റെന്‍സ ഇഖ്ബാല്‍
റെന്‍സ ഇഖ്ബാല്‍
Governance and corruption
ഗതാഗതകുരുക്കില്‍ കുരുങ്ങി വയനാട് ചുരം
റെന്‍സ ഇഖ്ബാല്‍
Friday 12th January 2018 8:27pm

കഴിഞ്ഞ ഒക്ടോബറിലാണ് പന്ത്രണ്ടു വയസ്സുകാരി വയനാട് ചുരത്തില്‍ ആംബുലന്‍സില്‍വച്ച് മരണപ്പെട്ടത്. നീണ്ട റോഡ് ബ്ലോക്ക് കാരണം സമയത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാത്തതിനാലാണ് കുട്ടിയുടെ മരണമെന്നാണ് അടിവാരം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ബഷീര്‍ പറയുന്നത്. മരണത്തിനുശേഷം ചുരത്തില്‍ നിന്നുതന്നെ തിരിച്ച് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയെന്നും ബഷീര്‍ പറയുന്നു.

മികച്ച ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവത്തില്‍ വാഹനാപകടങ്ങള്‍, തീപൊള്ളല്‍, തെരുവുനായ ആക്രമണം, വന്യജീവി ആക്രമണം തുടങ്ങി വയനാട് നിത്യേന അഭിമുഖീകരിക്കുന്ന ചികിത്സാ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. ‘ചുരം റോഡില്‍ എന്നും പണി നടക്കുന്നതിനാല്‍ ഇതു വഴി ആളുകളെ വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിക്കാന്‍ വളരെ അധികം ബുദ്ധിമുട്ടാണ്, പലപ്പോഴും അഞ്ചും പത്തും മിനിറ്റ് ഒരേ സ്ഥലത്തു ഗതാഗത കുരുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് ബഷീര്‍ വിശദീകരിക്കുന്നു.

 

 

കഴിഞ്ഞ മൂന്ന് മാസമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചുരത്തിന്റെ അവസ്ഥ ഈയിടെയാണ് രൂക്ഷമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എല്ലാദിവസവും ഇവിടെ ഗതാഗത തടസ്സം ഉണ്ടാകാറുണ്ടെന്നും, പതിനാറും ഇരുപതും ചക്രങ്ങളുള്ള ചരക്കു ലോറികളും, സ്‌കാനിയ പോലെയുള്ള ബസ്സുകളും ഗട്ടറിലും വളവിലും കുടുങ്ങി ഗതാഗത കുരുക്കുകള്‍ സൃഷ്ടിക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ പക്ഷം. ഒരു ബ്ലോക്ക് സൃഷ്ടിക്കുന്ന കുരുക്കഴിയാന്‍ ഏകദേശം മൂന്ന്-നാല് മണിക്കൂര്‍ എടുക്കും. വയനാട്ടില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുംവരെ പോകുന്നവര്‍ ഈ സമയം കൂടി കണക്കാക്കി വേണം വീട്ടില്‍ നിന്നിറങ്ങാന്‍. ‘ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന വലിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് നിയന്ത്രിക്കുക എന്നതാണ് ഇത് ഒഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. അവര്‍ക്കു മംഗലാപുരം വഴിയോ നിലമ്പൂര്‍ വഴിയോ പോകാവുന്നതാണ്.’ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ ഫീല്‍ഡ് ഓഫീസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അരുള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചുരം ഉപയോഗപ്രദമാക്കാനുള്ള പ്രവൃത്തികളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റ് വനഭൂമി വിട്ടു തന്നാല്‍ മാത്രമെ ഇന്റര്‍ലോക്ക് പാകി ശാശ്വതമായ പരിഹാരം കാണാനാവൂ എന്നാണ് പി.ഡബ്ല്യൂ.ഡി ഓവര്‍സീയറായ സലീം പറയുന്നത്. എന്നാല്‍ പോലും ബദല്‍ റോഡ് ഉണ്ടാവുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം കാര്യക്ഷമമായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തുകയാണെങ്കില്‍ നിലവിലുള്ള ചുരം തന്നെ മതിയെന്നാണ് അരുള്‍ പറയുന്നത്. ‘ശാസ്ത്രീയമായ രീതിയില്‍ ഇന്റര്‍ലോക്ക് പാകിയാല്‍ ദീര്‍ഘകാലം ഗുണം ചെയ്യും. വനഭൂമി വിട്ടുകിട്ടാത്തത് കൊണ്ടാണ് ഇന്റര്‍ലോക്ക് പാകാത്തതെന്നത് വെറും മുട്ടുന്യായങ്ങളാണ്. നിലവിലുള്ള റോഡില്‍ എന്തുകൊണ്ട് അത് ചെയ്തുകൂടാ?’

സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായാണ് ഉദ്യോഗസ്ഥര്‍ ഇതിനു തയ്യാറാകാത്തതെന്നും അരുള്‍ പറയുന്നു.’ ഇന്റര്‍ലോക്ക് പാകി കഴിഞ്ഞാല്‍ പിന്നെ അറ്റകുറ്റ പണികളുടെ ആവശ്യം കുറയും, കൂടെ അവരുടെ വരുമാനവും.’ ചുരം നന്നാവരുത് എന്ന് താല്പര്യമുള്ള കുറെ ആളുകളുണ്ടെന്നും ചുരത്തെ കാലങ്ങളായിട്ടു ഒരു കറവപശുവായി കൊണ്ടുനടക്കാനാണ് ഇവര്‍ക്ക് താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമമാത്രമായി കുറെ ടാറിട്ടു എന്നല്ലാതെ സമയബന്ധിതമായിട്ട് ചുരത്തിലെ റോഡ് നന്നാകണം എന്ന ഉദ്ദേശത്തില്‍ ഇവിടെ ഒരു പണിയും നടന്നിട്ടില്ലെന്നാണ് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റി അംഗവും മാധ്യമപ്രവര്‍ത്തകനുമായ സൈദും പറയുന്നത്. ‘ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ മാത്രമേ ചുരം നന്നാവുകയുള്ളു.’ സൈദ് പറയുന്നു.

ഒന്‍പതു വളവുകളുള്ള റോഡില്‍ ആകെ മൂന്നെണ്ണത്തിലാണ് നിലവില്‍ ഇന്റര്‍ലോക്ക് ഇട്ടിട്ടുള്ളത്. ചുരം സംരക്ഷണ സമിതിയുടെ സെക്രട്ടറിയായ സുകുമാരന്‍ പറയുന്നത് ചുരത്തിലെ അറ്റകുറ്റ പണികള്‍ ഇപ്പോള്‍ ആറാം വളവു കഴിഞ്ഞുവെന്നാണ്. വര്‍ഷത്തില്‍ വിവിധ സമയങ്ങളിലായി ഏകദേശം 165 ദിവസം ഇവിടെ പണി നടക്കുന്നു. മഴക്കാലത്ത് ഭിത്തിയുമായി ബന്ധപ്പെട്ട പണികളും നടക്കുന്നു. 2012 ലാണ് രണ്ടാം വളവും നാലാം വളവും ഇന്റര്‍ലോക്ക് പാകിയത്, അതിനു ശേഷം ശാശ്വതമായ പരിഹാരം ഒന്നും തന്നെ ചെയ്തു കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡും വനഭൂമി വിട്ടു കിട്ടാത്തതിന്റെ പേരില്‍ പണി സ്തംഭിച്ചു പോയതാണ്. മരുതിലാവു-തളിപ്പുഴ റോഡ് വരുന്നതോടുകൂടി യാതൊരു വിധത്തിലുള്ള ഗതാഗത പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും സുകുമാരന്‍ അഭിപ്രായപ്പെട്ടു.

തീരാത്ത അറ്റകുറ്റ പണികള്‍ക്കിടയില്‍ ഒരു ബദല്‍ പാതക്കായുള്ള ആവശ്യം ശക്തമാണ്. ചുരം സംരക്ഷണ സമിതി, ആക്ഷന്‍ യൂത്ത് ഫോഴ്സ്, ചുരം ഡെവലപ്മെന്റ് ഫോറം തുടങ്ങി നിരവധി സംഘടനകള്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതേസമയം ഉള്ള റോഡ് ബലപ്പെടുത്തുക നിലവിലെ സാഹചര്യത്തിനു പരിഹാരമെന്നാണ് അരുള്‍ പറയുന്നത്. ‘നാല് ചുരങ്ങളുണ്ട് വയനാടിന് ചുറ്റും. പശ്ചിമഘട്ടത്തിന്റെ നെഞ്ച് കീറിപ്പൊളിച്ചുകൊണ്ടാണ് ബദല്‍ റോഡ് വരിക.’ വയനാടിന് ചുറ്റും നാല് ചുരം നിലനില്‍ക്കെ എന്തിനാണ് ഇനിയൊരു ബദല്‍ റോഡ് എന്നാണ് അരുള്‍ ചോദിക്കുന്നത്.

കോഴിക്കോട് ജില്ലയുമായി വയനാടിനെ ഏറ്റവും എളുപ്പം ബന്ധിപ്പിക്കുന്നതാണ് മരുതിലാവ്-തളിപ്പുഴ ബദല്‍ റോഡ്. 23 കിലോമീറ്റര്‍ വരുന്ന ഈ റോഡില്‍ 8.94 കിലോമീറ്റര്‍ വനമാണ്. നിര്‍മാണച്ചെലവ് 51.31 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. തുടര്‍നടപടികള്‍ ഒന്നും ഇല്ലാത്തതിനാലാണ് അത് മുടങ്ങിക്കിടക്കുന്നതെന്നാണ് ആക്ഷന്‍ യൂത്ത് ഫോഴ്‌സിന്റെ കോര്‍ഡിനേറ്ററായ ഷാഹിദ് പറയുന്നത്. ’22 വര്‍ഷമായി വയനാട് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്ക് പോകുമ്പോള്‍ 16 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും.’

1987 ലാണ് റോഡ് നിര്‍മാണം തുടങ്ങിയത്. 27.25 കിലോമീറ്റര്‍ നീളമുള്ള ബദല്‍ റോഡില്‍ 14.285 കിലോമീറ്ററിലാണ് ഇതുവരെ നിര്‍മാണം നടന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് സൗജന്യമായി ലഭിച്ച ഭൂമിയിലാണ് പ്രവൃത്തി. 9.60 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. പൂഴിത്തോട് നിന്ന് 3.20 കിലോമീറ്റര്‍ വരെയുള്ള റീച്ചിന് 65 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. ബജറ്റില്‍ ഒരു കോടി രൂപയും ഇതിനു വേണ്ടി വകകൊള്ളിച്ചു. മേല്‍ നോട്ടത്തിനായി വടകര ആസ്ഥാനമാക്കി ചുരം ഡിവിഷന്‍ ഓഫീസും തുറന്നു. 1994 സെപ്റ്റംബര്‍ 23ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ പൂഴിത്തോട്ടിലും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറ നിന്നും വനാതിര്‍ത്തി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വനത്തിലൂടെയുള്ള 12.940 മീറ്ററാണ് ഇനി നിര്‍മിക്കാന്‍ ബാക്കി. അതേസമയം വയനാട് ചുരത്തിനു വേണ്ടിയുള്ള ഓഫീസ് എന്തുകൊണ്ട് വടകരയില്‍ സ്ഥാപിച്ചു എന്ന പ്രസക്തമായ ചോദ്യവും പരിസ്ഥിതിപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ചിപ്പിലിത്തോട്-തളിപ്പുഴ ബദല്‍ റോഡ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തങ്ങള്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ സൈദ് പറയുന്നു. ‘വയനാട് ചുരം റോഡ് ദീര്‍ഘകാലമായി അവഗണിക്കപ്പെടുന്നു. ചുരം വയനാടിനോട് ചേര്‍ക്കണം എന്നതാണ് ഞങ്ങളുടെ ഒരു പ്രധാന ആവശ്യം. നിലവില്‍ ചുരം സംബന്ധിച്ചുള്ള കാര്യനിര്‍വ്വഹണം നടക്കുന്നത് കോഴിക്കോടാണ്. വയനാടിന്റെ ജീവിതപാതയാണ് ഈ ചുരം. ചുരം വയനാടിന്റെ അധീനതയില്‍ വരുന്നതോടുകൂടി അത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവും.’ ഒരു പൊലീസിനെ പോലും ഇവിടെയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ വേണ്ടി നിര്‍ത്തിയിട്ടില്ല എന്നത് അധികൃതര്‍ ചുരത്തിന്റെ വിഷയം ആവശ്യത്തിന് ഗൗരവത്തോടെ കാണുന്നില്ലെന്നതിന്റെ ഉദാഹരണമാണെന്നും സൈദ് പറയുന്നു. മഴക്കാലത്ത് മണ്ണിടിച്ചില്‍ മൂലം ഉണ്ടാവുന്ന തടസ്സങ്ങളും ഗതാഗതത്തെ കാര്യമായി ബാധിക്കുന്നു.

 

 

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയും സജീവ ചര്‍ച്ചകളുടെ ഭാഗമാണ്. തിരുവമ്പാടി മറിപ്പുഴ എത്തിനില്‍ക്കുന്ന പൊതുമരാമത്ത് റോഡില്‍ നിന്ന് സ്വര്‍ഗംകുന്ന് വരെ പുതിയ റോഡുണ്ടാക്കണം. അവിടെ നിന്ന് വയനാട്-തൊള്ളായിരം ഭാഗത്തേക്ക് പാറതുരന്ന് 5.63 കിലോമീറ്റര്‍ ദൂരത്തില്‍ 15 മീറ്റര്‍ വീതിയില്‍ തുരങ്കത്തിലൂടെ കോണ്‍ക്രീറ്റ് പാത നിര്‍മിച്ചിട്ടു വേണം തുരങ്കപാത പണിയാന്‍. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ തുരങ്കപാത നിര്‍മിക്കാന്‍ സാധിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്ന. ഈ പദ്ധതി സാക്ഷാത്കരിക്കപ്പെട്ടാല്‍ വയനാട് ചുരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. എം.എല്‍.എ ജോര്‍ജ് എം. തോമസും സി.കെ ശശീന്ദ്രനും ഇതിനുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. 200 കോടി രൂപയാണ് തുരങ്കപാതയുടെ നിര്‍മ്മാണ ചിലവായി കണക്കാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഡിസംബറില്‍ വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എം.എസ് യൂസുഫിന്റെ പരാതിയില്‍ ഐ.പി.സി 283, 336 പ്രകാരം പൊട്ടി പൊളിഞ്ഞ ദേശീയപാത മനുഷ്യജീവനു അപകടമുണ്ടാക്കുംവിധം തകരാറിലായിട്ടും യാതൊരു നടപടിയുമെടുക്കാത്ത എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കുമെതിരെ വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതി പ്രകാരം കേസെടുത്തിരുന്നു.

‘ചുരം പോലെ പരിസ്ഥിതി ലോല പ്രദേശത്തു വാഹന ഗതാതം തന്നെ പൂര്‍ണമായി നിരോധിക്കേണ്ടതാണ്. നിരോധിക്കാന്‍ നിര്‍വാഹമില്ലെങ്കിലും വലിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് ഭരണകൂടം കൈക്കൊള്ളേണ്ട നടപടിയാണ്. എന്നാല്‍ മാത്രമേ വലിയ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരം ആവുകയുള്ളൂ’ എന്ന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ കൂടിയായ അരുള്‍ പറയുന്നു.

റെന്‍സ ഇഖ്ബാല്‍
Advertisement