ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കനത്ത മഴ; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 8:59pm

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

കനത്ത മഴയെ തുടര്‍ന്ന് അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ക്കു മാറ്റമില്ല.

മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലും അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജുകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 12നു രാവിലെ മുതല്‍ വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങളാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നത്. പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്നും കലക്ടര്‍ അറിയിച്ചു.

Advertisement