തസ്‌നിബാനു കേസ് ഒതുക്കാന്‍ നേരത്തെയും ശ്രമം നടന്നു
Kerala
തസ്‌നിബാനു കേസ് ഒതുക്കാന്‍ നേരത്തെയും ശ്രമം നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2011, 10:48 am

വിവാദ പ്രസ്താവനക്കു പിറകില്‍ കേസ് ഒതുക്കാനുള്ള
സാംസ്‌കാരിക പ്രവര്‍ത്തകന്റെ ശ്രമം

കൊച്ചി: ഐ.ടി ജീവനക്കാരി തസ്‌നിബാനുവിനെ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനടുത്ത് സദാചാര പൊലീസ് ചമഞ്ഞ യുവാക്കള്‍ മര്‍ദിച്ച സംഭവത്തില്‍ ഫിഫ്ത് എസ്‌റ്റേറ്റ് സാംസ്‌കാരിക കൂട്ടായ്മ പുറത്തിറക്കിയ വിവാദ പ്രസ്താവനക്കു പിന്നില്‍ ഗൂഡാലോചനയെന്നു സൂചന. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ തുടക്കത്തിലേ ശ്രമിച്ച് പരാജയപ്പെട്ട സംസ്‌കാരിക പ്രവര്‍ത്തകനാണ് പ്രസ്താവനക്ക് പിറകിലെന്നാണ് വിവരം.

തസ്‌നിബാനു സംഭവവുമായി ബന്ധപ്പെട്ട് “കാക്കനാട് സംഭവത്തില്‍ ജനങ്ങളും സ്ത്രീ പക്ഷവും ശത്രുതയിലാവരുത്” എന്ന തലക്കെട്ടിലാണ് ഈ മാസം 23ന് ഫിഫ്ത് എസ്‌റ്റേറ്റിന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്. കൂട്ടായ്മയുടെ കണ്‍വീനറും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍, മുന്‍ നക്‌സല്‍ നേതാവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ കെ.വേണു, ഇടതു പക്ഷ ചിന്തകനായ എന്‍.എം പിയേഴ്‌സണ്‍, സ്ത്രീപക്ഷ പ്രവര്‍ത്തകയായ ജ്യോതിനാരായണന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

അപഥസഞ്ചാരിണിയെന്ന് തെറ്റിദ്ധരിച്ചാണ് ചില നാട്ടുകാര്‍ തസ്‌നിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതെന്നതടക്കം പ്രസ്താവനയിലെ പല പരാമര്‍ശങ്ങളും തുടര്‍ന്ന് വിവാദമായി. കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ളതും തസ്‌നി കേസില്‍ അനുരഞ്ജന സാധ്യത മുന്നോട്ടു വെക്കുന്നതുമായ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. കൂട്ടായ്മക്കകത്തുനിന്നും സമാനമായ പ്രതികരണങ്ങളാണ് ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന്, രണ്ട് ദിവസത്തിനു ശേഷം പ്രസ്താവന പിന്‍വലിച്ചതായി ഫിഫ്ത് എസ്‌റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ മറ്റൊരു പ്രസ്താവന പ്രസിദ്ധീകരിച്ചു. കൂട്ടായ്മയുടെ കണ്‍വീനര്‍ കൂടിയായ ബി.ആര്‍.പി ഭാസ്‌കര്‍ മലയാളം വായന എന്ന സ്വന്തം ബ്ലോഗിലുടെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രസ്താവന തെറ്റായിരുന്നെന്നും വേദനാജനകമായിരുന്നെന്നും ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹംവ്യക്തമാക്കി.

ജനാധിപത്യ വ്യവസ്ഥക്ക് സംഭവിക്കുന്ന അപചയത്തിന് തടയിടുക, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗനിര്‍ദേശവും പ്രചോദനവും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തികച്ചും ജനാധിപതര്യപരവും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയിലാണ് ഫിഫ്ത് എസ്‌റ്റേറ്റ് രംഗത്തു വന്നത്. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മുന്‍കൈയില്‍ രൂപം കൊണ്ട കൂട്ടായ്മ അതിവേഗം ജനശ്രദ്ധ നേടിയിരുന്നു. ഈ സല്‍പ്പേരിന് കളങ്കം വരുത്തുന്നതാണ് പുതിയ സംഭവമെന്നാണ് സംഘടനക്കകത്തു തന്നെ ഉയര്‍ന്ന വിമര്‍ശം. വസ്തുതകള്‍ പഠിക്കാതെയും അപഗ്രഥിക്കാതെയും തിടുക്കപ്പെട്ട് തയ്യാറാക്കിയ പ്രസ്താവന കൂട്ടായ്മയെക്കുറിച്ച് മോശം പ്രതിഛായ സൃഷ്ടിക്കാന്‍ കാരണമായി എന്നാണ് ആഭ്യന്തര വിലയിരുത്തല്‍.

ഇതിനിടെയാണ് പ്രസ്താവനക്കു പിറകിലുള്ള മറ്റു ഇടപെടലുകളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നത്. സംഭവം നടന്ന ഉടന്‍ തസ്‌നിബാനു ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകനാണ് വിവാദ പ്രസ്താവനക്കു പിറകിലെന്നാണ് സൂചന. കാക്കനാട് സ്വദേശിയായ ഇദ്ദേഹത്തിന് പ്രദേശവാസികളായ പ്രതികളുമായി നല്ല പരിചയമുള്ളതായി പറയുന്നു. പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് ഇദ്ദേഹവും പ്രശ്‌നത്തില്‍ ആദ്യം ഇടപെട്ട സ്ത്രീപ്രവര്‍ത്തകയും ശ്രമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.സംഭവം നടന്ന രാത്രി തന്നെ പരാതി നല്‍കാതെ പ്രശ്‌നം ഒതുക്കാനായിരുന്നത്രെ ശ്രമം.

എന്നാല്‍, ശാരീരിക വേദനകളെ തുടര്‍ന്ന് തസ്‌നി ആശുപത്രിയില്‍ ചെല്ലുകയും മറ്റ് ചില മനുഷ്യാവകാശ, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയുകയും ചെയ്തതോടെ സംഭവം വലിയ വാര്‍ത്തയായി. കേസ് ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ബോധ്യമായതോടെ ഇതേ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സമൂഹത്തില്‍ ഏറെ വിശ്വാസ്യതയുള്ള കൂട്ടായ്മയെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ആദ്യഘട്ടത്തില്‍ കേസില്‍ ഇടപെട്ട സ്ത്രീപ്രവര്‍ത്തകയെ അടക്കം പങ്കാളിയാക്കി പ്രസ്താവന ഇറക്കിയത് കേസ് ഒത്തുതീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നെന്നും പറയുന്നു. എന്നാല്‍, പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നതോടെ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.