ബി.ജെ.പിയുടെ ഹമാസ് വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ല: താമരശ്ശേരി ബിഷപ്പ്
Kerala News
ബി.ജെ.പിയുടെ ഹമാസ് വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ല: താമരശ്ശേരി ബിഷപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 9:02 am

കോഴിക്കോട്: ബി.ജെ.പി നടത്തുന്ന ഹമാസ് വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനി. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും അതിനെതിരാണ്. ഫലസ്തീനുമായി ബന്ധപ്പെട്ട് ആര് പരിപാടി നടത്തിയാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി അടിവാരത്ത് സംഘടിപ്പിടിപ്പിച്ച ജനകീയ സംഗമത്തില്‍ പങ്കെടുക്കവേ മാധ്യമങ്ങളോടാണ് താമരശ്ശേരി ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.

ഡിസംബര്‍ രണ്ടിന് കോഴിക്കോട് നടത്തുന്ന ഇസ്രഈല്‍ അനുകൂല പരിപാടിയില്‍ ക്രിസ്ത്യന്‍ പുരോഹിതരെ ക്ഷണിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് മുതലക്കുളത്താണ് പരിപാടി നടക്കുക.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടകന്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.

നവംബര്‍ 23ന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്‌ക്വയറില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മറ്റ് സാമൂഹിക-സാംസ്‌കാരിക-മത രംഗത്തെ പ്രമുഖരും റാലിയില്‍ പങ്കുചേരും.

കഴിഞ്ഞ് നവംബര്‍ 11ന് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഫല്‌സ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടന്നിരുന്നു.

Content Highlight: Thamarassery Bishop will not participate in anti-Hamas rally held by BJP