ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഉദ്ധരിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). ‘ഘര്‍വാപസി’ നടക്കാത്ത പക്ഷം ആദിവാസികള്‍ ദേശവിരുദ്ധരായി മാറുമെന്ന് പ്രണബ് മുഖര്‍ജി തന്നോട്ട് പറഞ്ഞുവെന്ന മോഹന്‍ഭഗവതിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ് സി.ബി.സി.ഐ അറിയിച്ചു.
പ്രണബ് മുഖര്‍ജി ജീവിച്ചിരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറയാതിരുന്നതെന്നും സി.ബി.സി.ഐ ചോദിച്ചു. ആര്‍.എസ്.എസ് മേധാവിയുടെ ഈ പ്രസ്താവനയെ ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയായി മാത്രമേ കാണാനാകൂ എന്നും സി.ബി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് പലപ്രാവശ്യം നിരോധിക്കപ്പെട്ടതും സംഘര്‍ഷങ്ങളില്‍ പങ്കാളികളായതിന്റെ നീണ്ട ചരിത്രമുള്ളവരുമായ സംഘടനയാണ് ഇപ്പോള്‍ ക്രൈസ്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെന്നും സി.ബി.സി.ഐ കുറ്റപ്പെടുത്തി. മോഹന്‍ ഭഗവതിന്റെ പ്രസ്താവന രാജ്യത്തെ ക്രൈസ്തവരെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും ഇത്തരം വിനാശകരമായ നിലപാടുകളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമങ്ങളും പിന്‍മാറണമെന്നും സി.ബി.സി.ഐ പ്രസ്താവിച്ചു.
പലഘട്ടങ്ങളിലായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ വിവിധ ആദിവാസി വിഭാഗങ്ങളെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ‘ഘര്‍വാപസി’ നടത്തിയില്ലായിരുന്നെങ്കില്‍ അവര്‍ ദേശവിരുദ്ധരായി മാറുമായിരുന്നു എന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ആര്‍.എസ്.എസ്. മേധാവിയുടെ പ്രസ്താവന. ഇന്‍ഡോറിലെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന.
പാര്‍ലമെന്റില്‍ ‘ഘര്‍വാപസി’ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ താന്‍ രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചിരുന്നെന്നും ഈ ഘട്ടത്തിലാണ് പ്രണബ് മുഖര്‍ജി തന്നോട് ഇക്കാര്യം പറഞ്ഞത് എന്നുമാണ് ആര്‍.എസ്.എസ് മേധാവിയുടെ അവകാശ വാദം. എന്നാല്‍ 2020 അന്തരിച്ച പ്രണബ് മുഖര്‍ജിയുമായി അദ്ദേഹം രാഷ്ട്രപതിയായിരുന്ന ഘട്ടത്തില്‍ ആര്‍.എസ്.എസ്. മേധാവി കൂടിക്കാഴ്ച നടത്തിയതിന്റെ ഒദ്യോഗിക രേഖകളൊന്നും ലഭ്യമല്ല.
content highlights: The Catholic Bishops Conference of India (CBCI) criticized the statement of RSS Chief Mohan Bhagwat, Quoting former President Pranab Mukherjee