2019ല്‍ മോദി തരംഗം ആവര്‍ത്തിക്കില്ല! കാരണങ്ങള്‍
National Politics
2019ല്‍ മോദി തരംഗം ആവര്‍ത്തിക്കില്ല! കാരണങ്ങള്‍
ആമിര്‍ പള്ളിക്കാല്‍
Sunday, 27th January 2019, 11:44 pm

2019 – ല്‍ ഇന്ത്യ ആരു ഭരിക്കും? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമോ 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമോ ആയിരുന്നു ഈ ചോദ്യമെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നമ്മള്‍ ഉത്തരത്തിലേക്ക് എത്തുമായിരുന്നു- ബി.ജെ.പി !. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഈ ചോദ്യത്തിനു അനായാസം ഒരു ഉത്തരം നല്‍കുക സാധ്യമല്ല.

കാരണം, ഹിന്ദി ഹൃദയ ഭൂമിയിലുള്‍പ്പെടെ ബി.ജെ.പി അമ്പേ പരാജയപ്പെടുകയും പ്രാദേശിക പാര്‍ട്ടികള്‍ അതതു സംസ്ഥാനങ്ങളില്‍ അവരുടെ ശക്തമായ സാന്നിധ്യം ബി.ജെ.പി വിരുദ്ധമുന്നണിയില്‍ അറിയിക്കുകയും രാഷ്ട്രീയ അതിജീവനത്തിനു അനിവാര്യമായ സഖ്യത്തിലേര്‍പ്പെടുകയും ചെയ്തതും, രാഹുല്‍ ഗാന്ധിയിലൂടെ , അസ്തമയത്തിനു ശേഷം ഉദയം എന്ന പ്രപഞ്ച സത്യം അന്വര്‍ത്ഥമാക്കുന്ന നിലയില്‍ കോണ്‍ഗ്രസ്സ് ഉദിച്ചുയരുന്നതുമെല്ലാം 2019 -ല്‍ ഇന്ത്യ ആരു ഭരിക്കും എന്ന ചോദ്യത്തെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സിലേക്ക് പ്രേക്ഷകനെ കൊണ്ടു പോകുന്ന നിലയിലേക്ക് എത്തിക്കുന്നു.

2017 ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കു അവിടെ 2104 ല്‍ ലഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മൃഗീയ ഭൂരിപക്ഷത്തിന്റെ തനിയാവര്‍ത്തനമായിരുന്നു.അധികാരത്തിലിരുന്ന എസ്.പിയെ തകര്‍ത്ത് മുഖ്യ പ്രതിപക്ഷ കക്ഷികളായിരുന്ന ബി.എസ്.പി- കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ നാമാവശേഷമാക്കുന്ന പ്രകടനം നിയമസഭയിലും ബി.ജെ.പി പുറത്തെടുത്തപ്പോള്‍ 2019-ല്‍ ഇന്ത്യ ആര്‍ക്കൊപ്പം എന്ന ചോദ്യം പോലും അപ്രസക്തമായിരുന്നു.പക്ഷെ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും ഉയര്‍ന്ന് കേള്‍ക്കാത്ത യോഗി ആദിത്യനാഥിനെ പോലുള്ള തീവ്ര ഹിന്ദുത്വവാദിയെ ന്യൂനപക്ഷ-ദളിത് ഭൂരിപക്ഷ സംസഥനത്ത് നൂലില്‍ കെട്ടി മുഖ്യമന്ത്രിയായ് അവരോധിച്ചിടത്ത് ബി.ജെ.പിക്ക് പിഴച്ചു എന്നത് സമകാലിക തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

 

ഒരു ഭരണകര്‍ത്താവ് എങ്ങനെ ആകരുത് എന്ന് യോഗി രാജ്യത്തിനു തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നപ്പോള്‍ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് ബി.ജെ.പിക്ക് തിരിച്ചറിയാന്‍ ആയില്ല. ഉത്തേന്ത്യന്‍ സംസ്ഥാനങ്ങളിലും എന്തിനേറെ കേരളത്തില്‍ പോലും യോഗി ആദിത്യനാഥിനെ കെട്ടിയിറക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി ലക്ഷ്യം വെച്ച തീവ്ര ഹൈന്ദവ സമീപനം അവര്‍ക്ക് തന്നെ വിനയാകുന്നതായി വ്യത്യസ്ത നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നല്‍കിയ ഫലങ്ങള്‍.

ചുമരുണ്ടങ്കിലേ ചിത്രം വരയ്ക്കനാകൂ എന്ന സത്യം വൈകിയാണെങ്കിലും മനസ്സിലാക്കിയ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ കൈകോര്‍ത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നിലം പരിശാക്കിയതും ആ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീണ്ട് 38-38 എന്ന തര്‍ക്ക രഹിത സീറ്റ് വിഭജനത്തിലേക്ക് എത്തിയതും ബി.ജെ.പിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ബ്രാഹ്മണ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനെ സഖ്യത്തിനു പുറത്ത് നിര്‍ത്തുന്നു എന്ന് അഖിലേഷും മായാവതിയും പ്രഖ്യാപിച്ചതിലൂടെ സാധാരണക്കാരന്റെ മുന്നണി എന്ന മുഖഛായയും തെരഞ്ഞെടുപ്പിനു ശേഷമുള്ള വിലപേശലും ഇതിനോടകം എസ്പി-ബി എസ്.പി സഖ്യം ഉയര്‍ത്തിക്കഴിഞ്ഞു!.

 

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനു തിരിച്ചടി നല്‍കിയെങ്കിലും അധികാര രാഷ്ട്രീയത്തില്‍ എങ്ങനെ പെരുമാറണം എന്ന വലിയ പാഠം പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ആദ്യമായ് ബി.ജെ.പിയുടെ പദ്ധതികളെ തകര്‍ത്തു കളയുന്ന മുന്നണി രൂപീകരണവുമായി കോണ്‍ഗ്രസ് കളം നിറഞ്ഞ് കളിച്ചപ്പോള്‍ “”ഇത് ഇത്രയേ ഉള്ളൂ”” എന്ന തോന്നല്‍ രാജ്യത്തെ സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരിലും പ്രതിപക്ഷ കക്ഷികളിലും ഉണ്ടാക്കി.

യുപിയിലെ സമാജ്‌വാദി പാര്‍ട്ടികളുടെ സഖ്യം പോലും കര്‍ണ്ണാടക മോഡല്‍ കടമെടുത്തു കൊണ്ടുള്ളതാണു. നിലവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ്-ആപ് സഖ്യത്തില്‍ എത്തി നില്‍ക്കുന്നു ഇത്.

ഏകപക്ഷീയമാകും എന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ 100-ല്‍ താഴെ സീറ്റുകളില്‍ ഒതുക്കിയതും വോട്ട് ശതമാനത്തില്‍ ഉള്ള അന്തരം 7% ആക്കി കുറച്ചതും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ വിജയം തന്നെയാണു.പഞ്ചാബില്‍ “ക്യാപ്റ്റന്റെ” തേരിലേറി കോണ്‍ഗ്രസ്സ് തലയുയര്‍ത്തിയതും മഹാരാഷ്ട്രയിലുള്‍പ്പെടെയുള്ള ഹിന്ദിഭൂമികയില്‍ തീക്ഷ്ണമായ കര്‍ഷക സമരങ്ങളും ചെറു പാര്‍ട്ടികളുടെ ബി.ജെ.പിയോടുള്ള പിണക്കങ്ങളും കോണ്‍ഗ്രസ്സ് വോട്ടാക്കി മാറ്റുകയും ചെയ്താല്‍ ഒരുപക്ഷെ അവര്‍ പോലും പ്രതീക്ഷിക്കാത്ത ഒരു വിജയം ഉത്തരേന്ത്യയില്‍ നേടാന്‍ കഴിയും

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 76 സീറ്റുകളിലും എസ് പി – ബിഎസ്പി സഖ്യം മത്സരിക്കുമ്പോള്‍ തകരുന്നത് ബി.ജെ.പിയുടെ പ്രതീക്ഷകളാണു. 70 ല്‍ അധികം സീറ്റുകള്‍ നേടി, യു.പി പിടിച്ചവര്‍ ഇന്ത്യ ഭരിക്കും എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കിയ ബി.ജെ.പി പൂര്‍വ്വാവസ്ഥയിലേക്ക് നാമാവശേഷം ആകുമോ എന്നതാണു കൗതുകം. യു.പിയിലെ സമാജ് വാദി പാര്‍ട്ടികളുടെ വെല്ലുവിളിയെ എത്രത്തോളം ബി.ജെ.പി അതിജീവിക്കുന്നുവോ അത്രയ്ക്കും സാധ്യതകള്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അവര്‍ക്കുണ്ട്.

 

39 ലോക്‌സഭാ സീറ്റുകള്‍ ഉള്ള തമിഴ്നാടിലിത്തവണ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ മൃഗീയ ഭൂരിപക്ഷം നേടും എന്ന് നിസ്സംശയം പറയാം. കാരണം, ജയലളിതയുടെ മരണശേഷം എ.ഐ.ഡി.എം.കെയുടെ രാഷ്ട്രീയ പാപ്പരത്തവും ജീര്‍ണ്ണതയും തമിഴ് ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നനിലയില്‍ ആയിരുന്നു. ഡി.എം.കെ ഔദ്യോഗികമായി കോണ്‍ഗ്രസ്സ് സഖ്യം അംഗീകരിക്കുകയും രാഹുല്‍ ഗാന്ധിയേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുകയും ചെയ്ത് കഴിഞ്ഞു.

അധികാരം കൈയ്യാളുന്ന മഹാരാഷ്ട്രയില്‍ ആകെ 48 ലോക്‌സഭാ സീറ്റുകള്‍ ഉണ്ടെങ്കിലും ശിവസേന ഇടഞ്ഞു നില്‍ക്കുന്നത് ഗുണകരമാവില്ല എന്നതാണു വിലയിരുത്തല്‍. ഒരുകാലത്ത് ഇടതു കോട്ടയായിരുന്ന 42 ലോക്‌സഭാ സീറ്റുകള്‍ ഉള്ള പശ്ചിമ ബംഗാളില്‍ തൃണുമുല്‍ കോണ്‍ഗ്രസ്സ് വ്യക്തമായ ഭൂരിപക്ഷം നേടും എന്നതില്‍ തര്‍ക്കമില്ല. സി.പി.ഐ.എമ്മും കോണ്‍ഗ്രസും സാന്നിധ്യമാകുന്ന അവിടെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷകള്‍ ഇക്കുറി ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ബി.ജെ.പി വിരുദ്ധ മുന്നണിയുടെ ഒരു കടിഞ്ഞാണ്‍ മമതാ ബാനര്‍ജ്ജിയുടെ കൈയ്യിലും ഉണ്ട് എന്നത് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണായകമാക്കുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലുമായി 60 സീറ്റുകളാണു ലോക്‌സഭയിലേക്ക് ഉള്ളത്. നിലവില്‍ ഭരണം നഷ്ടപ്പെട്ട ബി.ജെ.പിക്ക് അവിടെ നിലം തൊടാനാകുമോ എന്നത് സംശയമാണ്. പക്ഷെ കോണ്‍ഗ്രസ്സ് വ്യക്തമായ നേട്ടം ഈ സംസ്ഥാനങ്ങളില്‍ കണക്കു കൂട്ടുന്നു.

 

കേരള, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒറീസ, പശ്ചിമ ബംഗാള്‍, ഡല്‍ഹി , ചത്തീഗഢ്, മധ്യപ്രദേശ്,രാജസ്ഥാന്‍ ,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും സമാജ് വാദി പാര്‍ട്ടികളുടെ സഖ്യത്തോടെ ഉത്തര്‍പ്രദേശും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നല്‍കുക പരാജയത്തിന്റെ രുചിയായിരിക്കും. ശക്തി കേന്ദ്രങ്ങളായ ഗുജറാത്ത്, ഉത്തര്‍പ്രദേശ്,ജാര്‍ഖഢ്,ഉത്തരാഖഢ്, അരുണാചല്‍ പ്രദേശ്, ത്രിപുര,മണിപ്പൂര്‍,ഗോവ എന്നിവിടങ്ങളില്‍ മൃഗീയമായ ഒരു അനുകൂല തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി പോലും പ്രതീക്ഷിക്കുന്നുണ്ടോ എന്നത് സംശയമാണ്.

സഖ്യത്തിലേര്‍പ്പെട്ട് ഭരണം നടത്തുന്ന ബീഹാര്‍,സിക്കിം,മേഘാലയ,നാഗാലാന്റ്, മിസ്സൊറാം എന്നീ സംസ്ഥാനങ്ങളിലും പാതി വഴിയില്‍ സഖ്യം ഉപേക്ഷിച്ച് പിന്മാറിയ ജമ്മു കാശ്മീരിലും ഇത്തവണ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

വികസനം എന്ന മുദ്രാവക്യം രാജ്യസ്‌നേഹത്തില്‍ പൊതിഞ്ഞ് ഒരു കുഴലിലൂടെ സധാരണക്കാരന്റെ വായിലേക്കൊഴിച്ച് കൊടുക്കുമ്പോള്‍ സമാന്തരമായി മറ്റൊരു കുഴലിലൂടെ അവനിലേക്ക് തീവ്ര ഹിന്ദുത്വത്തിന്റെ വര്‍ഗ്ഗീയതയുടെ വിഷവും കയറ്റി വിടുന്നതാണു മോഡി സ്‌റ്റൈല്‍. ചോദ്യം ചെയ്യുന്നവന്റെ മതവും ജാതിയും രാഷ്ട്രീയവും ചോദ്യചിഹ്നമാക്കി രാജ്യസ്‌നേഹം അധികാരത്തിലിരിക്കുന്ന തങ്ങളെ സ്‌നേഹിക്കലാണു എന്ന് മോഡി പറയാതെ പറയാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

 

ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിനും, വസ്ത്രം ധരിച്ചതിനും, പേരു വിളിച്ചതിനും, ജോലി ചെയ്യുന്നതിനും മുസ്‌ലിമും ദലിതനും രാജ്യത്ത് വ്യാപകമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപെടുകയും ചെയ്തു. തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം എന്ന എക്കാലത്തെയും വര്‍ഗ്ഗീയ മുദ്രാവാക്യമല്ലാതെ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഭരണ നേട്ടം പോലുമില്ല ബി.ജെ.പിക്ക്!.

രാജ്യം കടുത്ത അതൃപതിയിലാണു. നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തികമായി ഉണ്ടാക്കിയ നഷ്ടവും സാമ്പത്തിക അസമത്വവും ഇതിനോടകം സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായ് മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ ഉദ്പാതന ശേഷിയെ ഇല്ലാതാക്കുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും പൊതു കടം ഇരട്ടിപ്പിക്കുകയും ചെയ്തു അര്‍ദ്ധരാത്രികളിലെ സാമ്പത്തിക വിപ്ലവങ്ങള്‍.

തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയും അഴിമതി സാധാരണമാവുകയും ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പൂര്‍ണ്ണപരാജയമാവുകയും ചെയ്തതോടൊപ്പം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന നാടകം പൊളിയുക മാത്രമല്ല കള്ളപ്പണക്കാര്‍ സര്‍ക്കാര്‍ ഒത്താശയോടെ രാജ്യം വിടുകയും ചെയ്യുന്നത് മോഡിഫൈഡ് ഇന്ത്യയില്‍ നാം കണ്ടു. കര്‍ഷകര്‍ അവരുടെ അവകാശ സംരക്ഷണത്തിനു ആത്മഹത്യ ചെയ്യുകയും, മറ്റു കര്‍ഷകര്‍ അവരുടെ അസ്ഥികൂടങ്ങളുമായ് ലോങ്ങ് മാര്‍ച്ചുകള്‍ നടത്തി ഭരണകേന്ദ്രങ്ങള്‍ സ്ഥംഭിപ്പിച്ചതും വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളിലെ കാവി വല്‍കരണത്തിനെതിരെ തുടര്‍ സമരങ്ങള്‍ നടത്തിയതും മോഡി സര്‍ക്കാരിന്റെ അജണ്ടകളെ ചോദ്യം ചെയ്യുന്നതായിരുന്നു.

 

മോഡി പ്രഭാവം അസ്തമിച്ചിട്ടുണ്ട്. അമിത്ഷാ തന്ത്രങ്ങള്‍ മൂര്‍ച്ചയില്ലാതായിട്ടുണ്ട്. യോഗിമാര്‍ വര്‍ഗ്ഗീയവാദികളാണെന്നും ഭരണത്തലവന്മാരെല്ലെന്നും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉള്‍പാര്‍ട്ടിപ്പോരു ഗഡ്കരിയുടെ രൂപത്തിലും സഖ്യത്തിനകത്ത് ശിവസേനയുടെ രൂപത്തിലും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. എതിര്‍ ചേരിയില്‍ രാഹുല്‍ എന്ന “പപ്പുമോന്‍” അനിഷേധ്യ നേതാവാകുകയും തുടര്‍ വിജയങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്.

മമതയും സ്റ്റാലിനും ചന്ദ്രബാബുനായിഡുവും അഖിലേഷ് യാദവും മായാവതിയും കെജ്‌രിവാളും ദേവഗൗഡയും രാഹുലിനൊപ്പം കൈകോര്‍ക്കുകയും ഇടതു പാര്‍ട്ടികള്‍ യെച്ചൂരിയുടെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വരികയും ചന്ദ്രശേഖര്‍ റാവു പിന്തുണ നല്‍കുകയും ഒരു ബി.ജെ.പി വിരുദ്ധ മുന്നണി യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം ! 2019-ല്‍ ഇന്ത്യ ബി.ജെ.പി ഭരിക്കില്ല! പിന്നെ ആരു ഭരിക്കും എന്ന പ്രവചനം പോലും പ്രവചനാതീതമാണു. എങ്കിലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എയോ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്‍ ഏതെങ്കിലും ഒരു പ്രാദേശിക പാര്‍ട്ടിയുടെ പ്രധാനമന്ത്രിയോടെ ബി.ജെ.പി വിരുദ്ധ മുന്നണിയോ 2019 ല്‍ ഇന്ത്യ ഭരിക്കും .