഫഌമിംഗോ നമ്പര്‍ 13’ന്റെ സംവിധായകനായ ഹമീദ് റാസ അലിഗോറിയന്‍ നേടി. ഫലകവും നാല് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

സലിം അഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ആദാമിന്റെ മകന്‍ അബു’ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളും നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡും നേടി. അമ്പതിനായിരം രൂപയാണ് സമ്മാനം. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സെബാസ്റ്റ്യന്‍ ഹിരിയത്ത് നേടി. മെക്‌സിക്കന്‍ ചിത്രമായ ‘എ സ്‌റ്റോണ്‍സ് ത്രോണ്‍ എവേ’യുടെ സംവിധായകനാണ് അദ്ദേഹം. ഫലകവും മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനം. പ്രേക്ഷക പുരസ്‌കാരം ചിലിയന്‍ സംവിധായകന്‍ പാബ്ലോ പെരല്‍മാന്റെ ‘ദി പെയിന്റിംഗ് ലെസണ്‍’ കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയാണ് സമ്മാനം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ടര്‍ക്കി ചിത്രമായ ‘ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍’ നേടി. ഒസാന്‍ ആല്‍പെര്‍ ആണ് സംവിധായകന്‍. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് ബംഗാളി സംവിധായിക അദിതിറോയ് നേടി. ചിത്രം ‘അറ്റ് ദി എന്‍ഡ് ഓഫ് അറ്റ് ഓള്‍’.

ബ്രൂസ് ബെറസ് ഫോര്‍ഡ് ചെയര്‍മാനും, ലോറന്‍സ് ഗാവ്‌റോണ്‍, ജഫ്രി ജെട്ടൂറിയന്‍, സെമിഹ് കപ്ലാനോഗ്ലു, രാഹുല്‍ ബോസ്, എന്നിവരടങ്ങിയ ജൂറിയാണ് മേളയിലെ പ്രധാന പുരസ്‌കാരങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനം കുറിച്ചുകൊണ്ട് നിശാഗന്ധിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ് മുഖ്യാതിഥിയായിരുന്നു. മേളയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ‘ദ കളേഴ്‌സ് ഓഫ് ദ മൗന്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ലോസ് സസാര്‍ അര്‍ബലസ് മന്ത്രി ഗണേഷ് കുമാറില്‍ നിന്ന് ഏറ്റുവാങ്ങി.

നല്ല ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് ജൂറി അവാര്‍ഡ് ജൂറി അംഗമായ ഡെഫ്‌നേ ഗുര്‍സോയ് സംവിധായിക അദിതി റോയിക്ക് നല്‍കി. ഫിപ്രസി അവാര്‍ഡ് ജൂറി അംഗമായ വിദ്യാശങ്കര്‍ ‘ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒസാന്‍ ആല്‍ഫറിന് നല്‍കി. മറ്റ് ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി ഗണേഷ്‌കുമാര്‍ വിതരണം ചെയ്തു.

മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റര്‍ അവാര്‍ഡ് ശ്രീപത്മനാഭയും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ തിയേറ്ററിനുള്ള അവാര്‍ഡ് ന്യു തിയേറ്ററും നേടി. അവാര്‍ഡുകള്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വിതരണം ചെയ്തു.

ജൂറി ചെയര്‍മാന്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ജൂറി അംഗങ്ങളായ ലോറന്‍സ് ഗാവ്‌റോണ്‍, രാഹുല്‍ ബോസ് എന്നിവരെ കൂടാതെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ ഇടവേള ബാബു, മാക്ട ചെയര്‍മാന്‍ ഹരികുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ് കുമാര്‍, ശശി പരവൂര്‍, ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി കെ.ജി.സന്തോഷ് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് തോല്‍പ്പാവക്കൂത്തിനെ അടിസ്ഥാനമാക്കി ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത ‘ദ ബിഗിനിംഗ്’ എന്ന കലാപരിപാടി നടന്നു. സീതാസ്വയംവരം, സീതാപഹരണം, രാമരാവണയുദ്ധം, പട്ടാഭിഷേകം എന്നിവ അടിസ്ഥാനമാക്കി 20 മിനിട്ട് ദൈര്‍ഘ്യമുള്ള പാവക്കൂത്ത് ഈ കലാവിരുന്നില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുശേഷം സുവര്‍ണ്ണമയൂരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ നിന്നും

ചലച്ചിത്ര മേളയില്‍ വന്‍ പോലീസ് സന്നാഹം

ഐ.എഫ്.എഫ്.കെ: അഞ്ചാം ദിനം

ഉത്സവ നഗരിയില്‍ നിന്ന് പത്രാധിപര്‍

പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു-more photos

ആദിമധ്യാന്തം പ്രദര്‍ശിപ്പിച്ചു; ഷെറിയുടെ കണ്ണുകള്‍ നിറഞ്ഞു

ചലച്ചിത്ര മേള: മലയാള സിനിമ പ്രതികരിക്കുന്നു

ചലച്ചിത്രോത്സവം: പ്രതിഷേധത്തിന്റെ മൂന്നാം നാള്‍

Malayalam news

Kerala news in English

Advertisement