എഡിറ്റര്‍
എഡിറ്റര്‍
വൈ.സി മോദിയുടെ എന്‍.ഐ.എ പദവി ; മോദിയെ എതിര്‍ത്ത ബി.ജെ.പി മന്ത്രിയുടെ കൊലക്കേസ് അട്ടിമറിച്ചതിന് പ്രതിഫലമോ ?
എഡിറ്റര്‍
Tuesday 19th September 2017 5:05pm

ഗുജറാത്ത് കലാപക്കേസും സംസ്ഥാനത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകവും അന്വേഷിച്ച സി.ബി.ഐ സംഘത്തിന്റെ ഭാഗമായിരുന്ന വൈ.സി മോദിയെ കേന്ദ്രം എന്‍.ഐ.എ തലവനായി നിയമിച്ചിരിക്കുകയാണ്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം ഹരേന്‍പാണ്ഡ്യ കേസില്‍ (2007) പ്രത്യേക പോട്ട (പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട്) കോടതി 12 പേരെ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. എന്നാല്‍ 2011ല്‍ ഗുജറാത്ത് ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. 8 വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് ഇവര്‍ക്ക് ജയില്‍ മോചനം സാധ്യമായത്.

12 പേരെയും വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായ ഡി.എച്ച് വഗേലയും ജെ.സി ഉപാധ്യായയും സി.ബി.ഐ അന്വേഷണത്തെ വിമര്‍ശിച്ചിരുന്നു.

അന്വേഷണം മുഴുവന്‍ പിഴവ് നിറഞ്ഞതും ‘പടുപണി’യാണെന്നുമാണ് കോടതി പറഞ്ഞത്. തെറ്റായ അന്വേഷണം കൊണ്ട് സംഭവിച്ച നീതിനിഷേധത്തിനും ഉപദ്രവങ്ങള്‍ക്കുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നും കോടതി പറഞ്ഞിരുന്നു.

ഹരേന്‍ പാണ്ഡ്യ

കേസിലെ പ്രോസിക്യൂഷന്റെ വാദങ്ങള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റസമ്മത മൊഴികളായിരുന്നു അന്വേഷണ സംഘം തെളിവുകളായി അവതരിപ്പിച്ചിരുന്നത്.

അന്വേഷണം തെറ്റാണെന്നിരിക്കെ പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴികള്‍ പ്രകാരം ഒരാളെ കൊലപാതകക്കേസില്‍ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. തന്റെ കാറിനുള്ളില്‍ വെച്ചാണ് ഹരേന്‍പാണ്ഡ്യ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നത് മുതലുള്ള സി.ബി.ഐയുടെ കണ്ടെത്തലുകളില്‍ കോടതി സംശയം പ്രകടിപ്പിക്കുകയാണുണ്ടായത്.

പാണ്ഡ്യയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നെങ്കിലും കാറിനുള്ളില്‍ തുള്ളിരക്തം പോലും ഉണ്ടായിരുന്നില്ല. പാണ്ഡ്യയുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ ഏഴു മുറിവുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും 5 ബുള്ളറ്റുകള്‍ മാത്രമാണ് കണ്ടെടുക്കാനായിരുന്നത്. ശാസ്ത്രീയമായ പരിശോധനകളടക്കം നടത്തിയെങ്കിലും മറ്റു രണ്ട് ബുള്ളറ്റുകള്‍ കാറില്‍ നിന്നോ സമീപത്ത് നിന്നോ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഹരേന്‍പാണ്ഡ്യ കാറിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടിട്ടില്ലെന്നതിന്റെ സൂചനകളായിരുന്നു ഇത്.

കേസ് സി.ബി.ഐ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കൊണ്ട് ഹരേന്‍പാണ്ഡ്യയുടെ കുടുംബം രംഗത്തുവന്നിരുന്നു. 2002 കലാപത്തിന് പ്രതികാരമായി കൊലപ്പെടുത്തിയതാണെന്ന സി.ബി.ഐയുടെ വാദം തള്ളിയ പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യ കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ ‘രോഷം പ്രകടിപ്പിക്കാന്‍’ ഹിന്ദുക്കളെ അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് ഹരേന്‍ പാണ്ഡ്യ ഔട്ട്‌ലുക്കിനോട് പറഞ്ഞിരുന്നു. ഗുജറാത്ത് കലാപം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം മന്ത്രിയായിരിക്കെ രഹസ്യമായാണ് പാണ്ഡ്യ ഇക്കാര്യം ഔട്ട്‌ലുക്കിനോട് വെളിപ്പെടുത്തിയത്. മോദി വിളിച്ച മീറ്റിങ്ങിനെ കുറിച്ച് സഞ്ജീവ് ഭട്ടും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ 2002 ആഗസ്റ്റില്‍ സര്‍ക്കാരില്‍ നിന്നും പാണ്ഡ്യരാജിവെച്ചിരുന്നു. തന്റെ പേര് വെളിപ്പെടുത്തിയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഔട്ട്‌ലുക്ക് പത്രപ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു. പിന്നീട് ഏഴ് മാസങ്ങള്‍ക്ക് ശേഷം 2003 മാര്‍ച്ച് 26നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

ഗോധ്ര തീവെപ്പില്‍ കൊലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടു വന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്നും അന്നത്തെ ക്യാബിനറ്റ് യോഗത്തില്‍ പാണ്ഡ്യ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

അന്ന് ഗുജറാത്തില്‍ മോദി സര്‍ക്കാരിന്റെ ഭാഗമായിരുന്നവരും സുപ്രധാന കേസുകള്‍ അന്വേഷിക്കുകയും ചെയ്ത പല ഉദ്യോഗസ്ഥരെയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ട്. 2014 മുതല്‍ 14 ഐ.എസ്.എസ് ഉദ്യോഗസ്ഥരെയാണ് ഗുജറാത്തില്‍ നിന്നും ദല്‍ഹിയിലേക്ക് മാറ്റിയത്. ഇക്കൂട്ടത്തില്‍പ്പെട്ടതാണ് വൈ.സി മോദിയുടെ നിയമനവും.

നിലവിലെ എന്‍.ഐ.എ തലവനായ ശരദ്കുമാറിന് രണ്ടു തവണ മോദി സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തിരുന്നു. സംഝോത സ്‌ഫോടനക്കസ്, പത്താന്‍കോട്ട് ഭീകരാക്രമണം, ബര്‍ദ്വാന്‍ സ്‌ഫോടനം, കശ്മീരിലെ ഭീകരാക്രമണ കേസുകള്‍ തുടങ്ങിയവയെല്ലാം ശരത്കുമാറിന് കീഴിലാണ് നടന്നത്.

2017 ജൂലൈയില്‍ ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന അചല്‍കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. റെവന്യൂ സെക്രട്ടറി ഹശ്മുഖ് അധിയ, പവര്‍ സെക്രട്ടറി പി.കെ പൂജാരി, കൊമേഴ്‌സ് സെക്രട്ടറി റിത തിയോതിയ, കോര്‍പറേറ്റ് അഫയേഴ്‌സ് സെക്രട്ടറി തപന്‍ റായ്, പ്രധാനമന്ത്രിയുടെ ഓഫീസ് ജോയന്റ് സെക്രട്ടറി അരവിന്ദ് കുമാര്‍ ശര്‍മ് എന്നിവരെല്ലാം ഗുജറാത്തില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയ പ്രമുഖരാണ്.

കഴിഞ്ഞ വര്‍ഷം കേന്ദ്രം സി.ബി.ഐ തലവനാക്കിയ രാകേഷ് അസ്താന, എ.കെ പട്‌നായിക്ക് (നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്) എന്നിവരാണ് ഐ.പി.എസ് നിരയില്‍ നിന്നും ദല്‍ഹിയിലെത്തിയത്.

Advertisement