'ഹിന്ദു വര്‍ഗീയതയാല്‍ സ്വയം പരാജയം ഏറ്റുവാങ്ങി ബി.ജെ.പി.'
Opinion
'ഹിന്ദു വര്‍ഗീയതയാല്‍ സ്വയം പരാജയം ഏറ്റുവാങ്ങി ബി.ജെ.പി.'
ജാവിദ് ലായിഖ്
Wednesday, 12th February 2020, 4:03 pm
ദല്‍ഹിയില്‍ ഹിന്ദു വോട്ടര്‍മാരെ മുന്നില്‍ക്കണ്ട് ബി.ജെ.പി ആസൂത്രണം ചെയ്ത പ്രചാരണപരിപാടികളിലൂടെ, രാജ്യദ്രോഹികളും ബലാത്സംഗ വീരന്മാരുമെല്ലാം മുസ്‌ലിങ്ങളാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെല്ലാം ദല്‍ഹിയിലെ ഹിന്ദു വോട്ടര്‍മാര്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് വോട്ടുചെയ്തോളുമെന്നുമാണ്'ഹിന്ദുസംരക്ഷകര്‍' കരുതിയത്.

മൊഴിമാറ്റം: കെ.എന്‍.കണ്ണാടിപ്പറമ്പ്

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, വിഷം വമിക്കുന്ന നുണകളാണ് ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചത്. കപില്‍ മിശ്ര, അമിത് ഷാ, ആദിത്യനാഥ്, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കള്‍ പരസ്യമായിത്തന്നെ വര്‍ഗീയ പരാമര്‍ശം നടത്തി രംഗത്ത് വന്നു. പക്ഷേ ആ തന്ത്രം അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിളക്കത്തെക്കാള്‍ ശ്രദ്ധേയമായത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭയാനകമായ പതനമാണ്.

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, എം.പിമാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന വലിയൊരു ‘സൈനിക വൃന്ദത്തെ’ രംഗത്തിറക്കി സര്‍വ്വതന്ത്രങ്ങളും പയറ്റി ദല്‍ഹിയിലെ വോട്ടര്‍മാരെ വശത്താക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ഒടുവില്‍ പരാജയപ്പെട്ടിരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, അത്യന്തം വിഷലിപ്തമായ ആരോപണങ്ങളുമായാണ് ബി.ജെ.പി രംഗത്ത് വന്നത്. അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ കേന്ദ്ര ധനമന്ത്രി, തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ‘രാജ്യദ്രോഹികളെ’ വെടിവച്ചുകൊല്ലുന്നതിനാണ് ആഹ്വാനം ചെയ്തത്.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധമാണ് എന്ന് മറ്റൊരു ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നല്‍കി. ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളിലെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യാന്‍, ഷാഹീന്‍ ബാഗിലെ വനിതാ പ്രക്ഷോഭകര്‍ പ്രേരണ നല്‍കുന്നതായി ഒരു ബി.ജെ.പി എം.പിയും ആരോപിച്ചു.

ദല്‍ഹിയില്‍ ഹിന്ദു വോട്ടര്‍മാരെ മുന്നില്‍ക്കണ്ട് ബി.ജെ.പി ആസൂത്രണം ചെയ്ത പ്രചാരണപരിപാടികളിലൂടെ, രാജ്യദ്രോഹികളും ബലാത്സംഗ വീരന്മാരുമെല്ലാം മുസ്‌ലിങ്ങളാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെല്ലാം ദല്‍ഹിയിലെ ഹിന്ദു വോട്ടര്‍മാര്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് വോട്ടുചെയ്തോളുമെന്നുമാണ്’ഹിന്ദുസംരക്ഷകര്‍’ കരുതിയത്.

80% ഹിന്ദുക്കളുള്‍പ്പെടുന്ന ദല്‍ഹിയിലെ വോട്ടര്‍മാര്‍ ഫെബ്രുവരി എട്ടിന് വോട്ട് രേഖപ്പെടുത്തിയത്, ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യ ‘വെള്ളവും വെളിച്ചവും’ അവകാശവാദത്തിന് മാത്രമല്ല, ബി.ജെ.പി പിന്തുടര്‍ന്ന് വരുന്ന കടുത്ത മുസ്‌ലിം വിരുദ്ധതക്കെതിരെക്കൂടിയാണ്. ഹിന്ദുക്കളില്‍ ബഹുഭൂരിഭാഗവും വര്‍ഗീയ ചിന്താഗതിക്കാരും കടുത്ത മുസ്‌ലിം വിരോധികളുമാണെന്ന തെറ്റായ ധാരണയായിരുന്നു ബി.ജെ.പി വെച്ചുപുലര്‍ത്തിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടര്‍മാര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ സാമുദായിക പ്രചാരണങ്ങളെ തിരസ്‌കരിക്കുകയും അധികാരത്തില്‍ നിന്ന് അവരെ പുറന്തള്ളുകയും ചെയ്തു.

ഹരിയാന, ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞെങ്കിലും ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടിയ ഉത്തര്‍പ്രദേശാണ് ഇതിന് ഒരേയൊരപവാദം.

ബി.ജെ.പിയുടെ പ്രചരണം ഭൂരിഭാഗം ഹിന്ദുക്കളും സാമുദായിക ചിന്താഗതിക്കാരല്ലെന്ന് തെളിയിച്ചതിനോടൊപ്പം മുസ്‌ലീങ്ങള്‍ക്കു ചില ഗുണങ്ങള്‍ കൂടി കിട്ടി. 2014 തൊട്ട് ബി.ജെ.പി നടത്തിക്കൊണ്ടിരുന്ന നിരന്തരമായ ഭീഷണികളും ‘ലവ് ജിഹാദ്’, തീവ്രവാദം, പാകിസ്ഥാനോടുള്ള കൂറ്, വിഘടനവാദം എന്നിങ്ങനെയുള്ള ആരോപണങ്ങളും ഗോമാംസം ഭക്ഷിക്കുന്നവരായും പശു കള്ളക്കടത്തുകാരായും ചിത്രീകരിച്ചു നടത്തിയ അതിക്രൂരമായ ആള്‍കൂട്ടക്കൊലകളുമെല്ലാം 2019 ഡിസംബറില്‍ മുസ്‌ലിംവോട്ടുകള്‍ ഏകീകരിക്കുന്നതിലാണ് കലാശിച്ചത്.

ഇന്ത്യയിലുടനീളം -പൂനെ മുതല്‍ പാറ്റ്ന വരെയും ഉത്തരാഖണ്ഡിലെ ചെറുപട്ടണങ്ങള്‍ മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയും, പ്രതിഷേധവുമായിറങ്ങാന്‍ ഹതാശയരായ ഒരു സമൂഹം ഐക്യപ്പെട്ടു.

പൗരത്വ (ഭേദഗതി) നിയമം, കഴിഞ്ഞ അഞ്ചുവര്‍ഷമായി അവമതിക്കും അക്രമണത്തിനും ഇരയാക്കപ്പെടുന്ന ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധവും വിസമ്മതവും പരസ്യമായി പ്രകടിപ്പിക്കാനുള്ള ഒരു തീപ്പൊരി മാത്രമായിരുന്നു. സ്ത്രീകളുടെ നായകത്വത്തില്‍ ഇന്ത്യയിലുടനീളം ഷാഹീന്‍ബാഗുകള്‍ രൂപപ്പെട്ടതങ്ങനെയാണ്.

താഴ്ന്ന തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് സമരരംഗത്തേക്ക് വന്ന സ്ത്രീകള്‍ അവരുടെ ദേശസ്‌നേഹവും പുരുഷാധിപത്യനിരാസവും, മതാഭിമാനവും പരസ്യമായി പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതരായവരായിരുന്നു.

ദൃഢനിശ്ചയമുള്ള ഈ സ്ത്രീജനങ്ങളുടെ പോരാട്ടത്തെ പിന്തുണക്കാന്‍, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുതല്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വരെയുള്ള അമ്പതോളം കാമ്പസുകളിലെ വിദ്യാര്‍ത്ഥികളടക്കം വിവിധ മതസമുദായങ്ങളില്‍പെട്ട ലക്ഷക്കണക്കായ പൗരന്മാര്‍ രംഗത്തുവരുന്ന ആവേശകരമായ കാഴ്ചയ്ക്കാണ് രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചത്.

 

കടപ്പാട് : ദി വയര്‍

 

ജാവിദ് ലായിഖ്
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍. 1977 മുതല്‍ സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍വറിക് റിപ്പബ്ലിക് എന്ന പുസ്തകത്തിന്റെ രചയിതാവ്.