'അറസ്റ്റ് അവരുടെ ഊര്‍ജം ഇല്ലാതാക്കാന്‍'; മെഹ്ബൂബയുടെ അറസ്റ്റില്‍ ആദ്യ പ്രതികരണവുമായി മകള്‍
Kashmir Turmoil
'അറസ്റ്റ് അവരുടെ ഊര്‍ജം ഇല്ലാതാക്കാന്‍'; മെഹ്ബൂബയുടെ അറസ്റ്റില്‍ ആദ്യ പ്രതികരണവുമായി മകള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 8:49 am

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തത് അവരുടെ ഊര്‍ജം ഇല്ലാതാക്കാനാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അവരുടെ മകള്‍ ഇല്‍ത്തിജ ജാവേദ്.

ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയറി’നോടായിരുന്നു ഇല്‍ത്തിജയുടെ പ്രതികരണം. ഇപ്പോള്‍ കശ്മീരിലുള്ള ഇല്‍ത്തിജയുമായി ഏറെ ശ്രമപ്പെട്ടാണ് തങ്ങള്‍ ബന്ധപ്പെട്ടതെന്ന് ദ വയര്‍ പറയുന്നു.

കശ്മീരില്‍ നിരോധനാജ്ഞ കൂടാതെ, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയ്ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂര്‍ കൂടി ഇതു തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായിരുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കശ്മീരിലെ മാധ്യമങ്ങളുടെയെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആഗസ്റ്റ് നാലിനാണ് അവസാനമായി വാര്‍ത്ത അപ്‌ഡേഷന്‍ നടന്നിട്ടുള്ളത്.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.

ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.

ഉത്തര്‍ പ്രദേശ്, ഒഡീഷ, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ് സൈനികരെ ജമ്മു കശ്മീരിലെത്തിച്ചിട്ടുള്ളത്.