മന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന അനുചിതം; സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി; വിമര്‍ശനവുമായി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി
Kerala
മന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന അനുചിതം; സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി; വിമര്‍ശനവുമായി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th September 2021, 2:02 pm

കോട്ടയം: മന്ത്രി വി.എന്‍. വാസവനെ വിമര്‍ശിച്ച് കോട്ടയം താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി. മന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് ഷംസുദ്ദീന്‍ മന്നാനി പ്രതികരിച്ചു.

എതിര്‍ക്കുന്നവര്‍ ഭീകരവാദികള്‍ എന്ന രീതിയിലായിപ്പോയി മന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനയോടെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായെന്നും മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗത്തെ വേദനിപ്പിച്ചെന്നും ഇമാം ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് പ്രസ്താവന വിവാദമായതിന് പിന്നാലെ സമവായ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത ആളായിരുന്നു ഷംസുദ്ദീന്‍ മന്നാനി.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ സി.എസ്.ഐ സഭ ബിഷപ്പിനൊപ്പം ഷംസുദ്ദീന്‍ മന്നാനി കഴിഞ്ഞ ദിവസം സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ലവ് ജിഹാദോ നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും ഷംസുദ്ദീന്‍ മന്നാനിയും പറഞ്ഞിരുന്നു.

പ്രദേശത്തിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണം. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഉലച്ചിലുണ്ടാകരുത്. സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാണിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ പാലാ ബിഷപ്പിന്റെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ ഷംസുദ്ദീന്‍ മന്നാനിയാണ് ആദ്യമായി മാധ്യമങ്ങളെ കണ്ട് വിഷയത്തില്‍ മുസ്‌ലിം വിഭാഗത്തിനുള്ള എതിര്‍പ്പ് അറിയിച്ചത്. ഇത്തരമൊരു പരാമര്‍ശം ബിഷപ്പ് നടത്താന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഈ രീതിയിലേക്ക് സഭ പോകരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കോട്ടയം മുസ്‌ലിം ഐക്യവേദിയുടെ അധ്യക്ഷന്‍ കൂടിയാണ് ശംസുദ്ദീന്‍ മന്നാനി.

കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എന്‍. വാസവന്‍ ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് പുറത്തെത്തിയ മന്ത്രി വാസവന്‍ കൂടികാഴ്ച സൗഹൃദത്തിന്റെ പേരില്‍ ആണെന്നായിരുന്നു പറഞ്ഞത്.

പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്നും ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള അദ്ദേഹം നന്നായി സംസാരിക്കാന്‍ കഴിവുള്ള വ്യക്തി കൂടിയാണെന്നും പറഞ്ഞിരുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്‌നമാക്കാന്‍ ശ്രമം നടത്തുന്നത് തീവ്രവാദികളാണെന്നും മന്ത്രി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thazhathangadi Imam Shamsudhin Mannani against Minister V.N. Vasavan Statement