'പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരി'; ഒ.ടി.ടിയിലും സീതാ രാമത്തെ ഏറ്റെടുത്ത് പ്രേക്ഷകര്‍; ദുല്‍ഖറിന് അഭിനന്ദന പ്രവാഹം
Film News
'പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരി'; ഒ.ടി.ടിയിലും സീതാ രാമത്തെ ഏറ്റെടുത്ത് പ്രേക്ഷകര്‍; ദുല്‍ഖറിന് അഭിനന്ദന പ്രവാഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th September 2022, 8:04 am

കഴിഞ്ഞ ഓഗസ്റ്റില്‍ തെന്നിന്ത്യയില്‍ ചര്‍ച്ചയായ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായ ചിത്രത്തിന് തിയേറ്ററില്‍ വമ്പന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലഫ്. റാമിന്റെയും സീതയുടെ പ്രണയം കണ്ട് കണ്ണ് നിറഞ്ഞുവെന്ന് തിയേറ്ററില്‍ നിന്നിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിന് സീതാ രാമം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററിലെന്നത് പോലെ ഒ.ടി.ടി പ്രേക്ഷകരുടെയും മനസ് നിറച്ചിരിക്കുകയാണ് സീതാ രാമം. മൂവി ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ച വിഷയമായിരിക്കുകയാണ് ചിത്രം.

മൃണാളിന്റെയും ദുല്‍ഖറിന്റെയും കോമ്പോ ഗംഭീരമായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്നും പ്രേക്ഷകര്‍ പറയുന്നു. ഒപ്പം ദുല്‍ഖറിന്റെ പ്രകടനവും പലരും എടുത്ത് പറയുന്നുണ്ട്. ക്ലൈമാക്‌സിലെ ഇമോഷണല്‍ രംഗങ്ങളില്‍ കണ്ണ് നനയിക്കുന്ന പ്രകടവനമാണ് ദുല്‍ഖര്‍ നടത്തിയതെന്ന് ചിലര്‍ കുറിച്ചു. റാം സീതക്ക് കത്ത് എഴുതുന്ന രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ക്ലാസ് മൂവി എന്നാണ് സീതാ രാമം കണ്ടവര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

സീതാ രാമത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ചില പ്രേക്ഷക പ്രതികരണങ്ങള്‍.

‘ഈ ഒരു പടം ശരിക്ക് പറഞ്ഞാല്‍ ഒരു കംപ്ലീറ്റ് ദുല്‍ഖര്‍ ഷോ ആണ്. പ്രത്യേകിച്ച് ക്ലൈമാക്‌സിനോടടുക്കുന്ന ഇമോഷണല്‍ രംഗങ്ങളില്‍ തന്റെ റേഞ്ച് എവിടെവരെ പോകുമെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. പ്രണയ രംഗങ്ങളിലെ നാച്ചുറല്‍ ആക്ടിങ് സിനിമയെ വേറൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്,’ മന്‍മോഹന്‍ മോഹനന്‍ കുറിക്കുന്നു.

സിന്‍ഡ്രല കഥയുടെ ജെന്‍ഡര്‍ വേര്‍ഷനാണ് സീതാ രാമമെന്നും സാധാരണക്കാരനെ സ്‌നേഹിച്ച രാജകുമാരിയുടെ കഥ അതിമനോഹരമായിരുന്നുവെന്നും ലോറന്‍സ് മാത്യു കുറിച്ചു.

ഓരോ സിനിമ കഴിയുംതോറും ദുല്‍ഖര്‍ എന്ന സ്റ്റാര്‍ മെറ്റീരിയലിനെ മാത്രമല്ല അയാളിലെ നടനേയും തേച്ചു മിനുക്കി കൊണ്ടിരിക്കുകയാണെന്ന് അര്‍ഷക് അഭിപ്രായപ്പെട്ടു.

സിനിമയിലെ മനോഹരമായ വിഷ്വല്‍സും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും പാട്ടുകളും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് പ്രേക്ഷകര്‍ പറയുന്നു. സീതാ രാമത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ വരാനിരിക്കുന്ന ദുല്‍ഖറിന്റെ ഹിന്ദി ചിത്രം ചുപിനും പ്രതീക്ഷകളേറുകയാണ്.

Content Highlight: The audience praising Sita Rama in OTT too, Dulquer is showered with compliments