Administrator
Administrator
വന്‍മരം വീണപ്പോള്‍ …
Administrator
Friday 30th October 2009 8:20am

തരുണ്‍ ബസു

indira-gandhi

ആ നിമിഷം; ഇന്ത്യ നടുങ്ങി, ലോകം ഞെട്ടിത്തരിച്ചു. 25 വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച രാവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ ഓഫീസില്‍ നിന്നിറങ്ങി തിരക്കിട്ട് നടക്കുമ്പോഴായിരുന്നു അത്. സിക്കുകാരായ രണ്ട് അംഗരക്ഷകരുടെ വെടിയേറ്റ് അവര്‍ നിലത്തു വീണു. ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് ചീറ്റി.  മരുമകള്‍ സോണിയാഗാന്ധിയും ഇന്ദിരയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ധവാനും പുറത്തേക്ക് ഓടി വന്നു. വെടിയേറ്റ് നിലത്തുവീണ ഇന്ദിരയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

പക്ഷെ 33 വെടിയുണ്ടകള്‍ ഗാന്ധിയുടെ ദേഹത്ത് തുളഞ്ഞു കയറിയിരുന്നു. ഉടന്‍ ഇന്ദിരയെയും കയറ്റി അംബാസിഡര്‍ കാര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കുതിച്ചു. ഓപറേഷന്‍ തിയേറ്ററില്‍ വെച്ച് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ പരാജയപ്പെടുന്ന പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന്. ആശുപത്രിയിലെത്തും മുമ്പ് തന്നെ ഇന്ദിര മരിച്ചിരുന്നുവെന്ന് ഒരു പോലീസ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ആ സത്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.

ബ്രിട്ടീഷ് എഴുത്തുകാരന്‍ പീറ്റര്‍ ഉഷ്റ്റിനോവിന് അഭിമുഖം നല്‍കാന്‍ പോവുകയായിരുന്നു ഇന്ദിര. അക്ബര്‍ റോഡ് 1ലെ പൂന്തോട്ടത്തില്‍ അയാള്‍ 9.30ന് ഇന്ദിരയെ കാണുന്നതിന് വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു. അന്ന് പ്രഭാതം കേട്ടത് കൊലയാളികളായ ആ വെടിയുണ്ടകളുടെ ശബ്ദമായിരുന്നു. അതിന്റെ പ്രതിധ്വനി ദല്‍ഹിയില്‍ മുഴങ്ങി.

ബിയാന്ത് സിങും സത്വന്ത് സിങുമായിരുന്നു ആ രണ്ട് അംഗരക്ഷകര്‍. രണ്ട് പേരെയും പോലീസ് പിടികൂടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബിയാന്ത് സിങ് മറ്റ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു. സത്വന്ത് സിങിനെ 1989ല്‍ കൊലക്കുറ്റത്തിന് തൂക്കിക്കൊന്നു.

1984ല്‍ സിക്കുകാരുടെ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ ഓപറേഷന് പ്രതികാരമായിരുന്നു ഇന്ദിരയുടെ ജിവന്‍. കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്ന ഇന്ദിരയുടെ മൂത്ത മകന്‍ രാജീവ് ഗാന്ധി, ക്യാബിനറ്റിലെ രണ്ടാമന്‍ പ്രണബ് മുഖര്‍ജി, യമന്‍ സന്ദര്‍ശനത്തിലായിരുന്ന പ്രസിഡണ്ട് സെയില്‍സ് സിങ് വാര്‍ത്തയറിഞ്ഞ് എല്ലാവരും ഉടന്‍ തന്നെ ദല്‍ഹിയിലേക്ക് കുതിച്ചു.

ഇന്ദിര കൊല്ലപ്പെട്ട അന്ന് രാത്രിയുടനീളം സംഘടിതരായ അക്രമികള്‍ ദല്‍ഹിയുടെ പല ഭാഗത്തും കലാപം അഴിച്ചുവിട്ടു. കലാപത്തിന് നേതൃത്വം കൊടുത്തവര്‍ പലരും കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആരോപണമുണ്ടായിരുന്നു. സിക്കുകാരെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കി. സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു. ഇന്ത്യാവിഭജനത്തിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയ കലാപമായിരുന്നു അത്.

അടുത്ത ദിവസവും രാജ്യം കരയുമ്പോള്‍ ദല്‍ഹി കത്തുകയായിരുന്നു. സിഖ് വിരുദ്ധ കലാപം ദല്‍ഹിയില്‍ നിന്നും സിഖ് കേന്ദ്രങ്ങളായ കാണ്‍പൂരിലേക്കും മീററ്റിലേക്കും രാംഘറിലേക്കും വ്യാപിച്ചു. ത്രിലോക്പുരി, തിലക് നഗര്‍, സീമാപുരി തുടങ്ങി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളിലും വെറുപ്പ് പ്രചരിച്ചു. സിഖ് കേന്ദ്രങ്ങളെല്ലാം അഗ്നിക്കിരയായി. പുരുഷന്‍മാരെ ജീവനോടെ ചുട്ടുകൊന്നു. സൗത്ത് ഡല്‍ഹിയിലെയും സിക്ക് ഗൃഹങ്ങള്‍ കലാപാഗ്നിയില്‍ നിന്ന് രക്ഷപ്പെട്ടില്ല. ബസുകള്‍ക്കും ട്രെയിനുകള്‍ക്കും നേരെ അക്രമമുണ്ടായി.

മൂന്ന് ദിവസം ദല്‍ഹിക്ക് ഭ്രാന്ത് പിടിച്ചു. അക്രമികളെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. അവസാനം നവംബര്‍ മൂന്നിന് ഭരണകൂടം കലാപ ബാധിത സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു. പക്ഷെ അപ്പോഴേക്കും 3,000 ജീവനുകള്‍ പൊലിഞ്ഞിരുന്നു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഒരു തലമുറക്ക് നികത്താനാകാത്തവിധം സിക്ക് സമുദായത്തിന് മാരകമായ മുറിവേറ്റു.

anti-sikh-riot-in-delhi

കുറച്ച് ദിവസത്തിനകം ഇന്ദിരാഗാന്ധിയുടെ മരണത്തില്‍ അനുശേചിത്തുകൊണ്ട് ചേര്‍ന്ന സമ്മേളനത്തില്‍ രാജീവ് ഗാന്ധി പറഞ്ഞു:’ വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും’. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ദിരയുടെ മരുമകള്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നു.

ബാങ്ക് ദേശസാത്കരണം, പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നയം തുടങ്ങിയവ ഇന്ദിരയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളായി വിലയിരുത്തപ്പെടുന്നു. പക്ഷെ 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ദിരയുടെ വിശ്വാസ്യതയില്‍ വന്‍ ഇടിവുണ്ടായിക്കി. 19 മാസക്കാലം അടിയന്തരാവസ്ഥ നീണ്ടു നിന്നു. ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഇന്ദിര പരാജയം സമ്മതിച്ചു. അടിയന്തരാവസ്ഥ ഉണ്ടാക്കിയ കറുത്ത പാടുകളില്‍ നിന്ന് മോചിതയാകാന്‍ ഇന്ദിരക്ക് പിന്നീട് കഴിഞ്ഞിരുന്നില്ല.

ചേരിചേരാ, കോമണ്‍വെല്‍ത്ത് ഉച്ചകോടികളില്‍ ഇന്ത്യന്‍ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ദിരക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിക്കുകാരുടെ വത്തിക്കാനില്‍ സൈനിക നടപടിക്ക് തുനിയുകയും മാസങ്ങള്‍ക്കകം അവര്‍ക്ക് അതിന് പകരം ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വരികയും ചെയ്തു.

(ഇന്ദിരഗാന്ധി കൊലയും അനുബന്ധ കലാപവും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് തരുണ്‍ബസു)

Advertisement