Administrator
Administrator
സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?
Administrator
Saturday 13th August 2011 3:59pm

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി (സി.ഐ.ഐ) മുന്‍ ഡയറക്ടറും കൊക്ക കോളയുടെ അന്താരാഷ്ട്ര ഉപദേശകനുമായിരുന്ന തരുണ്‍ദാസിനെ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കയാണ്. വിവാദമായ നീരറാഡിയ ടാപ്പില്‍ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ടയാളാണ് തരുണ്‍ദാസ്. കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കിയത് തന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് നീരാ റാഡിയയോട് തരുണ്‍ദാസ് വെളിപ്പെടുത്തുന്നതാണ് ടാപ്പില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യ ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് ഏറെക്കാലമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആ കോര്‍പറേറ്റുകള്‍ എങ്ങിനെയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു നീരാറാഡിയാ ടാപ്പ്. അധികാരത്തിന്റെ ഇടനാഴികളില്‍ രാപ്പാര്‍ക്കുന്ന ഇത്തരം ദല്ലാളുമാരാണ് ഇന്ത്യയെ ഭരിക്കുന്നതെന്ന തിരിച്ചറിവായുന്നു റാഡിയ ടാപ്പ്. ഇത്തരത്തിലൊരു ദല്ലാളിനെ കേരളത്തിലെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നാം ക്ഷണിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്? ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?

ഡോ. വന്ദനശിവ, ആക്ടിവിസ്റ്റ്

തരുണ്‍ദാസ് കോര്‍പറേറ്റ് വക്താവ് എന്ന നിലയില്‍ പ്രസിദ്ധനായ ആളാണ്. ഇത്തരത്തില്‍ ഒരാളെ കേരളത്തിന്റെ വികസനം തീരുമാനിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെയുള്ള പേരുകേട്ട കേരള വികസന മോഡല്‍ തന്നെ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്ലാച്ചിമടയില്‍ ജലചൂഷണത്തിനെതിരെ കേരള ജനത നേടിയ വിജയം അന്നത്തെ സര്‍ക്കാറിന്റെ സഹായത്തോടെയായിരുന്നു. സ്വതന്ത്ര നിലപാടുകളുള്ള സര്‍ക്കാറുകള്‍ക്ക് മാത്രമേ ജലചൂഷകരായ കമ്പനികള്‍ക്കെതിരെ നിലപാടെടുക്കാനാകൂ.

ഇന്ന് സര്‍ക്കാര്‍ സ്വതനത്രമായല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് കൊക്കക്കോള ഗവണ്‍മെന്റ് ആയി മാറിയിരിക്കയാണ്. കൊക്കക്കോളയുടെ ഉപദേശകനായി ഒരാള്‍ പ്ലാനിങ് ബോര്‍ഡിലുണ്ടായിരുന്നെങ്കില്‍ പ്ലാച്ചിമടയിലെ വിജയം ഒരിക്കലും നടക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്ന് കരുതുന്നു.


സി.ആര്‍ നീലകണ്ഠന്‍, ആക്ടിവിസ്റ്റ്

തരുണ്‍ദാസിനെ കേരളത്തിന്റെ ആസൂത്രണ ബോര്‍ഡ് അംഗമാക്കിയത് അംഗീകരിക്കാനാവുന്ന നടപടിയല്ല. നീരാ റാഡിയയുമായും 2ജി സ്‌പെക്ട്രവുമായെല്ലാം ഇദ്ദേഹത്തിന് ബന്ധമുണ്ട്. മാത്രമല്ല കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ജനങ്ങളും എതിര്‍ത്ത കൊക്കൊക്കോളയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവുമാണ്.

ഇത്തരത്തില്‍ ഒട്ടും സ്വീകാര്യനല്ലാത്ത ഓരാളെ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു.കേരളത്തിന്റെ ആസൂത്രണ അജണ്ട തന്നെ തെറ്റിക്കാന്‍ കഴിയുന്ന ആളാണ് ഇദ്ദേഹം. നമ്മുടെ ഭരണകൂടം എന്നും കോര്‍പ്പറേറ്റുകളുടെ കീഴില്‍ തന്നെയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് വഴങ്ങി കൊടുക്കുന്നവരാണ്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതികരണമാണ് ആദ്യം വേണ്ടത്.
തങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെ ചേരാനും ഇത്തരക്കാര്‍ തയ്യാറാണ്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അത്തരക്കാരെ നമുക്ക് ആവശ്യമില്ല.


വിളയോടി ശിവന്‍കുട്ടി, അയ്യങ്കാളിപ്പട നേതാവ്

ഇത്തരം പ്രശ്‌നങ്ങളും വിവാദങ്ങളും ഈ സര്‍ക്കാരിന്റെ കാലത്തുമാത്രമല്ല, എല്ലാ സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകുന്നതാണ്. കാഴ്ചപ്പാടനുസരിച്ച് മാറിവരുന്ന സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമല്ല ഇത്. കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തില്‍ നടന്നുവരുന്ന അല്ലെങ്കില്‍ കണ്ടുവരുന്ന പ്രവണതയാണിത്. ഏതെങ്കിലും ഒരു ലക്ഷണത്തിന് പ്രതികരിച്ചിട്ട് കാര്യമില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ പ്രശ്‌നമാണിത്.

ഭരണം കോര്‍പ്പറേറ്റുകളുടെ കീഴിലാകുന്നുവെന്നത് ഒരു പുതിയ കാര്യമല്ല. 1947 വരെ ഒന്നിലധികം സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശകേന്ദ്രമായിരുന്നു നമ്മുടെ രാജ്യം. 1947 ല്‍ അധിനിവേശത്തിനു ശേഷം ഈ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ വ്യവസ്ഥകള്‍ ഇവിടെ നിലനിര്‍ത്തിക്കൊണ്ട് രാജ്യംവിട്ടു. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ വ്യവസ്ഥിതി അടിമുടി മാറേണ്ടതുണ്ട്. സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെത്തന്നെ നിയന്ത്രിക്കുന്നത് അധിനിവേശശക്തികളുടെ പ്രതിനിധികളായ കോര്‍പ്പറേറ്റുകളാണ്. ഇപ്പോള്‍ പാര്‍ലമെന്റുപോലും സ്വകാര്യവല്‍കരിക്കുകയാണ്. സ്വകാര്യവല്‍കരിക്കപ്പെടുമ്പോള്‍ അത്തരം ഒരു സംവിധാനത്തിനകത്ത് കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഒരു സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിനകത്ത് തരുണ്‍ദാസിനെപ്പോലുള്ള ഒരാളെ നിയമിച്ചാല്‍ ആ സംവിധാനം അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ രണ്ടാമതാലോചിക്കേണ്ടി വരില്ല. തീര്‍ച്ചയായും അട്ടിമറിക്കപ്പെടും. തരുണ്‍ദാസിനെ ആസൂത്രണ കമ്മീഷന്‍ അംഗമായി നിയമിച്ചതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെയധികം തമാശ നിറഞ്ഞതാണ്. ഒരു മോഷ്ടാവ് ഒരിക്കലും താന്‍ മോഷ്ടിച്ചുവെന്ന് പറയില്ല. തന്നെയുമല്ല, ഏതെങ്കിലും ഒരു അഴിമതിക്കാരന്‍ താന്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചതായി അറിവുണ്ടോ? മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഇത്തരത്തിലേ കാണേണ്ടതുള്ളു. തരുണ്‍ദാസിനെപ്പോലൊരാള്‍ ഇരുട്ടില്‍നിന്നും പെട്ടെന്ന് ഒരു ദിവസം പൊങ്ങിവന്നതല്ല. പകല്‍വെളിച്ചത്തില്‍തന്നെയുണ്ടായിരുന്ന ആളാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു ലക്ഷണം കണ്ടിട്ട് അതിനോട് പ്രതികരിച്ചതുകൊണ്ട് കാര്യമായില്ല. നമ്മുടെ വ്യവസ്ഥിതിയിലാണ് മാറ്റം വരുത്തേണ്ടത്. ഇത്തരം ആളുകളെ നിയമിച്ചതിനെതിരെ പ്രതികരിക്കുന്നതിനു പകരം വ്യവസ്ഥയ്‌ക്കെതിരെയാണ് പ്രതികരിക്കേണ്ടത്. കാരണം തരുണ്‍ദാസിനെപ്പോലുള്ള ആളുകളെ നിയമിക്കുന്നത് ഇത്തരം വ്യവസ്ഥിതികളാണ്. ഇടക്ക് പൊങ്ങിവരുന്ന ഓരോ ലക്ഷണങ്ങള്‍ക്ക് മരുന്നുകഴിക്കുന്നതിന് പകരം കാരണത്തിനാണ് ചികില്‍സ നല്‍കേണ്ടത്.

ടി സിദ്ധിഖ്, യൂത്ത് കോണ്‍ഗ്രസ് നേതാവ്

കേരളത്തിലെ ആസൂത്രണ ബോര്‍ഡ് രാഷ്ട്രീയക്കാരെ കുടിയിരുത്താനുള്ള ഒരു കേന്ദ്രമായി മാറിയിരുന്നു. കേരളവികസനത്തിന് പ്രധാന തടസവും ഇതായിരുന്നു. നൂതന ടെക്‌നോളജിയെക്കുറിച്ചും, പുതിയ സംവിധാനങ്ങളെക്കുറിച്ചും അറിവുള്ള പ്രഫഷണല്‍സിനെ ഈ മേഖലയില്‍ ആവശ്യമാണ്. എന്നാല്‍ ആസൂത്രണ ബോര്‍ഡ് നിലവില്‍ വന്നതിനുശേഷം ഇതുവരെ ഇത്തരം കഴിവുകളുള്ളവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സമീപത്തിന് തിരുത്തല്‍ വരുത്തുകയാണ് തരുണ്‍ദാസിന്റെ നിയമനത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

ഇതുവരെ ആസൂത്രണ കമ്മീഷനില്‍ നിയമിക്കപ്പെട്ടവരുടെ നീണ്ട നിര എടുക്കുമ്പോള്‍ പുതിയ ഉപാധ്യക്ഷന്റെയും മറ്റംഗങ്ങളുടെയും കഴിവുകളും അവരുടെ മുന്‍ അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലെ അനുഭവവും മികവുറ്റതാണ്. കേരളത്തിലെ വ്യവസായത്തിന് ദിശാബോധം നല്‍കാന്‍ കഴിവുള്ളവരാണ് നിയമിക്കപ്പെട്ടവര്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് തരുണ്‍ദാസ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുന്‍നിര വ്യവസായ സംരംഭങ്ങളുമായും, ഈ മേഖലയിലെ പ്രശസ്തരുമായും അദ്ദേഹത്തിന് നല്ല ബന്ധങ്ങളുണ്ടാവും. ഇത് കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനാകും.

കോളാകമ്പനിയുടെ ഉപദേശകനായിരുന്നതും നീരാ റാഡിയ ടേപ്പുകളിലെ വിവാദവുമാണ് തരുണ്‍ദാസിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കോള കമ്പനി കേരളത്തില്‍ നിലവില്‍ വരുന്നത്. കൊക്കകോളക്കും പെപ്‌സിക്കും ജലമൂറ്റാനുള്ള അധികാരം നല്‍കിയതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. ഇതിനു പുറമേ ബംഗാള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഹാല്‍ഡിയ ഗ്രൂപ്പിന്റെ ചെയര്‍മാനായി അവിടുത്തെ സി.പി.ഐ.എം സര്‍ക്കാര്‍ തരുണ്‍ദാസിനെ നിയമിച്ചിരുന്നു. ബംഗാളിലെ വ്യവസായിക വികസനത്തിന് തരുണ്‍ദാസിനെ നിയമിക്കാമെങ്കില്‍ ഇവിടെ എന്തുകൊണ്ട് പറ്റില്ല?

അതിവേഗം ബഹുദൂരം, വികസനം കരുതലോടെ അതാണ് പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനം നയം. ഇതനുസരിച്ച് കൊച്ചിന്‍ മെട്രോ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുകയാണ്. മൂലം പള്ളി പദ്ധതി, എന്‍ഡോസള്‍ഫാന്‍, ചെങ്ങറ പോലുള്ള സെന്‍സിറ്റീവ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. വ്യാവസായ വളര്‍ച്ചക്കായി അടുത്തവര്‍ഷം എമര്‍ജിംങ് കേരള എന്ന പേരില്‍ ഇന്‍വെസ്റ്റ്‌മെന്റ് സംരംഭം കൊണ്ടുവരും. കേരളത്തിലെ ഇന്‍വെസ്‌റ്റേഴ്‌സ് ഫ്രണ്ട്‌ലി സംസ്ഥാനമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പ്രവര്‍ത്തനങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തരുണ്‍ദാസിനെ പോലെ കഴിവുള്ളവരുടെ സഹായം വേണം.

ആര്‍. ശ്രീധര്‍, ആക്ടിവിസ്റ്റ്

മുന്‍ കാലങ്ങളില്‍ കേരളത്തിന്റെ പ്രദേശിക കാര്യങ്ങളെ കുറിച്ച് ധാരണയുള്ള ആളുകളെയാണ് ആസൂത്രണ ബോര്‍ഡില്‍ നിയമിച്ചിരുന്നത്. പക്ഷെ ഇന്ന്് കോര്‍പ്പറേറ്റ് മാഫിയകളെയാണ് ഈ സ്ഥാനങ്ങളില്‍ നിയമിക്കുന്നത്. ഇത് അഴിമതിക്കാരായ കോര്‍പ്പറേറ്റുകളുടെ ഗൂഢ അജണ്ടയാണോ എന്നും സംശയമുണ്ട്. ആസത്രണ ബോര്‍ഡിലേക്ക് ഇങ്ങനെയുള്ള ആളുകളെ അന്വേഷിച്ച് കണ്ടെത്തുകയാണോ എന്നും സംശയിക്കുന്നു.

കൊക്കൊകോളയും എന്‍ഡോസള്‍ഫാനും പോലുള്ള പ്രാദേശികമായ സമരങ്ങളില്‍ കേരളം മാതൃകയായി കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള നീക്കം തീര്‍ത്തും അപലപനീയമാണ്.

Advertisement