'തന്നെയും തിരുവള്ളുവരെയും കാവിവല്‍ക്കരിക്കാന്‍ നോക്കേണ്ട,ഞാനും തിരുവള്ളുവരും അവരുടെ ചതിയില്‍ വീഴില്ല'; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
national news
'തന്നെയും തിരുവള്ളുവരെയും കാവിവല്‍ക്കരിക്കാന്‍ നോക്കേണ്ട,ഞാനും തിരുവള്ളുവരും അവരുടെ ചതിയില്‍ വീഴില്ല'; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 2:39 pm

ചെന്നൈ: ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി രജനീകാന്ത് രംഗത്ത്. ബി.ജെ.പി തിരുവള്ളുവരെ പോലെ തന്നെയും കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘തിരുവള്ളുവരുടെ പ്രതിമയില്‍ കാവി ഷാള്‍ പുതപ്പിച്ചത് ബി.ജെ.പിയുടെ അജണ്ടയാണ്. ഇപ്പോഴിതെല്ലാം വെറുതെ ഊതിപെരുപ്പിച്ചുണ്ടാക്കിയതാണ്. വേറെ എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്.

എനിക്ക് തോന്നുന്നു ഇതൊരു ചെറിയ കാര്യമാണ്. തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചതുപോലെ അവരെന്നേയും കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഞാനും തിരുവള്ളുവരും അവരുടെ ചതിയില്‍ വീഴില്ല എന്നതാണ് സത്യം’-രജനികാന്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊന്‍രാധാകൃഷ്ണന്‍ രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി നേതാക്കളുമായി വേദി പങ്കിട്ട സാഹചര്യങ്ങളിലെല്ലാം രജനീകാന്ത് ബി.ജെ.പിയിലേക്കെന്ന വാദം ശക്തമായി പ്രചരിച്ചിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഐക്കണ്‍ അവാര്‍ഡ് ലഭിച്ചതോടെ രജനീകാന്ത് ബി.ജെ.പിയിലേക്കെന്ന പ്രചാരണം കടുത്തിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായിരിക്കുകയാണിപ്പോള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍ ഹാസന്റെ പുതിയ നിര്‍മാണക്കമ്പനിയുടെ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

കമല്‍ ഹാസന്‍ രാഷ്ട്രീയത്തിനൊപ്പം സിനിമയും കൊണ്ടു പോകുമെന്നും രജനി വ്യക്തമാക്കി. തങ്ങളെ തമ്മില്‍ തെറ്റിക്കാനാവില്ലെന്ന് കമല്‍ ഹാസനും വ്യക്തമാക്കി.